Showing posts with label VS Achuthanandan. Show all posts
Showing posts with label VS Achuthanandan. Show all posts

Saturday, 2 January 2016

അസഹിഷ്ണുതയ്ക്കെതിരെ കലകൊണ്ട് കലാപം സൃഷ്ടിക്കണം: വി എസ്



VS Achuthanandan


തിരുവനന്തപുരം : രാജ്യത്ത് നിലനില്‍ക്കുന്ന  സാംസ്കാരിക അസഹിഷ്ണുതയ്ക്കെതിരെ കലാരൂപങ്ങള്‍കൊണ്ട് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സഫ്ദര്‍ ഹശ്മി ദിനാചരണത്തില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പോരാട്ട നാടകാവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

സാമൂഹ്യജീവിതത്തിലെ കാലുഷ്യങ്ങളെ കഴുകിക്കളയാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു സഫ്ദര്‍ ഹശ്മി. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളെ തെരുവുനാടകംകൊണ്ട് പൊരുതി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. സാംസ്കാരികപ്രവര്‍ത്തനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും തെരുവുനാടകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അദ്ദേഹം ചരിത്രത്തില്‍ ഇടംനേടി. തന്റെ ചുറ്റുപാടുകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായിരുന്നുതന്നെയാണ് സാംസ്കാരികപ്രവര്‍ത്തനത്തെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഉപാധിയാക്കിമാറ്റാന്‍ അദ്ദേഹം ശ്രമിച്ചത്. ഭരണാധികാരികളുടെ ദുഷ്ചെയ്തികള്‍ക്കെതിരെ അതിനിശിതമായ വിമര്‍ശങ്ങളാണ് തെരുവുനാടകത്തിന്റെ അരങ്ങിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. അത് ചാട്ടുളിപോലെ കൊള്ളേണ്ടിടത്തുകൊണ്ടു. അതിന്റെ ഫലമായാണ് കോണ്‍ഗ്രസ്ഗുണ്ടകള്‍ നാടകാവതരണത്തിനിടെ അദ്ദേഹത്തെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തില്‍ തളരാതെ ഭാര്യ മാലശ്രീ ഹശ്മി ദിവസങ്ങള്‍ക്കുള്ളില്‍ അതേ സ്ഥലത്തുവച്ച് നാടകം മുഴുമിപ്പിച്ചത് അസാധാരണമായൊരു പോരാട്ടത്തിന്റെ ജീവിതകഥയാണെന്നും വി എസ് പറഞ്ഞു.

സഫ്ദര്‍ ഹശ്മി ദിനാചരണത്തിന്റെ സ്റ്റിക്കര്‍ പ്രകാശനവും വി എസ് നിര്‍വഹിച്ചു. പുരോഗമനകലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി സ്റ്റിക്കര്‍ ഏറ്റുവാങ്ങി. സംഘം ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി.

Wednesday, 23 December 2015

മോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും ഒരേ പോലെ പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണം : വി എസ്

VS


തിരുവനന്തപുരം : നരേന്ദ്രമോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മോഡിയുടെ കശാപ്പുരാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജല്‍പ്പനങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. അഴിമതിയും വിലക്കയറ്റവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഹൈക്കമാന്‍ഡിന് എഴുതിയ കത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ചാക്കയില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ നയങ്ങളാണ് മോഡി നടപ്പാക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുന്നവരെ വെടിവച്ചുകൊല്ലുന്നു. ധബോല്‍ക്കറിന്റെയും കല്‍ബുര്‍ഗിയുടെയും അവസ്ഥ നമ്മള്‍ മറക്കരുത്. ഈ ക്രൂരതയെ ചെറുത്തുതോല്‍പ്പിക്കാനാകണം. കുമ്മനം രാജശേഖരന്‍ അമിത് ഷായുടെ കേരളത്തിലെ നാവാകുകയാണ്. ക്ഷേത്രങ്ങള്‍ക്കടുത്ത് മറ്റു മതക്കാര്‍ക്ക് പ്രവേശനം നല്‍കരുതെന്ന് പറയുന്ന അദ്ദേഹം ശബരിമലയില്‍ പോകുന്ന ഭക്തര്‍ ആദ്യം മുസ്ളിമായ വാവര്‍ പള്ളിയിലാണ് എത്തുന്നതെന്ന് കുമ്മനം മറക്കരുത്. ഇനി അയ്യപ്പഭക്തര്‍ അവിടെ പോകരുതെന്ന് കുമ്മനം പറയുമോയെന്നും വി എസ് ചോദിച്ചു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അഴിമതി എല്ലാ പരിധിയും വിടുകയാണ്. സോളാര്‍, ബാര്‍ കോഴ എന്നിവ ഒടുവിലത്തെ ഉദാഹരണമാണ്. വന്‍കിട കച്ചവടക്കാരില്‍നിന്ന് വല്ല തുട്ടും കിട്ടുമോയെന്നു മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നോട്ടം. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ തമ്മിലടിയെന്നും വി എസ് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രന്‍, മാത്യു ടി തോമസ്, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുരേന്ദ്രന്‍പിള്ള, എം വിജയകുമാര്‍, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വി ഗംഗാധരന്‍നാടാര്‍ സ്വാഗതം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് വി.എസ്

Kummanam Rajasekharan


തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തീക്കളിയാണെന്നും വി.എസ് ആരോപിച്ചു. ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ ക്ഷേത്ര കമ്മറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കുമ്മനം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ക്ഷേത്ര ഭരണം ഭക്തര്‍ക്ക് വിട്ടു കൊടുക്കണമെന്നും സര്‍ക്കാരിന്റെ കൈവശം ക്ഷേത്ര സ്വത്തുക്കളുണ്ടെന്നും കുമ്മനം പറഞ്ഞിരുന്നു.