തുല്യനീതിയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ലോകക്രമത്തിനായി നിലകൊള്ളുന്ന ‘ബ്രിക്സി’ന്റെ എട്ടാം ഉച്ചകോടി ഗോവയിൽ സമാപിച്ചിരിക്കുകയാണ്. പാകിസ്താനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിനോട് ഐക്യപ്പെട്ടില്ല. എങ്കിലും ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി ഐക്യരാഷ്ട്രസഭ എത്രയുംവേഗം പാസാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനൊപ്പം ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും നിലകൊണ്ടു.
മുൻവർഷങ്ങളിൽ സാമ്പത്തിക മേഖലയിലെ പരസ്പരസഹകരണം ബലപ്പെടുത്തുന്നതിന് ഊന്നൽ നൽകിയിരുന്ന ‘ബ്രിക്സ്’ ഭീകരതയ്ക്കെതിരെ പ്രഖ്യാപനത്തിലെത്തിയത് കാലത്തിനുയോജിച്ച മാറ്റമാണ്.
കൃഷി, റെയിൽവേ മേഖലകളിലെ ഗവേഷണം, ബ്രിക്സ് ബാങ്കിന്റെ വിപുലീകരണം, സാമ്പത്തിക ഗവേഷണത്തിനും വിശകലനത്തിനുമുള്ള സംവിധാനം തുടങ്ങിയ മേഖലകളിൽ യോജിച്ചു മുന്നോട്ടുപോകാനും ബ്രിക്സ് ബാങ്കും അംഗരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും തമ്മിൽ സഹകരിക്കാനും ഉച്ചകോടി ധാരണയായിട്ടുണ്ട്.കാർബൺരഹിത ഊർജത്തിലേക്കുള്ള യാത്രയിൽ ആണവോർജം ഇന്ത്യക്ക് ആവശ്യമാണെന്ന വസ്തുത അവ അംഗീകരിച്ചു.
ഇറാഖും സിറിയയും ലിബിയയും കടന്ന് മറ്റുരാജ്യങ്ങളിലേക്കും പടരുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ പിടിച്ചുകെട്ടേണ്ടതിന്റെയും ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി അംഗീകരിച്ച ജബാത്ത് അൽ നുസ്രപോലെയുള്ളവയെ എതിർത്തു തോല്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ പ്രഖ്യാപനം ഊന്നി പറഞ്ഞത്. ഭീകരതയെ ഇപ്പോഴും വ്യക്തമായി നിർവചിച്ചിട്ടില്ലാത്ത ഐക്യരാഷ്ട്ര പൊതുസഭയെക്കൊണ്ട് ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി അംഗീകരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ബ്രിക്സിന് മുമ്പിലുണ്ട്.


No comments:
Post a Comment