Monday, 14 December 2015

അമ്പലപ്പുഴയില്‍ സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി പരിക്കേല്‍പിച്ചു.

RSS criminals


അമ്പലപ്പുഴ > സിപിഐ എം പ്രവര്‍ത്തകനെയും സുഹൃത്തിനെയും ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിപരിക്കേല്‍പിച്ചു. സിപിഐ എം മുണ്ടകപ്പാടം ബ്രാഞ്ചംഗവും തോട്ടപ്പള്ളി ശിവശക്തിയില്‍ ശശിയുടെ മകനുമായ വിജി (42), വിജിയുടെ സുഹൃത്ത് രാഹുല്‍ (32) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വലതുകൈക്കും കാലിനും ഗുരുതരപരിക്കേറ്റ വിജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം. തോട്ടപ്പള്ളി നാലുചിറ സ്കൂള്‍ ജങ്ഷനില്‍ ദേശീയപാതയോരത്തുകൂടി വീട്ടിലേക്ക് പോകുമ്പോള്‍ വിജിയെ മൂന്ന് ബൈക്കുകളിലായെത്തിയ വിഷ്ണു, ഇട്ടൂപ്പ്, ഷാജി, ധനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്ന് അമ്പലപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വിജിയെ സംഘംചേര്‍ന്ന് ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് രാഹുലിനും വെട്ടേറ്റത്.

ആഴ്ചകള്‍ക്കുമുമ്പ് മുരുകന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയില്‍ മാരകായുധവുമായെത്തിയത് സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം നാളിതുവരെ പൊലീസ് വിട്ടുനല്‍കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

No comments:

Post a Comment