Saturday, 2 January 2016

നാടിന് ശുദ്ധജലം ഉറപ്പാക്കാന്‍ അരുവിക്കരയില്‍ ജനനേതാവെത്തി

Pinarayi Vijayan at Aruvikara


തിരുവനന്തപുരം : ശുദ്ധമായ കുടിവെള്ളമെന്ന ജനങ്ങളുടെ അവകാശം സ്വപ്നമാകുമ്പോള്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജനനേതാവ് അരുവിക്കരയിലെത്തിയത് ജനങ്ങള്‍ക്ക് പ്രത്യാശയും അധികൃതര്‍ക്ക് താക്കീതുമായി. തലസ്ഥാന നഗരിയുടെ പ്രധാന ജലസ്രോതസ്സായ അരുവിക്കര ഡാമും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കാനെത്തിയത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്. പായല്‍ മൂടി വൃത്തിഹീനവും മണ്ണടിഞ്ഞ് ആഴവും കുറഞ്ഞ കരമനയാറും വികസനമില്ലാതെ തകര്‍ച്ച നേരിടുന്ന ഡാമും നടന്നുകണ്ട അദ്ദേഹം നാട്ടുകാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു.


ജില്ലയുടെ 70 ശതമാനത്തോളം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അരുവിക്കര ഡാമിനേയാണ്. എന്നാല്‍, മനുഷ്യ വിസര്‍ജ്യവും പ്ളാസ്റ്റിക്കും മൃഗാവിഷ്ടവും നിറഞ്ഞ് കരമനയാറ് നശിച്ചതിന്റെ ഭാരം മുഴവന്‍ പേറുന്നത് അരുവിക്കര റിസര്‍വോയറാണ്. അതിനിടെയാണ് മണ്ണ് അടിഞ്ഞുകൂടി റിസര്‍വോയറിന്റെ ആഴം കുറയുന്നു. പായല്‍ നിറയുന്നതും ഇവിടത്തെ വലിയ പ്രശ്നമാണ്. നിലവില്‍ ഇതിന്റെ സംഭരണശേഷി പത്തുശതമാനമായി കുറഞ്ഞു. ഇതോടെ നാട്ടുകാര്‍ അരുവിക്കര ജലസംരക്ഷണ സമതിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി. തലസ്ഥാനത്തെ ജനങ്ങള്‍ക്ക്ശുദ്ധമായ കുടിവെള്ളം നല്‍കണമെന്നാശ്യപ്പെട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തി.  ഇതോടെ  ഡാമിന്റെയും റിസര്‍വോയറിന്റെയും ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ത്തന്നെ ഈ പ്രദേശത്തെത്തിയത്. ജനപ്രതിനിധികളും സംരക്ഷണസമിതി പ്രവര്‍ത്തകരും അടങ്ങിയ വന്‍ ജനാവലി പിണറായിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പുഴയുടെയും ഡാമിന്റെയും വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഡാമിന്റെ ഈ അവസ്ഥ സര്‍ക്കാരിനും മറ്റ് അധികൃതര്‍ക്കും അറിയാമായിരുന്നിട്ടും ഒരു നടപടിയും സ്വകീകരികാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവ അടിയന്തരമായും ശുചിയാക്കുകയും ഡ്രഡ്ജിങ് നടത്തുകയും ചെയ്തില്ലെങ്കില്‍ ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment