തിരുവനന്തപുരം : രാജ്യത്ത് നിലനില്‍ക്കുന്ന സാംസ്കാരിക അസഹിഷ്ണുതയ്ക്കെതിരെ കലാരൂപങ്ങള്‍കൊണ്ട് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സഫ്ദര്‍ ഹശ്മി ദിനാചരണത്തില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പോരാട്ട നാടകാവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
സാമൂഹ്യജീവിതത്തിലെ കാലുഷ്യങ്ങളെ കഴുകിക്കളയാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു സഫ്ദര്‍ ഹശ്മി. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളെ തെരുവുനാടകംകൊണ്ട് പൊരുതി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. സാംസ്കാരികപ്രവര്‍ത്തനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും തെരുവുനാടകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അദ്ദേഹം ചരിത്രത്തില്‍ ഇടംനേടി. തന്റെ ചുറ്റുപാടുകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായിരുന്നുതന്നെയാണ് സാംസ്കാരികപ്രവര്‍ത്തനത്തെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഉപാധിയാക്കിമാറ്റാന്‍ അദ്ദേഹം ശ്രമിച്ചത്. ഭരണാധികാരികളുടെ ദുഷ്ചെയ്തികള്‍ക്കെതിരെ അതിനിശിതമായ വിമര്‍ശങ്ങളാണ് തെരുവുനാടകത്തിന്റെ അരങ്ങിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. അത് ചാട്ടുളിപോലെ കൊള്ളേണ്ടിടത്തുകൊണ്ടു. അതിന്റെ ഫലമായാണ് കോണ്‍ഗ്രസ്ഗുണ്ടകള്‍ നാടകാവതരണത്തിനിടെ അദ്ദേഹത്തെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തില്‍ തളരാതെ ഭാര്യ മാലശ്രീ ഹശ്മി ദിവസങ്ങള്‍ക്കുള്ളില്‍ അതേ സ്ഥലത്തുവച്ച് നാടകം മുഴുമിപ്പിച്ചത് അസാധാരണമായൊരു പോരാട്ടത്തിന്റെ ജീവിതകഥയാണെന്നും വി എസ് പറഞ്ഞു.
സഫ്ദര്‍ ഹശ്മി ദിനാചരണത്തിന്റെ സ്റ്റിക്കര്‍ പ്രകാശനവും വി എസ് നിര്‍വഹിച്ചു. പുരോഗമനകലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി സ്റ്റിക്കര്‍ ഏറ്റുവാങ്ങി. സംഘം ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി.

No comments:
Post a Comment