ആലപ്പുഴ : കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറില്‍ നിര്‍മിച്ച പുറംബണ്ട് തകര്‍ച്ചയിലായത് നിര്‍മാണത്തിലെ പിഴവുമൂലമാണെന്ന സംശയം ബലപ്പെടുന്നു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ജാഗ്രതക്കുറവും സാഹചര്യം വഷളാകാനിടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.
കുട്ടനാട് ഒരുതരത്തിലും രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്ന ജലസേചനവകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍. സി, ഡി ബ്ളോക്ക്, റാണി, ചിത്തിര കായലുകളുടെ മധ്യത്തിലൂടെയാണ് കൊച്ചാര്‍ ഒഴുകുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകുന്നത് കൊച്ചാര്‍ വഴി. പുറംബണ്ട് തകര്‍ച്ചയിലാകുന്നതോടെ സി–ബ്ളോക്ക് കായലിലെ 6000 പറ പാടശേഖരം ഏതു നിമിഷവും മടവീണു തകരാവുന്ന സ്ഥിതിയിലാണ്. മുമ്പ് മഴക്കാലത്ത് പമ്പ, അച്ചന്‍കോവില്‍ എന്നിവയിലെ വെള്ളം കൊച്ചാര്‍വഴി ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ ഇരച്ചുകയറി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വന്നു. നെല്‍കൃഷി ഉപേക്ഷിക്കാന്‍ ഈ സാഹചര്യം കര്‍ഷകരെ നിര്‍ബന്ധിതമാക്കി. കൊച്ചാറിന്റെ ഇരുകരകളിലും ബലമേറിയ പുറംബണ്ട് നിര്‍മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇതിനൊടുവിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറിന്റെ ഇരുകരകളിലും പുറംബണ്ട് നിര്‍മിച്ചത്. 14 കോടിരൂപ ഇതിനായി ചെലവഴിച്ചു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ബണ്ടാണ് അവിടവിടെ ചോര്‍ച്ചവന്ന് തകരുന്ന സ്ഥിതിയിലെത്തിയത്. സി–ബ്ളോക്കിനെ വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നാലുകിലോമീറ്റര്‍ പുറംബണ്ടാണ് തകരുന്നത്. ഈ നാലുകിലോമീറ്റര്‍ ഭാഗത്ത് പതിനാറോളം ചോര്‍ച്ച കണ്ടെത്തി.
ഈ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി പുറംബണ്ട് സ്ഥാപിക്കണം എന്നായിരുന്നു കുട്ടനാട് പാക്കേജിലെ നിര്‍ദേശം. പൈലിങ് നടത്തിയത് രണ്ടരമീറ്റര്‍ ആഴത്തില്‍മാത്രം. വെള്ളപ്പൊക്കക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ബലക്ഷയമുള്ള ബണ്ടിനു കഴിയില്ല. ഇക്കാര്യം നിര്‍മാണഘട്ടത്തില്‍തന്നെ കര്‍ഷകരും ഈ രംഗത്തെ വിവിധ സംഘടനകളും ചുണ്ടിക്കാട്ടിയിരുന്നു. ഫലം ഉണ്ടായില്ലെന്നു മാത്രം. ഇതാണ് ബണ്ട് തകരാന്‍ ഇടയാക്കിയത് എന്നാണ് ആരോപണം.
കൊച്ചാറിന്റെ പുറംബണ്ടു തകര്‍ന്ന സംഭവത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിസ്ഥാനത്ത്. ബണ്ടിന്റെ ബലക്ഷയം സംബന്ധിച്ച് ജലസേചനവകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ കത്ത് അന്നുതന്നെ ചോര്‍ന്നു. പിറ്റേദിവസം റാണി കായലിലെ പമ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കരാറുകാരന്‍ കോടതിയില്‍നിന്നു സമ്പാദിച്ചു.
ഡിസംബര്‍ 15നാണ് എന്‍ജിനീയര്‍ വകുപ്പുമേധാവികള്‍ക്കു നല്‍കാന്‍ കത്തു തയ്യാറാക്കിയത്. അന്നുതന്നെ കത്ത് ചോര്‍ത്തി കരാറുകാരനു നല്‍കി. പിറ്റേന്നു കരാറുകാരന്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. ബണ്ടില്‍ ചോര്‍ച്ച വര്‍ധിക്കുന്നതും പമ്പിങ് നിര്‍ത്തിയതും ബലക്ഷയം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം, ഫയലില്‍ സൂക്ഷിക്കാന്‍ നല്‍കിയ കത്ത് ചില ജീവനക്കാര്‍ ചോര്‍ത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇതുശരിയെങ്കില്‍ ആ ജീവനക്കാരും പ്രതിസ്ഥാനത്താണ്. ഒപ്പം എന്‍ജിനീയറും കുടുങ്ങും. കാരണം കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചാറിന്റെ പുറംബണ്ട് ബലമേറിയതാണ് എന്നാണ് ഇദ്ദേഹം എഴുതിവച്ചത്. മൂന്നുമാസത്തിനുള്ളില്‍ ബണ്ടിനു ബലക്ഷയം സംഭവിച്ചത് എങ്ങനെയെന്നു വിശദീകരിക്കന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.
കലക്ടറേറ്റില്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കൂടിയ അവലോകനയോഗത്തില്‍ കൊച്ചാര്‍ ബണ്ടിനു കുഴപ്പമില്ല എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. യോഗത്തിനുശേഷം കാര്യമായ മഴക്കെടുതിയോ വെള്ളപ്പൊക്കമോ കുട്ടനാട് നേരിട്ടില്ല. മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികവെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. പമ്പയിലൂടെയും അച്ചന്‍കോവിലാറിലൂടെയും ഒഴുകിയെത്തിയ കിഴക്കന്‍വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുകയുമായിരുന്നു. കൊച്ചാറില്‍ വെള്ളത്തിന്റെ അമിതസമ്മര്‍ദ്ദം ഉണ്ടാകേണ്ട സാഹചര്യം ഇല്ല എന്നാണിതു കാണിക്കുന്നത്.
കരാറുകാര്‍ക്കും ജലസേചനവകുപ്പ് അധികൃതര്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന തരത്തില്‍ ബണ്ട് നവീകരണത്തിനു പദ്ധതി തയ്യാറാക്കി വീണ്ടും കോടികളുടെ പണി നടത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്. കുട്ടനാട് തകരട്ടെ, കൃഷി നശിക്കട്ടെ, കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും തുലയട്ടെ, തങ്ങളുടെ കീശ വീര്‍ക്കണം എന്ന പതിവുശൈലി പിന്തുടരുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും.