Showing posts with label Sitaram Yechury. Show all posts
Showing posts with label Sitaram Yechury. Show all posts
Saturday, 2 January 2016
കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിക്കണം: യെച്ചൂരി
വര്‍ക്കല : വര്‍ഗീയവല്‍ക്കരണവും അസഹിഷ്ണുതയും നവ ഉദാരവല്‍ക്കരണവും ചെറുക്കാന്‍ കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. ശിവഗിരി തീര്‍ഥാടന സമാപനസമ്മേളനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാര്‍ വിശ്വാസത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ല. എല്ലാ വിശ്വാസത്തെയും ആരാധനകളെയും സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുമ്പിലുണ്ടാകും. മാനവികതയില്‍ അധിഷ്ഠിതമായ രാജ്യത്തിന്റെ മൂല്യങ്ങളും തത്വചിന്തകളും ഹിന്ദുത്വവുമായി ഏച്ചുകെട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അത്തരം നീക്കങ്ങളെ കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഭൌതികവാദികളും ആത്മീയവാദികളും കൂട്ടായി പ്രതിരോധിക്കണം. കേരള നവോത്ഥാനത്തിനും സാമൂഹ്യവിപ്ളവത്തിനും ഊര്‍ജം പകര്‍ന്ന ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യം ഏറെയാണ്.
ജനതയുടെ നിലനില്‍പ്പിന് സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകണം. ജാതിവ്യവസ്ഥ ഇല്ലാതായെന്നു പറയുമ്പോഴും സാമ്പത്തികമായ അസന്തുലിതാവസ്ഥ കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണിന്ന്. ദളിതരടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം യാഥാര്‍ഥ്യമാകാന്‍ സാമ്പത്തികമായിക്കൂടി മുന്നേറണം.
ജാതിക്കെതിരായ പോരാട്ടം മനസ്സില്‍നിന്ന് രൂപപ്പെടണം. അതിനൊപ്പം സാമ്പത്തിക ഉന്നമനം ഉറപ്പുവരുത്താനുള്ള പോരാട്ടവും നടത്തണം. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ നടത്തുമ്പോള്‍ മതവിശ്വാസികളെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ'ന്ന മാര്‍ക്സിന്റെ ഉദ്ധരണി ബോധപൂര്‍വം അടര്‍ത്തിയെടുക്കുന്നത് അതിനാലാണ്. 'ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം' എന്നതടക്കമുള്ള മാര്‍ക്സിന്റെ വാക്യങ്ങള്‍ അത്തരക്കാര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. മാര്‍ക്സിന്റെ കാലത്തുതന്നെ മതവിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നിരുന്നു. മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന അഭിപ്രായത്തോട് മാര്‍ക്സ് യോജിച്ചില്ല. മനുഷ്യസമൂഹത്തിന്റെ എല്ലാ ബന്ധങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ രാഷ്ട്രീയബന്ധങ്ങളിലെ മാറ്റമാണ് വേണ്ടതെന്നുമായിരുന്നു മാര്‍ക്സ് പറഞ്ഞത്. അതിനാല്‍ കമ്യൂണിസ്റ്റുകാര്‍ മതത്തിനെതിരല്ല.
വര്‍ഗീയവല്‍ക്കരണവും അസഹിഷ്ണുതയും വളര്‍ത്താന്‍ രാജ്യത്തിന്റെ തത്വശാസ്ത്രവും ചരിത്രവും തിരുത്തിയെഴുതുന്നു. എല്ലാറ്റിനെയും ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. സാമ്പത്തികരംഗത്തും ഇത്തരം ശക്തികള്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്നു. ഇത് രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കും. രാജ്യം നേരിടുന്ന വലിയ വെല്ലുവിളി വര്‍ഗീയവല്‍ക്കരണമാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയവും ജനാധിപത്യപരവുമായ പോരാട്ടമാണ് നടക്കേണ്ടത്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കാനുള്ള ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയാണ് അനിവാര്യം. വിശ്വാസികളും അല്ലാത്തവരും ശ്രീനാരായണഗുരു സ്വപ്നം കണ്ട സമൂഹം സൃഷ്ടിക്കാന്‍ രംഗത്തുവരണം– യെച്ചൂരി ആഹ്വാനംചെയ്തു.
Tuesday, 29 December 2015
സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി
കൊല്‍ക്കത്ത : തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശസമരങ്ങളും സിപിഐ എം ശക്തമാക്കും. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗത്തെയും സംഘടിപ്പിച്ച് പാര്‍ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കാനുള്ള നവീനമാര്‍ഗങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ കരട് പ്രമേയം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കും. എല്ലാവിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകുംവിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ളീനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണം ലക്ഷ്യം വയ്ക്കുന്ന 21–ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചായിരിക്കുമിത്.
നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. വര്‍ഗസമരം രണ്ടു തലങ്ങളിലാണ് ആവശ്യം. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹ്യചൂഷണത്തിനെതിരായും. എഴു ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 93 ശതമാനവും അസംഘടിതമേഖലയില്‍ കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യുന്നവരാണ്. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കാന്‍ പുതിയവഴികള്‍ തേടും.
ഇന്ത്യാചരിത്രത്തിനു പകരം മിത്തോളജിയും ഇന്ത്യന്‍ ഫിലോസഫിക്കു പകരം ദൈവശാസ്ത്രവുമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. വലിയവിഭാഗം പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലും രാഷ്ട്രീയസംവാദം വിലക്കി. അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ സ്റ്റഡിഗ്രൂപ്പുകള്‍ക്ക് പോലും മദ്രാസ് ഐഐടിയില്‍ വിലക്കാണ്. ജ്യോതിബാ ഫൂലെ, അംബേദ്കര്‍ എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷര്‍ക്ക് കോടിക്കണക്കിനു ദളിതരെ പ്രചോദിപ്പിക്കാനായെങ്കിലും ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യെച്ചൂരി ചോദിച്ചു. മാനസിക പരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഇവരുടെ ഊന്നല്‍. സാമ്പത്തിക സാഹചര്യങ്ങള്‍ മാറ്റിയാലേ തുല്യത ഉറപ്പാക്കാനാകൂ.
എവിടെ തൊഴില്‍ശാലകളുണ്ടോ അവിടെയൊക്കെ ചെങ്കൊടി നാട്ടുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കുന്നതില്‍പ്പോലും ദളിതര്‍ക്ക് വിലക്കുകല്‍പ്പിക്കുന്ന ഗ്രാമങ്ങളിലെല്ലാം ചെങ്കൊടി നാട്ടുക എന്ന ലക്ഷ്യം നിറവേറ്റിയിട്ടില്ല. മെച്ചപ്പെട്ട വേതനത്തിനുള്ള പോംവഴിയായി വ്യവസായത്തൊഴിലാളികള്‍ കാണുന്നത് ചെങ്കൊടിയെയാണ്. സംവരണം നടപ്പാക്കി 60 വര്‍ഷം പിന്നിട്ടിട്ടും ഉന്നത സര്‍ക്കര്‍ തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാലുശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡി തസ്തികകളില്‍ മാത്രമാണ് സംവരണ മാനദണ്ഡപ്രകാരമുള്ള പ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ അസമത്വം ഇല്ലാതാക്കാനാകൂ. പ്രീണന നയങ്ങളിലൂടെ വിവേചനം ഇല്ലാതാക്കാനാകില്ല– യെച്ചൂരി പറഞ്ഞു.
Subscribe to:
Posts (Atom)

