Wednesday, 28 September 2016

തെരഞ്ഞെടുപ്പുകള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍



തെരഞ്ഞെടുപ്പുകളിൽ ധനശക്തിക്ക്‌ വർധിച്ചുവരുന്ന അമിത പ്രാധാന്യത്തെപ്പറ്റിയും തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെപ്പറ്റിയും പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപി ദേശീയ കൗൺസിൽ യോഗവേളയിൽ കോഴിക്കോട്‌ പ്രസ്താവിക്കുകയുണ്ടായി. ആ ദിശയിൽ പരിഗണനാർഹവും ഗൗരവതരവുമായ നിരവധി നിർദ്ദേശങ്ങൾ ഇക്കാര്യത്തെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട ഔദ്യോഗികവും അനൗദ്യോഗികവുമായ പല സമിതികളും അവയുടെ റിപ്പോർട്ടുകളിൽ മുന്നോട്ടു വയ്ക്കുന്നുമുണ്ട്‌.

2014 ലെ പൊതു തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ കേവലം 31 ശതമാനം മാത്രം നേടി ലോക്സഭയിൽ 52 ശതമാനം സീറ്റുകൾ കൈവശപ്പെടുത്താൻ അവസരമൊരുക്കിയ തെരഞ്ഞെടുപ്പ്‌ സംവിധാനം മാറ്റണമെന്ന്‌ മോഡിയും ബിജെപിയും ആവശ്യപ്പെടുമെന്ന്‌ കരുതുക മൗഢ്യമാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന്‌ നടന്ന ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുഫലങ്ങളും ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളും ബിജെപിയിൽ കടുത്ത ആശങ്കയ്ക്കും അങ്കലാപ്പിനും വഴിവച്ചിട്ടുണ്ട്‌.

അതുകൊണ്ടാണ്‌ ‘ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്‌’ എന്ന പേരിൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനെപ്പറ്റിയുള്ള ചർച്ചകളെ മോഡി സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്‌.  അത്‌ ഫലത്തിൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബഹുസ്വരതയെയും ഫെഡറൽ രാഷ്ട്രത്തേയും തകർത്ത്‌ ഏകീകൃത രാഷ്ട്രവും സ്വേച്ഛാധികാരവും ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌. അവിടെയാണ്‌ ജനാധിപത്യപരമായ സർവകക്ഷി കൂടിയാലോചനകളുടെയും മൗലികമായ തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളുടെയും പ്രസക്തി.

സിറിയന്‍ പ്രതിസന്ധി.



സിറിയയില്‍ അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടു. താല്‍ക്കാലികമായെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി സിറിയയില്‍ തുടരുന്ന ദയാരഹിതമായ രക്തച്ചൊരിച്ചിലുകളും അഭയാര്‍ഥിപ്രവാഹവും തുടരുക തന്നെ ചെയ്യും.

 സെപ്റ്റംബര്‍ 17ന് അമേരിക്കയുടെ വ്യോമസേന ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന പേരില്‍ ബോംബിട്ടത് ബശ്ശാറിന്‍െറ സൈനികര്‍ക്കുനേരെ ആയിരുന്നെന്നും വെടിനിര്‍ത്തല്‍ കരാറില്‍നിന്ന്് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അലപ്പോയിലേക്ക് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന സന്നദ്ധ സംഘങ്ങളുടെ വാഹനങ്ങളെ ആക്രമിച്ചുകൊണ്ട്  സിറിയന്‍ സേന പുതിയ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സേന റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ  കിഴക്കന്‍ അലപ്പോയിലെ ആക്രമണം ശക്തമാക്കി.

വെടിനിര്‍ത്തലിന്‍െറ പരാജയം തെളിയിക്കുന്നത് സിറിയയിലെ പൗരസമൂഹത്തെ സംരക്ഷിക്കാനോ അവര്‍ക്ക് സുരക്ഷ നല്‍കാനോ ആര്‍ക്കും സാധ്യമല്ളെന്നുതന്നെയാണ്. ബശ്ശാര്‍ അല്‍ അസദിനെ യുദ്ധക്കുറ്റവാളിയായി  പ്രഖ്യാപിക്കാന്‍ യു.എന്‍ അടിയന്തര രക്ഷാസമിതിക്ക് സാധിക്കുമോ എന്ന ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു സിറിയന്‍ പ്രതിസന്ധിയുടെ  പരിഹാരത്തിന്‍െറയും ഉത്തരം

ഇനിയും ഒരു യുദ്ധമോ?

സപ്തംബര്‍ 18നു ജമ്മുകശ്മീരിലെ ഉറിയില്‍ സ്ഥിതിചെയ്യുന്ന സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം നടുക്കമുളവാക്കുന്നതാണ്.ഒരു യുദ്ധത്തിനു കാരണമാകും വിധം പ്രകോപനപരംആയിരുന്നുഅത്.



 ഗുരുതരമായ ആഭ്യന്തര കുഴപ്പങ്ങള്‍ നേരിടുന്ന പാകിസ്താനിലെ ഭരണവര്‍ഗത്തിന് യുദ്ധം പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചെന്നു വരും. എന്‍ഡിഎ ഭരണകൂടമാവട്ടെ വരുന്ന പൊതുതിരഞ്ഞെടുപ്പിനു മുമ്പായി തീവ്രരാജ്യസ്‌നേഹത്തിനു തീകൊളുത്തുന്നതില്‍ മടിയുള്ളവരല്ലതാനും.

കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും കശ്മീരികളെ വിശ്വാസത്തിലെടുത്തും പരിഹരിക്കാനാണു നാം ശ്രമിക്കേണ്ടത്.   ഇന്ത്യയെ ആക്രമിച്ചാല്‍ തിരിച്ചു ആക്രമിക്കില്ല എന്നും, അതിര്‍ത്തി കടന്നു ആക്രമിക്കില്ല എന്നും ഉള്ള പാകിസ്ഥാന്‍റെ ധാരണ തിരുത്തപ്പെടണം.

Wednesday, 7 September 2016

കായീക മേഖലയിൽ വേണ്ടത് പുതു വിപ്ലവം


റിയോ ഒളിംപിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വലിയ പ്രഖ്യാപനം വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. അടുത്ത മൂന്ന് ഒളിംപിക്‌സുകള്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ ഒരുക്കം വേണമെന്നും ഇതിനായി സംഘടിത പ്രവര്‍ത്തനം വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവന നല്ലത് തന്നെ. പക്ഷേ പ്രസ്താവനയില്‍ ഒരു പുതുമയുമില്ല. ഒളിംപിക്‌സുകള്‍ പോലെ വലിയ മാമാങ്കങ്ങള്‍ കഴിയുന്ന സമയങ്ങളില്‍ നിരന്തരം കേള്‍ക്കുന്ന വാക്കുകളാണിത്.

റിയോ ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍ 118 പേര്‍. ആകെ ലഭിച്ചത് രണ്ട് മെഡലുകള്‍. ഷൂട്ടിങ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ് തുടങ്ങിയ ഇനങ്ങളെല്ലാം ഇന്ത്യക്ക് വ്യക്തമായ സാധ്യതകളുള്ള കായിക ഇനങ്ങളാണ്. 

800 മീറ്ററില്‍ വലിയ സാധ്യത കല്‍പ്പിച്ചിരുന്ന ടിന്റു ലൂക്കയും നിരാശപ്പെടുത്തി. ഹരിയാനയില്‍ നിന്നുള്ള മന്ത്രി സംഘം ഒരു കോടിയാണ് റിയോ കാഴ്ചക്കായി ചെലവഴിച്ചത്. ഇത്തരം ദുര്‍വ്യയങ്ങള്‍ അവസാനിപ്പിച്ച് ജാഗ്രതയുടെ ട്രാക്കില്‍ നമ്മുടെ താരങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. അധികാരികള്‍ മെച്ചപ്പെട്ടാല്‍ താരങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും. 

തിന്നാനെന്ത്? ഡാറ്റയോ ആട്ടയോ

പ്രധാനമന്ത്രിയെതന്നെ പരസ്യത്തിന് ഉപയോഗിച്ച് അംബാനിയുടെ റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് മൊബൈല്‍ കാള്‍ നിരക്കില്‍ അഭൂതപൂര്‍വമായ നിരക്കിളവുമായി പുതിയ ഉല്‍പന്നം പുറത്തിറക്കിയപ്പോള്‍ ലാലുപ്രസാദ് യാദവ് നടത്തിയ പ്രതികരണം വെറും തമാശയല്ല. 

കഴിഞ്ഞദിവസം വിവരസാങ്കേതികവിദ്യയില്‍ പുതിയ സര്‍ക്കാറുണ്ടാക്കിയ നേട്ടങ്ങള്‍ വിവരിച്ച കേന്ദ്ര നിയമകാര്യ, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പാവപ്പെട്ടവര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങാനായതും ആ അക്കൗണ്ടിനെ ആധാറുമായും അതിനെ ഇന്‍റര്‍നെറ്റുമായും ബന്ധിപ്പിച്ചതുമൊക്കെ ഭരണപുരോഗതിയായി എടുത്തുകാട്ടി. ഈ പുരോഗതിയുടെ നാളുകളിലും ഒഡിഷയില്‍ കാലഹണ്ടിയിലെ ദാനാ മാജിക്ക് ഭാര്യയുടെ ശവശരീരവുമായി 12 കിലോമീറ്റര്‍ ഗ്രാമത്തിലേക്ക് നടക്കേണ്ടിവന്ന കഥ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഉന്നയിച്ച മറുചോദ്യം അല്‍പം കടന്ന തമാശയായിരുന്നു. ഇക്കാര്യം ലോകമറിഞ്ഞതും തന്‍െറ വകുപ്പിന്‍െറ വിവരവിപ്ളവത്തിലൂടെയല്ളേ എന്നായിരുന്നു വായടച്ച മറുപടി. 

നിത്യോപയോഗ സാധനങ്ങളുടെ മുതല്‍ ജീവന്‍രക്ഷാമരുന്നുകളടക്കമുള്ള ആതുരസേവനത്തിന്‍െറ വരെ വിലനിലവാരം നാള്‍ക്കുനാള്‍ കൂട്ടി വേണ്ടപ്പെട്ടവരെ പരിപോഷിപ്പിക്കുന്ന ഭരണത്തിലെ ബാബുമാര്‍ക്ക് പാവപ്പെട്ടവന്‍െറ ആട്ടയുടെ വിലയെന്തായാലെന്ത്; അവര്‍ക്ക് ഭരണത്തിളക്കത്തിന്‍െറ നിറം പിടിപ്പിച്ച ഡാറ്റ മതിയല്ളോ.

Tuesday, 6 September 2016

അഴിമതിക്കാര്‍ ജയിലില്‍ പോകണം.



പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയതിനു ശേഷം എല്ലാം ശരിയാകുന്ന സാഹശ്ചര്യമാണ് നാം കാണുന്നത്. തൊപ്പി വയ്പ്പിക്കാതെ രാഷ്ട്രീയക്കാര്‍ ഒതുക്കിയ സത്യ സന്ധനായ ഉദ്ദ്യോഗസ്ഥന്‍ ജേക്കബ്‌ തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് എത്തിച്ചതിനു ശേഷം അഴിമതി കേസുകള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതാണ് നാം കാണുന്നത്. ബിനാമി സ്വത്ത്‌ അഴിമതികളും പുറത്തു വരാന്‍ പോകുന്നു. പാമോയില്‍, ടൈറ്റാനിയം, മലബാര്‍ സിമന്റ്സ്, കേരള സര്‍വ്വകലാശാല അസിസ്റ്റന്റ്‌ നിയമന കേസ്സ്, ചില നേതാക്കള്‍ക്ക് എതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് തുടങ്ങിയവ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കും എങ്കിലും ഒരു കേസുകളും നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സാഹശ്ചര്യം കഴിഞ്ഞ ഭരണത്തില്‍ ഉണ്ടായിരുന്നില്ല.

പുതിയ ഭരണത്തിന്‍ കീഴില്‍ എല്ലാം ശരിയാകുന്നത് നമ്മള്‍ അനുഭവിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്നു.