Tuesday 18 October 2016

ഏകീകൃത വ്യക്തിനിയമ വിവാദം ഉയരുന്ന ഉത്കണ്ഠകളും.



ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാജ്യത്ത്‌ നിയമപരിഷ്കാരത്തിനായി കേന്ദ്രസർക്കാരും ലോ കമ്മിഷനും ഇപ്പോൾ നടത്തിവരുന്ന ചർച്ചകൾ വ്യക്തിനിയമം ഏകീകരിക്കുന്നതിനും ജനങ്ങൾക്കിടയിൽ യോജിപ്പ്‌ ഉറപ്പുവരുത്തുന്നതിനും പകരം സമൂഹത്തെ കടുത്ത വിയോജിപ്പിലേയ്ക്കും ഭിന്നിപ്പിലേയ്ക്കും തള്ളിനീക്കുന്നു. മുസ്ലിം വനിതകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ അക്കാര്യത്തിലുള്ള നിലപാട്‌ ആരാഞ്ഞ സുപ്രിംകോടതിയോട്‌ ഒക്ടോബർ 7 ന്‌ ശരിയത്തിന്റെ അടിസ്ഥാനത്തിലുള്ള മുത്തലാക്കിനോടുള്ള എതിർപ്പ്‌ അവർ അറിയിക്കുകയുണ്ടായി.

ഇവിടെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ്് പാകിസ്താന്‍ ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ കുടുംബനിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ബില്‍ പാസാക്കിയത്. സാമ്പത്തികമായും സാംസ്കാരികമായും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതര പൗരസമൂഹത്തിന്‍േറതില്‍നിന്ന് വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
 
 

1961 ലെ കാനേഷുമാരി കണക്കുകൾക്ക്‌ ശേഷം ബഹുഭാര്യത്വം സംബന്ധിച്ച്‌ ആശ്രയിക്കാവുന്ന കണക്കുകൾ ഒന്നുംതന്നെ ലഭ്യമല്ല. അന്നത്തെ കണക്കുകൾ സൂചിപ്പിക്കുന്നതാകട്ടെ ബഹുഭാര്യാത്വം ഏറ്റവും കുറവ്‌ മുസ്ലിംങ്ങൾക്കിടയിലാണെന്നതാണ്‌. അത്‌ കേവലം 5.7 ശതമാനം മാത്രം. എന്നാൽ ഭൂരിപക്ഷ ഹിന്ദു സമുദായത്തിൽ 5.8 ശതമാനം ബഹുഭാര്യാത്വം നിലനിന്നിരുന്നു. ബുദ്ധമതം 7.9, ജൈനർ 6.7, ആദിവാസികൾ 15.25 എന്നീ തോതിലാണ്‌ അന്ന്‌ ബഹുഭാര്യാത്വം നിലനിന്നിരുന്നത്‌. മത നിയമങ്ങളില്‍ കടന്നു കൂടിയ പ്രാകൃത നിയമങ്ങളെ എതിര്‍ക്കുകയും, ഭൂരിപക്ഷ വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും വേണം.

BRICS അവസാനിക്കുമ്പോള്‍.

 
 
തുല്യനീതിയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ലോകക്രമത്തിനായി നിലകൊള്ളുന്ന ‘ബ്രിക്സി’ന്റെ എട്ടാം ഉച്ചകോടി ഗോവയിൽ സമാപിച്ചിരിക്കുകയാണ്. പാകിസ്താനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിനോട് ഐക്യപ്പെട്ടില്ല. എങ്കിലും ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി ഐക്യരാഷ്ട്രസഭ എത്രയുംവേഗം പാസാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനൊപ്പം ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും നിലകൊണ്ടു.

മുൻവർഷങ്ങളിൽ സാമ്പത്തിക മേഖലയിലെ പരസ്പരസഹകരണം ബലപ്പെടുത്തുന്നതിന് ഊന്നൽ നൽകിയിരുന്ന ‘ബ്രിക്സ്’ ഭീകരതയ്ക്കെതിരെ പ്രഖ്യാപനത്തിലെത്തിയത് കാലത്തിനുയോജിച്ച മാറ്റമാണ്.
കൃഷി, റെയിൽവേ മേഖലകളിലെ ഗവേഷണം, ബ്രിക്സ് ബാങ്കിന്റെ വിപുലീകരണം, സാമ്പത്തിക ഗവേഷണത്തിനും വിശകലനത്തിനുമുള്ള സംവിധാനം തുടങ്ങിയ മേഖലകളിൽ യോജിച്ചു മുന്നോട്ടുപോകാനും ബ്രിക്സ് ബാങ്കും അംഗരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും തമ്മിൽ സഹകരിക്കാനും ഉച്ചകോടി ധാരണയായിട്ടുണ്ട്.കാർബൺരഹിത ഊർജത്തിലേക്കുള്ള യാത്രയിൽ ആണവോർജം ഇന്ത്യക്ക് ആവശ്യമാണെന്ന വസ്തുത അവ അംഗീകരിച്ചു.

ഇറാഖും സിറിയയും ലിബിയയും കടന്ന് മറ്റുരാജ്യങ്ങളിലേക്കും പടരുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ പിടിച്ചുകെട്ടേണ്ടതിന്റെയും ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി അംഗീകരിച്ച ജബാത്ത് അൽ നുസ്രപോലെയുള്ളവയെ എതിർത്തു തോല്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ പ്രഖ്യാപനം ഊന്നി പറഞ്ഞത്. ഭീകരതയെ ഇപ്പോഴും വ്യക്തമായി നിർവചിച്ചിട്ടില്ലാത്ത ഐക്യരാഷ്ട്ര പൊതുസഭയെക്കൊണ്ട് ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി അംഗീകരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ബ്രിക്സിന് മുമ്പിലുണ്ട്.

Saturday 1 October 2016

ഇന്ത്യയുടെ തിരിച്ചടി, നാം ഓര്‍ക്കേണ്ടത്.

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണം നാട്ടില്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ട്ടികളും നേതാക്കളും സര്‍ക്കാര്‍ നടപടിക്ക് പിന്തുണ അറിയിച്ചു. ഉറി ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ് ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കമാന്‍ഡോ സംഘം ശത്രുപാളയത്തിലേക്ക് വെടിയുണ്ടയും ഷെല്ലും ഉതിര്‍ത്തത്. മുപ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.



 പാകിസ്താന്‍ ചോദിച്ചുവാങ്ങിയതാണിത്. ഉറി ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ളെന്ന് ആ രാജ്യം വാദിക്കുന്നുണ്ടെങ്കിലും സമീപകാലത്തായി നടന്ന തീവ്രവാദി അതിക്രമങ്ങള്‍ തടയാന്‍ അവര്‍ മനസ്സുവെച്ചില്ല എന്നത് വസ്തുതയാണ്. ഉറി ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ, ഒന്നുകില്‍ ഭീകരരെ പാകിസ്താന്‍ അയക്കുകയാണ് അല്ളെങ്കില്‍ അവരെ തടയാന്‍ ആ രാജ്യം ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാക്കേണ്ടിവന്നു.

 നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ശക്തമായ മുന്നറിയിപ്പാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം, കൂടുതല്‍ സൈനിക നടപടി തല്‍ക്കാലം ഉദ്ദേശിക്കുന്നില്ളെന്നും ആണവായുധ പ്രയോഗം ആലോചിക്കുന്നില്ളെന്നും വിവിധ ഘട്ടങ്ങളില്‍ പ്രധാനമന്ത്രി മോദിയും മറ്റും വ്യക്തമാക്കിയത്, വെറും വൈകാരികതയല്ല നമ്മെ നയിക്കുന്നതെന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് സൈനിക നടപടിയെക്കാള്‍ മുന്‍ഗണന കൊടുത്തതും വിവേകപൂര്‍വമാണ്. എന്നാല്‍, ഇരുപക്ഷത്തും ആസൂത്രിതമായി വളര്‍ത്തപ്പെടുന്ന യുദ്ധജ്വരം നല്ല ലക്ഷണമല്ല. രാഷ്ട്രീയമായി പരിഹരിക്കേണ്ട തര്‍ക്കങ്ങള്‍ ഭീകരതയിലേക്കും ഏറ്റുമുട്ടലിലേക്കും നയിക്കാതെ നോക്കേണ്ട ബാധ്യത പാകിസ്താനുണ്ട്.ഇനിയും ഒരു യുദ്ധം ഇരു രാജ്യങ്ങളിലെ ജനവും ആഗ്രഹിക്കുന്നില്ല.

Wednesday 28 September 2016

തെരഞ്ഞെടുപ്പുകള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍



തെരഞ്ഞെടുപ്പുകളിൽ ധനശക്തിക്ക്‌ വർധിച്ചുവരുന്ന അമിത പ്രാധാന്യത്തെപ്പറ്റിയും തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെപ്പറ്റിയും പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപി ദേശീയ കൗൺസിൽ യോഗവേളയിൽ കോഴിക്കോട്‌ പ്രസ്താവിക്കുകയുണ്ടായി. ആ ദിശയിൽ പരിഗണനാർഹവും ഗൗരവതരവുമായ നിരവധി നിർദ്ദേശങ്ങൾ ഇക്കാര്യത്തെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട ഔദ്യോഗികവും അനൗദ്യോഗികവുമായ പല സമിതികളും അവയുടെ റിപ്പോർട്ടുകളിൽ മുന്നോട്ടു വയ്ക്കുന്നുമുണ്ട്‌.

2014 ലെ പൊതു തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ കേവലം 31 ശതമാനം മാത്രം നേടി ലോക്സഭയിൽ 52 ശതമാനം സീറ്റുകൾ കൈവശപ്പെടുത്താൻ അവസരമൊരുക്കിയ തെരഞ്ഞെടുപ്പ്‌ സംവിധാനം മാറ്റണമെന്ന്‌ മോഡിയും ബിജെപിയും ആവശ്യപ്പെടുമെന്ന്‌ കരുതുക മൗഢ്യമാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന്‌ നടന്ന ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുഫലങ്ങളും ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളും ബിജെപിയിൽ കടുത്ത ആശങ്കയ്ക്കും അങ്കലാപ്പിനും വഴിവച്ചിട്ടുണ്ട്‌.

അതുകൊണ്ടാണ്‌ ‘ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്‌’ എന്ന പേരിൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനെപ്പറ്റിയുള്ള ചർച്ചകളെ മോഡി സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്‌.  അത്‌ ഫലത്തിൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബഹുസ്വരതയെയും ഫെഡറൽ രാഷ്ട്രത്തേയും തകർത്ത്‌ ഏകീകൃത രാഷ്ട്രവും സ്വേച്ഛാധികാരവും ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌. അവിടെയാണ്‌ ജനാധിപത്യപരമായ സർവകക്ഷി കൂടിയാലോചനകളുടെയും മൗലികമായ തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളുടെയും പ്രസക്തി.

സിറിയന്‍ പ്രതിസന്ധി.



സിറിയയില്‍ അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടു. താല്‍ക്കാലികമായെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി സിറിയയില്‍ തുടരുന്ന ദയാരഹിതമായ രക്തച്ചൊരിച്ചിലുകളും അഭയാര്‍ഥിപ്രവാഹവും തുടരുക തന്നെ ചെയ്യും.

 സെപ്റ്റംബര്‍ 17ന് അമേരിക്കയുടെ വ്യോമസേന ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന പേരില്‍ ബോംബിട്ടത് ബശ്ശാറിന്‍െറ സൈനികര്‍ക്കുനേരെ ആയിരുന്നെന്നും വെടിനിര്‍ത്തല്‍ കരാറില്‍നിന്ന്് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അലപ്പോയിലേക്ക് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന സന്നദ്ധ സംഘങ്ങളുടെ വാഹനങ്ങളെ ആക്രമിച്ചുകൊണ്ട്  സിറിയന്‍ സേന പുതിയ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സേന റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ  കിഴക്കന്‍ അലപ്പോയിലെ ആക്രമണം ശക്തമാക്കി.

വെടിനിര്‍ത്തലിന്‍െറ പരാജയം തെളിയിക്കുന്നത് സിറിയയിലെ പൗരസമൂഹത്തെ സംരക്ഷിക്കാനോ അവര്‍ക്ക് സുരക്ഷ നല്‍കാനോ ആര്‍ക്കും സാധ്യമല്ളെന്നുതന്നെയാണ്. ബശ്ശാര്‍ അല്‍ അസദിനെ യുദ്ധക്കുറ്റവാളിയായി  പ്രഖ്യാപിക്കാന്‍ യു.എന്‍ അടിയന്തര രക്ഷാസമിതിക്ക് സാധിക്കുമോ എന്ന ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു സിറിയന്‍ പ്രതിസന്ധിയുടെ  പരിഹാരത്തിന്‍െറയും ഉത്തരം

ഇനിയും ഒരു യുദ്ധമോ?

സപ്തംബര്‍ 18നു ജമ്മുകശ്മീരിലെ ഉറിയില്‍ സ്ഥിതിചെയ്യുന്ന സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം നടുക്കമുളവാക്കുന്നതാണ്.ഒരു യുദ്ധത്തിനു കാരണമാകും വിധം പ്രകോപനപരംആയിരുന്നുഅത്.



 ഗുരുതരമായ ആഭ്യന്തര കുഴപ്പങ്ങള്‍ നേരിടുന്ന പാകിസ്താനിലെ ഭരണവര്‍ഗത്തിന് യുദ്ധം പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചെന്നു വരും. എന്‍ഡിഎ ഭരണകൂടമാവട്ടെ വരുന്ന പൊതുതിരഞ്ഞെടുപ്പിനു മുമ്പായി തീവ്രരാജ്യസ്‌നേഹത്തിനു തീകൊളുത്തുന്നതില്‍ മടിയുള്ളവരല്ലതാനും.

കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും കശ്മീരികളെ വിശ്വാസത്തിലെടുത്തും പരിഹരിക്കാനാണു നാം ശ്രമിക്കേണ്ടത്.   ഇന്ത്യയെ ആക്രമിച്ചാല്‍ തിരിച്ചു ആക്രമിക്കില്ല എന്നും, അതിര്‍ത്തി കടന്നു ആക്രമിക്കില്ല എന്നും ഉള്ള പാകിസ്ഥാന്‍റെ ധാരണ തിരുത്തപ്പെടണം.

Wednesday 7 September 2016

കായീക മേഖലയിൽ വേണ്ടത് പുതു വിപ്ലവം


റിയോ ഒളിംപിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വലിയ പ്രഖ്യാപനം വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. അടുത്ത മൂന്ന് ഒളിംപിക്‌സുകള്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ ഒരുക്കം വേണമെന്നും ഇതിനായി സംഘടിത പ്രവര്‍ത്തനം വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവന നല്ലത് തന്നെ. പക്ഷേ പ്രസ്താവനയില്‍ ഒരു പുതുമയുമില്ല. ഒളിംപിക്‌സുകള്‍ പോലെ വലിയ മാമാങ്കങ്ങള്‍ കഴിയുന്ന സമയങ്ങളില്‍ നിരന്തരം കേള്‍ക്കുന്ന വാക്കുകളാണിത്.

റിയോ ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍ 118 പേര്‍. ആകെ ലഭിച്ചത് രണ്ട് മെഡലുകള്‍. ഷൂട്ടിങ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ് തുടങ്ങിയ ഇനങ്ങളെല്ലാം ഇന്ത്യക്ക് വ്യക്തമായ സാധ്യതകളുള്ള കായിക ഇനങ്ങളാണ്. 

800 മീറ്ററില്‍ വലിയ സാധ്യത കല്‍പ്പിച്ചിരുന്ന ടിന്റു ലൂക്കയും നിരാശപ്പെടുത്തി. ഹരിയാനയില്‍ നിന്നുള്ള മന്ത്രി സംഘം ഒരു കോടിയാണ് റിയോ കാഴ്ചക്കായി ചെലവഴിച്ചത്. ഇത്തരം ദുര്‍വ്യയങ്ങള്‍ അവസാനിപ്പിച്ച് ജാഗ്രതയുടെ ട്രാക്കില്‍ നമ്മുടെ താരങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. അധികാരികള്‍ മെച്ചപ്പെട്ടാല്‍ താരങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും. 

തിന്നാനെന്ത്? ഡാറ്റയോ ആട്ടയോ

പ്രധാനമന്ത്രിയെതന്നെ പരസ്യത്തിന് ഉപയോഗിച്ച് അംബാനിയുടെ റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് മൊബൈല്‍ കാള്‍ നിരക്കില്‍ അഭൂതപൂര്‍വമായ നിരക്കിളവുമായി പുതിയ ഉല്‍പന്നം പുറത്തിറക്കിയപ്പോള്‍ ലാലുപ്രസാദ് യാദവ് നടത്തിയ പ്രതികരണം വെറും തമാശയല്ല. 

കഴിഞ്ഞദിവസം വിവരസാങ്കേതികവിദ്യയില്‍ പുതിയ സര്‍ക്കാറുണ്ടാക്കിയ നേട്ടങ്ങള്‍ വിവരിച്ച കേന്ദ്ര നിയമകാര്യ, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പാവപ്പെട്ടവര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങാനായതും ആ അക്കൗണ്ടിനെ ആധാറുമായും അതിനെ ഇന്‍റര്‍നെറ്റുമായും ബന്ധിപ്പിച്ചതുമൊക്കെ ഭരണപുരോഗതിയായി എടുത്തുകാട്ടി. ഈ പുരോഗതിയുടെ നാളുകളിലും ഒഡിഷയില്‍ കാലഹണ്ടിയിലെ ദാനാ മാജിക്ക് ഭാര്യയുടെ ശവശരീരവുമായി 12 കിലോമീറ്റര്‍ ഗ്രാമത്തിലേക്ക് നടക്കേണ്ടിവന്ന കഥ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഉന്നയിച്ച മറുചോദ്യം അല്‍പം കടന്ന തമാശയായിരുന്നു. ഇക്കാര്യം ലോകമറിഞ്ഞതും തന്‍െറ വകുപ്പിന്‍െറ വിവരവിപ്ളവത്തിലൂടെയല്ളേ എന്നായിരുന്നു വായടച്ച മറുപടി. 

നിത്യോപയോഗ സാധനങ്ങളുടെ മുതല്‍ ജീവന്‍രക്ഷാമരുന്നുകളടക്കമുള്ള ആതുരസേവനത്തിന്‍െറ വരെ വിലനിലവാരം നാള്‍ക്കുനാള്‍ കൂട്ടി വേണ്ടപ്പെട്ടവരെ പരിപോഷിപ്പിക്കുന്ന ഭരണത്തിലെ ബാബുമാര്‍ക്ക് പാവപ്പെട്ടവന്‍െറ ആട്ടയുടെ വിലയെന്തായാലെന്ത്; അവര്‍ക്ക് ഭരണത്തിളക്കത്തിന്‍െറ നിറം പിടിപ്പിച്ച ഡാറ്റ മതിയല്ളോ.

Tuesday 6 September 2016

അഴിമതിക്കാര്‍ ജയിലില്‍ പോകണം.



പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയതിനു ശേഷം എല്ലാം ശരിയാകുന്ന സാഹശ്ചര്യമാണ് നാം കാണുന്നത്. തൊപ്പി വയ്പ്പിക്കാതെ രാഷ്ട്രീയക്കാര്‍ ഒതുക്കിയ സത്യ സന്ധനായ ഉദ്ദ്യോഗസ്ഥന്‍ ജേക്കബ്‌ തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് എത്തിച്ചതിനു ശേഷം അഴിമതി കേസുകള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതാണ് നാം കാണുന്നത്. ബിനാമി സ്വത്ത്‌ അഴിമതികളും പുറത്തു വരാന്‍ പോകുന്നു. പാമോയില്‍, ടൈറ്റാനിയം, മലബാര്‍ സിമന്റ്സ്, കേരള സര്‍വ്വകലാശാല അസിസ്റ്റന്റ്‌ നിയമന കേസ്സ്, ചില നേതാക്കള്‍ക്ക് എതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് തുടങ്ങിയവ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കും എങ്കിലും ഒരു കേസുകളും നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സാഹശ്ചര്യം കഴിഞ്ഞ ഭരണത്തില്‍ ഉണ്ടായിരുന്നില്ല.

പുതിയ ഭരണത്തിന്‍ കീഴില്‍ എല്ലാം ശരിയാകുന്നത് നമ്മള്‍ അനുഭവിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്നു.

Sunday 3 January 2016

'നിശ്ശബ്ദയുടെ പേരാണ് മരണം ' ഡി ജി പി സെന്‍കുമാറിനെതിരെ സിവില്‍ പോലീസ് ഓഫീസറുടെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌


സംസ്ഥാന പോലീസ് മേധാവി സെന്‍ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിവില്‍ പോലീസ് ഓഫീസറുടെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌.സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനെതിരെ ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിഷയമാക്കിക്കൊണ്ടുള്ള പോസ്റ്റില്‍ ഡി ജി പി  ആറന്മുള വല്ലസദ്യയില്‍  പങ്കെടുക്കാന്‍ വന്നപ്പോള്‍  ഔദ്യോഗിക പദവി ദുരുപയോഗ പ്പെടുത്തിയതും , ജേക്കബ് തോമസിനോട് രാജി വച്ച് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ അഭിപ്രായപ്പെട്ടതുമൊക്കെ  രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട് . പത്തനംതിട്ട ഏ ആര്‍ ക്യാമ്പിലെ രാജേഷ്‌ കുമാര്‍ എന്ന സിവില്‍ പോലീസ് ഓഫീസറാണ് പോസ്റ്റ്‌ ഇട്ടിരിക്കുന്നത് . അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചാല്‍ പാക്കിസ്ഥാന്റെ അവസ്ഥ വരും  എന്നും സൂചിപ്പിച്ചിട്ടുണ്ട് . പോലീസ് മേധാവിയുടെ സര്‍ക്കുലറിന്റെ കോപ്പിയും  പോസ്ടിനോപ്പം ചേര്‍ത്തിട്ടുണ്ട് .

പൂര്‍ണ്ണമായ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌  ഇവിടെ  വായിക്കാം :-



'നിശ്ശബ്ദയുടെ പേരാണ് മരണം '
State Police chief Kerala-ക്ക് (DGP)
ഒരു പോലീസുകാരൻ നവ മാധ്യമത്തിലൂടെ
എഴുതുന്ന വിശേഷ സാഹചര്യം ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഒരു നിർദേശമാണ്.
sir, താങ്കൾ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം പോലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും,വികല വ്യാഖ്യാനങ്ങളാലും വിലക്കുകളാലും നിർമ്മാർജ്ജനം ചെയ്യപ്പെടുന്ന സമൂഹം എന്താകുമെന്നറിയാൻ നമ്മൾ പാക്കിസ്ഥാനിലേക്കൊന്ന് നോക്കിയാൽ മതി .ഒരു പ്രവിശ്യാ ഗവർണ്ണർ മതനിന്ദാ നിയമത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ വധിക്കപ്പെട്ടു. കൊലപാതകിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരത്തോളം അഭിഭാഷകർ സൗജന്യമായ് അയാളുടെ കേസ് വാദിക്കാൻ തയ്യാറായി!
ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങൾ
ഇല്ലാതായാൽ രാജ്യംഎന്തായിത്തീരുമെന്നതിന്റെ ചെറിയോരുദാഹരണം മാത്രം .
ഞാനും താങ്കളുമെല്ലാം ഈ ബഹുകക്ഷി ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്തവരാണ് . അതേ നമ്മൾ .....അധികാരത്തിന്റെ ഏതെങ്കിലും സ്വരൂപത്തിലെത്തുമ്പോൾ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ചീത്തവൽക്കരിക്കുകയും, രാഷ്ട്രീയ ചിന്തകൾ പോലും പാപമെന്ന് പ്രഖ്യാപിക്കുന്നവരുമാകുന്നു.
കലാഭവൻ മണിക്കെതിരെ പോലീസ് നടപടിയെടുത്തപ്പോൾ താങ്കൾ മാധ്യമ സമക്ഷം ആരോപണമുന്നയിച്ചു ...പോലീസ് ജാതീയമായ പരിഗണനകൾ വെച്ച് പുലർത്തുന്നു , എന്ന് .
താങ്കൾ ജോലി രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത് .
എന്നാൽ ജേക്കബ് തോമസ് സാർ അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ താങ്കൾ പറഞ്ഞു .
' രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കട്ടെ ' .....
താങ്കളുടെ പോലീസ് പരിഷ്കരണ ശ്രമങ്ങളെ ( പ്രത്യാശകളെ ) പിന്തുണച്ചിരുന്ന ഞാൻ ആദ്യമായ് താങ്കളെ കാണുന്നത് ആറൻമുള ക്ഷേത്രത്തിൽ താങ്കൾ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് !
പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനിൽ നിന്നും പോലീസുകാർ ... വാഹനങ്ങൾ .
ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പോലീസ് !
വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദർശനം.
താങ്കൾ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മാത്രം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ് . മതപരമായ സ്വകാര്യ സന്ദർശനത്തിന് ഒരു ജില്ലയിലെ പോലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു.
താങ്കൾ കടന്നു വന്ന ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും പോലീസിന് അവരുടെ ചുമതലകൾ എല്ലാം മാറ്റി വെച്ച് അകമ്പടി സേവിക്കേണ്ടി വന്നു.
ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസ്സുകൾ , കാണാതാവുന്ന കുട്ടികൾ , കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ ....ഇവയുടെ മധ്യത്തിൽ നിന്നാണ് പോലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താൽപര്യത്തിനായ് പിൻവലിക്കപ്പെടുന്നത്.... നീതി നിർവ്വഹണത്തെ റദ്ദ് ചെയ്ത് കൊണ്ട്.
താങ്കൾ അന്നേ ദിവസം അവധിയിലായിരുന്നോ ? ആണെങ്കിൽ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്ത് കൊണ്ട് ?
ദില്ലി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാളിനേക്കാൾ സുരക്ഷാ ഭീതി താങ്കൾക്ക്
ഉണ്ടാവുന്നതെങ്ങനെ ?
ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാൻ പോകുന്ന സാദാ പോലീസുകാരൻ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ ?
ശാസ്ത്രീയ ചിന്തകളും ജീവിതവീക്ഷണവും ജനങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള താങ്കളെപ്പോലെയുള്ളവർ ,
പൊതു ജന സേവന ഉപാധികളെ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?
താങ്കൾ മത-സാമുദായിക സ്ഥാപനങ്ങളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ശരി വെക്കുകയും (AuthoriSe) രാഷ്ട്രീയത്തെ തെറ്റാക്കുകയും ചെയ്തു (Unauthorise).... സർക്കുലർ ഉപയോഗിച്ച് .
...
ആഴ്ചകൾക്ക് മുൻപ് പണ്ഡിതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജ്യോതിഷികളുടെ ചടങ്ങിൽ സംബന്ധിച്ച് പ്രഖ്യാപിച്ചു.' പോലീസ് കേസുകൾ തെളിയിക്കാൻ ജ്യോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട് ' .
അതെ ... പോലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം! ,
ജ്യോത്സ്യൻമാർ ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്തട്ടെ,
ഹനുമാൻ സേന സമരങ്ങളെ നേരിടട്ടെ,
DGP വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ,
എന്ത്‌ മതനിരപേക്ഷത ! എന്ത് ജനാധിപത്യം ! എന്ത് രാഷ്ട്രീയം!
10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടിൽ കയറ്റുന്നിടത്ത് മുതൽ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരെ ഇന്ന് പോലീസുദ്യോഗസ്ഥർ പൊതു ചിലവിൽ കൊഴുപ്പേകുന്നു.
ഈ പോലീസ് 'ബീഫ് പോലീസ് ' (Moral Police )ആകാൻ ദൂരമില്ല .വിരമിച്ച പോലീസുദ്യോഗസ്ഥന് പ്രസാദം എത്തിക്കാൻ TA സഹിതം പോലീസിനെ ഉപയോഗിക്കുന്ന ഏർപ്പാട് ഇപ്പോൾ തന്നെയുണ്ട്.
സർ, സർക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ കുറ്റകരമാണ് . പക്ഷേ അതോടൊപ്പം ഉൾപ്പെടുത്തിയ 2 ഭാഗങ്ങൾ ( മത-സാമുദായിക etc 7, 8 ) ,ബർമ്മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്.
താങ്കളുടെ സർക്കുലറിനും വളരെ മുൻപ് പ്രൈമറി സ്കൂളുകളിലും അതിന് ശേഷം ഔദ്യോഗിക ജീവിതമാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിജ്ഞയിലും, നമ്മൾ
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനായുള്ള പ്രവർത്തനങ്ങളിലേർപ്പെടുമെന്ന് ഏറ്റ് ചൊല്ലിയവരാണ്.മത രാഷ്ട്രവാദികളായ ഭരണഘടനാവിരുദ്ധ ശക്തികളെ ചെറുക്കാനായ്
ഓരോ പൗരനും നിറവേറ്റേണ്ട (പ്രതിജ്ഞാ പ്രകാരമുള്ള ) ചുമതലകളിൽ നിന്നും പുതിയ സർക്കുലർ നമ്മെ തടയുന്നു.
സർ, വെടിയുണ്ടകൾക്കും ഡ്രോണുകൾക്കും ,അഫ്ഗാനിലും ഇറാക്കിലും ദശകങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്ത സമാധാനം ... ഒരേയൊരു പ്രവർത്തനത്തിലൂടെ മാത്രമേ കൈവരൂ ....
' രാഷ്ട്രീയാവബോധമുള്ള ജനങ്ങൾ ഏർപ്പെടുന്ന നിരന്തര രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ' .
' നിശ്ശബ്ദത മരണമാണ് ,,,
ജനാധിപത്യ രാജ്യത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ടീയ നിശ്ശബ്ദത കൊലപാതകമാണ് ....
ജനാധിപത്യത്തിന്റെയും പൗരന്റെയും '
( Disclaimer: എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും , രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകൾ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലിൽ ഞാൻ ചിന്തിക്കില്ലെന്നും ,സർക്കുലർ പ്രകാരം ബോധ ശൂന്യനായ് ജീവിച്ചു കൊള്ളാമെന്നും .....)