Saturday, 2 January 2016
ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആര്‍എസ്എസ് അക്രമം
കഴക്കൂട്ടം : പുതുവര്‍ഷപ്പുലരിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനുനേരെ ആര്‍എസ്എസ് അക്രമം. പൊലീസ് നോക്കിനില്‍ക്കെയാണ് വിശ്വാസികളെയടക്കം ആര്‍എസഎസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൌഡിക്കോണം പുതുകുന്ന് സിഎസ്ഐ ചര്‍ച്ചിന് നേരെയാണ് മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം അതിക്രമം നടത്തിയത്. ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും നക്ഷത്രങ്ങളും അലങ്കാരങ്ങളും അടിച്ചുതകര്‍ത്തു. പ്രാര്‍ഥനയ്ക്കെത്തിയവരെയടക്കം ആര്‍എസ്സ് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. പൌഡിക്കോണം വിഷ്ണുനഗറില്‍ രാജ്ഭവനില്‍ രാജീവ് (24), മുക്കില്‍ക്കട കരിക്കകത്ത്വീട്ടില്‍ രാഹുല്‍ (23), പാങ്ങപ്പാറ പേരൂര്‍ ക്ഷേത്രത്തിന് സമീപം കീഴേപുല്ലാന്നി വീട്ടില്‍ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. രാജീവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
കൊച്ചുകുട്ടികളെയടക്കം തല്ലുന്നത് തടഞ്ഞ റെജിയുടെ തലയ്ക്കും കഴുത്തിലും അക്രമികള്‍ കമ്പിപ്പാരകൊണ്ട് അടിച്ചു. പതിനഞ്ചോളം ഇരുചക്രവാഹനങ്ങളിലായി മുപ്പതോളംപേരാണ് വടിവാളും കമ്പിപ്പാരയും തടിക്കക്ഷണങ്ങളുമായെത്തി അക്രമം നടത്തിയത്. ക്രിസ്മസ്– പുതുവര്‍ഷഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും ഫ്ളക്സ് ബോര്‍ഡുകളും നക്ഷത്രങ്ങളും ട്യൂബ്സെറ്റുകളും തകര്‍ത്തു.
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ദേവാലയത്തിന് ചുറ്റും 4100 നക്ഷത്രം പ്രകാശിപ്പിച്ചിരുന്നു. 27വരെ നടത്തിയ സ്റ്റാര്‍ ഫെസ്റ്റില്‍ തെളിച്ച നക്ഷത്രങ്ങള്‍ പുതുവര്‍ഷദിനത്തിലും പ്രകാശിപ്പിക്കണമെന്ന് ആര്‍എസ്എസ് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിച്ചതിനാല്‍ നക്ഷത്രങ്ങള്‍ അഴിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ സംഘം നക്ഷത്രം അഴിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയാണ് ആദ്യം തല്ലിയത്. തുടര്‍ന്ന് ഇത് തടയാനെത്തിയവരെയും ആക്രമിച്ചു. പൊലീസ് നോക്കിനില്‍ക്കെ മൂന്നുതവണ വടിവാളുമായെത്തി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സിഎസ്ഐ പുതുകുന്നിന് മുന്നില്‍ വൈദികന്മാരുടെ നേതൃത്വത്തില്‍ സമരം നടത്തി. സിഎസ്ഐ സൌത്ത് കേരള ബിഷപ് ധര്‍മരാജ് റിക്സം, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, എം എ വാഹീദ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമരായ കരിയം മോഹനന്‍, സ്റ്റാന്‍ലി ഡിക്രൂസ്, എ പി മുരളി, രാമചന്ദ്രന്‍ എന്നിവര്‍ പള്ളിയും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment