Thursday, 24 December 2015

ചട്ടത്തില്‍ വെള്ളം ചേര്‍ത്തു, അരലക്ഷം ഏക്കര്‍ നിലം നികത്തലിന് സർക്കാർ അംഗീകാരം

Ramsar


തിരുവനന്തപുരം : അമ്പതിനായിരത്തോളം ഏക്കര്‍ തണ്ണീര്‍ത്തടം അനധികൃതമായി നികത്തിയത് നിയമവിധേയമാക്കാന്‍  നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടത്തില്‍ തിരിമറി നടത്തി. നികത്തലിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കാനായുള്ള ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തീരുമാനം നടപ്പാക്കുന്നതിന് നിയമ ഭേദഗതി ആലോചിച്ചെങ്കിലും വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വളഞ്ഞ വഴി സ്വീകരിച്ചത്. നിയമ ഭേദഗതി നിയമസഭയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നതിനാലാണ് ചട്ടങ്ങളില്‍ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ചേര്‍ത്ത് ഭൂമാഫിയായെ സംരക്ഷിക്കാനുള്ള വളഞ്ഞ വഴി സ്വീകരിച്ചത്. സംസ്ഥാനത്ത്് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്.

നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച ചട്ടങ്ങളില്‍ അവ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന്റെ കള്ളക്കളി. 'നില'ത്തിന്റെ നിര്‍വചനം നിയമത്തിനു വിരുദ്ധമായാണ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് വയല്‍നികത്തലിന് സഹായിക്കാനും നിയമം അട്ടിമറിക്കാനുമാണെന്നത് വ്യക്തം. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമംതന്നെ അപ്രസക്തമാകും. 2008ലെ നിയമത്തില്‍ നിലം എന്നാല്‍ നെല്‍ക്കൃഷി ചെയ്യുന്നതോ കൃഷിക്ക് യോഗ്യമായിട്ടും തരിശ്ശിട്ടിരിക്കുന്നതോ ആയ സ്ഥലമാണെന്നാണ് പറയുന്നത്. അനുബന്ധ സ്ഥലങ്ങളും നിലത്തിന്റെ നിര്‍വചനത്തില്‍പ്പെടും. സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ നിര്‍വചനത്തില്‍ നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നിലമല്ലാത്തതുമായ സ്ഥലമെന്നാണ്. നിയമത്തിലും ചട്ടത്തിലും വയലിന്റെ നിര്‍വചനത്തെ മാറ്റിമറിച്ചതിലൂടെ 50,000 ഏക്കര്‍ വയല്‍നികത്തലിന് നിയമസാധുത ലഭിക്കും.

2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് വ്യാപകമായി നികത്തിയ നിലം ഭൂമാഫിയകള്‍ക്ക് ഇനി ഏതുരീതിയിലും ഉപയോഗിക്കാം. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് തീരുമാനം. അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒപ്പുവച്ച റാംസര്‍ ഉടമ്പടിപ്രകാരമുള്ള പ്രദേശമായി സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങള്‍പോലും നികത്തിയത് ഇതോടെ നിയമാനുസൃതമാകും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ സംരക്ഷിക്കാമെന്ന് ഉറപ്പുള്ളതിനാല്‍ നിലംനികത്തല്‍ ഇനിയും വ്യാപകമാകും.

വീട് വയ്ക്കാനായി അഞ്ചു സെന്റുവരെ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ക്കും ഭവനനിര്‍മാണത്തിന് സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മാത്രമേ ഇളവ് ലഭിക്കൂ. ഇതിന്റെ മറവില്‍ റിയല്‍എസ്റ്റേറ്റ് ലോബി നികത്തിയ ഭൂമിക്കെല്ലാം നിയമസാധുത ഉറപ്പാക്കുകയാണ്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഭൂമാഫിയക്ക് ഒത്താശചെയ്യാനുള്ള തീരുമാനം നേരത്തേ മന്ത്രിസഭ എടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം നിയമസഭയിലടക്കം ഉയര്‍ന്നു. 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ല്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ നെല്‍വയല്‍–തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ചാണ് 2005ന് മുമ്പ് രൂപാന്തരം സംഭവിച്ച നെല്‍വയല്‍–തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

No comments:

Post a Comment