Sunday, 13 December 2015

കേരളത്തെ അപമാനിക്കലാണ് ആ തഴയല്‍ : MA ബേബി

ആര്‍ ശങ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലാണെന്ന് MA ബേബി MLA.

കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിമാരാരെയും പോലല്ല ശ്രീ ഉമ്മന്‍ ചാണ്ടി. അഴിമതി കൊണ്ടും മറ്റ് ആരോപണങ്ങള്‍ കൊണ്ടും തികച്ചും അനഭിമതനായ ഒരു വ്യക്തി ആയിരിക്കുന്നു അദ്ദേഹം. അഴിമതിയുടെയും നിയമവാഴ്ചയില്ലായ്മയുടെയും കാര്യത്തില്‍ സങ്കല്പ്പിക്കാനാകാതിരുന്ന പതനത്തിലാണ് കേരളത്തെ അദ്ദേഹം എത്തിച്ചിരിക്കുന്നത്.

പക്ഷേ, അദ്ദേഹം ഇപ്പോഴും കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ നേതാവുമാണ്. സാമൂഹ്യപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആര്‍ ശങ്കറിന്‍റെ പ്രതിമ ഇന്ത്യയുടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നത് തെറ്റാണ്. അപലപനീയമായ നടപടിയാണത്. അതുപോലെ തന്നെ പരിഹാസ്യമാണ് ഇക്കാര്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതിയും. സംഘപരിവാരത്തിന്‍റെ പുത്തന്‍ കൂട്ടാളി ശ്രീ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ അപമാനിക്കുമ്പോഴും, സംഘപരിവാരത്തിന്‍റെ പ്രീതി നഷ്ടപ്പെടരുതേ എന്ന ഉത്കണ്ഠയോടെ വളരെ വിധേയത്വത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 

ശ്രീ ഉമ്മന്‍ ചാണ്ടിക്ക് സംഘപരിവാരത്തോട് ഏറ്റുമുട്ടി അവരെ പിണക്കരുത് എന്നുണ്ടാവും. പക്ഷേ, എല്ലാ പുരോഗമനശക്തികളും ഇക്കാര്യത്തില്‍ പ്രതിഷേധിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെയും കേരള ചരിത്രത്തെയും സംഘപരിവാരം അപമാനിക്കുന്ന ഈ നടപടിയില്‍ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും MA ബേബി പറഞ്ഞു.

No comments:

Post a Comment