Wednesday, 16 December 2015

തീരാവേദനയിലും ആശ്വാസമായി അല്‍ഫോന്‍സയ്ക്ക് വീടൊരുങ്ങി

AM Arif MLA


പൂച്ചാക്കല്‍: ക്യാന്‍സര്‍ ബാധിതയായ അല്‍ഫോന്‍സയ്ക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍ സിപിഐ എം നേതൃത്വത്തില്‍ വീട് നിര്‍മിച്ചുനല്‍കി. അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ തട്ടാശേരിയില്‍ അല്‍ഫോന്‍സയ്ക്കും കുടുംബത്തിനുമാണ് അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റി തുണയായത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലടക്കം അപേക്ഷ നല്‍കിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് സിപിഐ എം നേതൃത്വത്തില്‍ വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

കാന്‍സര്‍ ബാധിച്ച് അല്‍ഫോന്‍സ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് നിലവിലുണ്ടായിരുന്ന ആസ്ബസ്റ്റോസ് പാകിയ വീട് രോഗം മൂര്‍ഛിക്കാന്‍ കാരണമാകുമെന്ന് ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വീട് പൊളിച്ചുമാറ്റിയിരുന്നു. പുതിയ വീടിന് അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തെങ്കിലും നടപടി ഉണ്ടായില്ല. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണ സമിതിക്കും പരാതി നല്‍കിയെങ്കിലും അവഗണിച്ചു.
രോഗം നല്‍കുന്ന വേദനയെക്കാളും ഏറെ വേദനയോടെ താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനം തന്നെ കൈവിട്ടെന്ന മനോവേദനയില്‍ കഴിയവെയാണ് സഹായ ഹസ്തവുമായി സിപിഐ എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. അഞ്ച് മാസംകൊണ്ട് നാലു ലക്ഷത്തോളം രൂപ മുടക്കി 680 ചതുരശ്രയടി  വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചുനല്‍കിയത്.

വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ നിരവധിപേര്‍ സിപിഐ എമ്മിനെ പ്രശംസിച്ചു. എ എം  ആരിഫ് എംഎല്‍എ താക്കോല്‍ അല്‍ഫോസയെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി കെ രാജപ്പന്‍ നായര്‍, വി എ രാജന്‍, ബി വിനോദ്, പി എം പ്രമോദ്, വിശ്വസത്യന്‍, പി എസ് ബാബു, ആബിദ അസീസ്, കൊച്ചപ്പന്‍ തുടങ്ങി ജനപ്രതിനിധികളും, രാഷ്ട്രീയ പ്രമുഖരും, നാട്ടുകാരും പങ്കെടുത്തു.

No comments:

Post a Comment