Tuesday, 15 December 2015

എല്‍ഡിഎഫ് ഡിസംബർ 30ന് കാസര്‍കോട് ജില്ലയിൽ പത്തിടത്ത് റോഡ് ഉപരോധിക്കും



കാസര്‍കോട് : തകര്‍ന്നടിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്. ദേശീയപാതയുള്‍പ്പെടെ ജില്ലയിലെ ഭൂരിപക്ഷം റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മഴ മാറിയിട്ടും റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് 30ന് പത്ത് കേന്ദ്രത്തില്‍ റോഡ് ഉപരോധിക്കും. അസംബ്ളി മണ്ഡലത്തില്‍ രണ്ട് കേന്ദ്രത്തില്‍ സമരം നടത്താന്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. പകല്‍ 11 മുതല്‍ 11.15 വരെയാണ് ഉപരോധം. ദേശീയപാതയും മണ്ഡലത്തിലെ പ്രധാനപ്പെട്ട മറ്റൊരു റോഡുമാണ് ഉപരോധിക്കുക. സംസ്ഥാനത്തെ ഏറ്റവും മോശം റോഡുള്ള ജില്ലയാണ് കാസര്‍കോട്. നിരവധി സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ദേശീയപാത പൊട്ടിപ്പൊളിയുന്നത് എല്ലാവര്‍ഷവും ആവര്‍ത്തിക്കുകയാണ്. പൊളിഞ്ഞ സ്ഥലത്ത് ഓട്ടയടക്കുന്ന പണിയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. മലയോര റോഡുകളെല്ലാം പരിതാപകരമായ അവസ്ഥയിലാണ്. ബന്തടുക്ക, പാണത്തൂര്‍, ചിറ്റാരിക്കാല്‍ ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി റോഡുകളുടെ വികസനത്തിന് വലിയ പദ്ധതി തയ്യാറാക്കിയെങ്കിലും യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ആ പദ്ധതിയെല്ലാം ഉപേക്ഷിച്ചു. വര്‍ഷംതോറും റോഡ് പുതുക്കിപ്പണിയുന്നുണ്ടെങ്കിലും കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം തട്ടാനുള്ള ഏര്‍പ്പാടായി മാറുകയാണ്. ദേശീയപാതയുടെ തകര്‍ച്ചതന്നെ ഇതിനുദാഹരണമാണ്. പൊയിനാച്ചി മുതല്‍ നീലേശ്വരം വരെ ദേശീയപാത റീ ടാറിങ്ങിന് ടെന്‍ഡര്‍ കൊടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. തല്‍കാലത്തേക്ക് കുഴിയടക്കുന്ന പണി മാത്രമാണുണ്ടായത്. മലയോര ഹൈവേ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിന്റെ പണി തുടങ്ങാനും നടപടിയില്ല. ഇങ്ങനെ ജില്ലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് 30ന്റെ സമരം. മുഴുവന്‍ ജനങ്ങളും സമരവുമായി സഹകരിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ അഭ്യര്‍ഥിച്ചു.

2 comments: