Saturday, 19 December 2015
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് : ഇടുക്കിയില്‍ 450 പേര്‍ക്ക് ജപ്തി നോട്ടീസ്
ഇടുക്കി: ഇടുക്കിയിലെ വിവിധ യൂണിയനുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ചെയ്ത സംഘങ്ങളുടെ പേരില്‍ എസ്്എന്‍ഡിപി നേതാക്കള്‍ മൂന്ന് കോടിയിലധികം രൂപ തട്ടിയ സംഭവത്തില്‍ സംഘാംഗങ്ങള്‍ക്കെതിരെ വീണ്ടും ജപ്തിനോട്ടീസ്. യൂണിയനില്‍ പണം അടച്ച പാവങ്ങള്‍ നെട്ടോട്ടത്തിലായിട്ടും മുന്‍ ഭരണസമിതികളെ പഴിചാരി കൈമലര്‍ത്തുകയാണ് അധികൃതര്‍. മുമ്പ് നൂറിലധികംപേര്‍ക്ക് റവന്യു റിക്കവറി നോട്ടീസ് ലഭിച്ചിരുന്നു.
നടപടി വന്നവരില്‍ കൂടുതലും അടിമാലി യൂണിയന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബയൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവ വഴി വായ്പയെടുത്തവരാണ്. ഇരുനൂറോളം സംഘങ്ങളിലെ 2000ലേറെ ആളുകളുടെ പേരിലാണ് തട്ടിപ്പ്. ഇതിനകം 450ഓളം സംഘാംഗങ്ങള്‍ക്കെതിരെ ജപ്തി നോട്ടീസെത്തി. ബാങ്ക്– റവന്യൂ അധികൃതര്‍ ശക്തമായ നടപടിയുമായി പോകുമ്പോള്‍ കോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങാനാണ് യൂണിയന്‍ നേതാക്കളുടെ നിര്‍ദേശം. ഇതിനായി യൂണിയനുമായി ബന്ധമുള്ള അഭിഭാഷകരെ ചുമതലപ്പെടുത്തി. പൊലീസില്‍ പരാതി വരാതിരിക്കാന്‍ അംഗങ്ങളെ സ്വാധീനിക്കുന്നുണ്ട്. 2006–2007 വര്‍ഷം മുതല്‍ അടിമാലി എസ്ബിഐ ശാഖവഴിയാണ് മൂന്ന് കോടിയോളം രൂപ സംഘങ്ങള്‍ക്ക് നല്‍കിയത്. എസ്ബിഐ ബ്രാഞ്ചില്‍നിന്ന് മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരം സംഘാംഗങ്ങള്‍ക്ക് വിതരണംചെയ്ത വായ്പ നേതാക്കള്‍ തിരിമറി നടത്തുകയായിരുന്നു.
വനിതാസംഘങ്ങള്‍ക്ക് പുറമെ ചെമ്പഴന്തി എസ്എച്ച്ജി, കുമാരനാശാന്‍, ഡോ. പല്‍പ്പു, ഗുരുജ്യോതി, ആര്‍ ശങ്കര്‍, ടി കെ മാധവന്‍ എന്നിങ്ങനെ നവോത്ഥാന നായകരുടെയും എസ്എന്‍ഡിപി ആദ്യകാല നേതാക്കളുടെയും ഒക്കെ പേരിലാണ് സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്ത് തട്ടിപ്പ് നടത്തിയത്. സംഘങ്ങള്‍ക്ക് അനുവദിച്ച തുക അംഗങ്ങള്‍ക്ക് നല്‍കാതെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തിട്ടുണ്ട്. ചില സംഘങ്ങളും സംഘാംഗങ്ങളും യൂണിയനുകളില്‍ അടച്ചതുക ബാങ്കില്‍ എത്തിയില്ല. വായ്പതുക കുടിശിക ഉള്‍പ്പടെ യൂണിയന്‍ ഓഫീസില്‍ അടച്ചതായി വായ്പക്കാര്‍ പറയുന്നുണ്ടെങ്കിലും തുക ബാങ്കില്‍ എത്തിയിട്ടില്ല. തുടര്‍ന്ന് ബാങ്ക് പലതവണ വായ്പക്കാര്‍ക്ക് നോട്ടീസ് അയച്ച ശേഷമാണ് റവന്യു റിക്കവറിക്കായി റവന്യു വകുപ്പിന് കൈമാറിയത്.
ഉടുമ്പന്‍ചോല രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തന്‍പ്പാറ, കാന്തിപ്പാറ, വെള്ളത്തൂവല്‍, അടിമാലി വില്ലേജുകളുടെ പരിധിയില്‍ വരുന്ന 350ലേറെ പേര്‍ക്കാണ് റവന്യു റിക്കവറി വിഭാഗം 12014/4645/6 നമ്പര്‍ ഉത്തരവ് പ്രകാരം വീണ്ടും ജ്പതി നടപടിക്ക് നീക്കങ്ങളാരംഭിച്ചത്. മുന്‍ ഭരണസമിതിയാണ് കാരണക്കാരെന്നും അവരില്‍നിന്ന് പണം ഈടാക്കാന്‍ കേസ് നടക്കുകയാണെന്നുമാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ പറയുന്നത്. അംഗങ്ങള്‍ നല്‍കിയ പണം എപ്പോള്‍ ബാങ്കില്‍ അടച്ച് ജപ്തി നടപടികളില്‍നിന്നും ഒഴിവാക്കുമെന്നത് സംബന്ധിച്ച് നിലവിലെ ഭാരവാഹികള്‍ക്ക് മറുപടിയില്ല.
1,14,29,386 രൂപ തട്ടിപ്പ് നടത്തിയതിന് അടിമാലി മുന്‍യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു. പിന്നീട് പ്രതികള്‍ കോടതിയില്‍നിന്നും ജാമ്യംനേടി. വിശ്വാസവഞ്ചന, ചതി, പണാപഹരണം, ഗൂഢാലോചന, കണക്കുകളില്‍ കൃത്രിമം, സംഘങ്ങളും അംഗങ്ങളും നല്‍കിയ തുക അപഹരിക്കല്‍ എന്നിവയ്ക്കെതിരെ സെക്ഷന്‍ 120ബി, 406, 420, 465, 471, ഐപിസി 34 വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്.നടപടി പൂര്‍ത്തിയാക്കി വധിയാകാന്‍ വര്‍ഷങ്ങളെടുക്കും. ഇവരില്‍നിന്ന് തുക ഈടാക്കി ജപ്തിനടപടികളില്‍നിന്ന് മോചിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment