Sunday, 13 December 2015

മകന്‍ ഗംഗാനദിക്കരയില്‍ ഉപേക്ഷിച്ച പിതാവിനു പോലീസ് രക്ഷകനായി



ചാവക്കാട്: കവര്‍ച്ചനടത്തി രാജ്യത്തിന്റെ അതിര്‍ത്തി കടന്നവരെ തേടിപ്പോയ പോലീസ് ഉദ്യോഗസ്ഥന്‍ കണ്‍മുന്നില്‍ കണ്ടതു മകന്‍ ഉപേക്ഷിച്ച വൃദ്ധന്റെ അതിരില്ലാത്ത ദുഃഖം. കാക്കിയിലൊളിക്കാത്ത കരുണപകര്‍ന്ന് ആ സങ്കടത്തിന് അറുതിവരുത്താനായതിന്റെ സംതൃപ്തിയിലാണ് എഎസ്ഐ മുഹമ്മദ് റാഫി. വടക്കേക്കാട് നടന്ന കവര്‍ച്ചയിലെ പിന്നിലെ പ്രതികളെ തേടി നേപ്പാളിലേക്കുപോയ അന്വേഷണസംഘാംഗമാണ് എഎസ്ഐ മുഹമ്മദ് റാഫി. തീര്‍ഥാടനത്തിനെന്നു പറഞ്ഞു കൊണ്ടുപോയി ഗംഗാതീരത്തു മകന്‍ ഉപേക്ഷിച്ച ശിവരാമന് (80) മുഹമ്മദ് റാഫി തുണയായി.

മകനെത്തേടി കണ്ണുനീര്‍ വറ്റി ഒടുവില്‍ ഭിക്ഷാടനവുമായി ഗംഗാതീരത്ത് അലഞ്ഞിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ശിവരാമനാണു വലപ്പാട് പോലീസ് സ്റേഷനിലെ അഡീഷണല്‍ എസ്ഐ മുഹമ്മദ് റാഫി തുണയായത്. അന്വേഷണസംഘം നേപ്പാളില്‍നിന്നു തിരിച്ചുവരുമ്പോള്‍ ഹരിദ്വാറിലെത്തി. അവിടെ മാനസദേവീ ക്ഷേത്രത്തിനടുത്തു സീനിയര്‍ ഉദ്യോഗസ്ഥരോടൊപ്പം നടക്കുമ്പോഴാണു റാഫി ശിവരാമനെ കാണുന്നത്.ഭിക്ഷാടനത്തിനിരിക്കുന്നതു മലയാളിയാണെന്നു തിരിച്ചറിഞ്ഞ റാഫി അടുത്തുചെന്ന് അന്വേ ഷിച്ചു. മറുപടി പറയാതെ ശിവരാമന്‍ പൊട്ടിക്കരഞ്ഞു. വൃദ്ധനെ ആശ്വസിപ്പിച്ചു വിവരങ്ങള്‍ തിരക്കിയപ്പോഴാണു രണ്ടു വര്‍ഷം മുമ്പ് മകന്‍ ഗംഗാതീരത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞ വിവരം അറിയുന്നത്.

ശിവരാമന്റെ ഭാര്യ മരിച്ചതിനുശേഷം എന്‍ജിനിയറായ മകനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. തീര്‍ഥാടനത്തിനായി രണ്ടുവര്‍ഷം മുമ്പ് മകനോടൊപ്പം ഗംഗാതീരത്തു വന്നു. പിന്നീടു മകനെ കണ്ടില്ല. കുറെ അന്വേഷിച്ചു. പട്ടിണിയും ദുഃഖവും ശോഷിപ്പിച്ച ശരീരവുമായി ശിവരാമനും ഗംഗാതീരത്തെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി. ശിവരാമന്റെ ദുഃഖകഥ റാഫി സീനിയര്‍ ഉദ്യോഗസ്ഥനുമായി ചര്‍ച്ചചെയ്തു. തുടര്‍ന്നു തിരുവനന്തപുരം പോലീസിനു വിവരം കൈമാറി. അരമണിക്കൂറിനകം ശിവരാമന്റെ മകനെ കണ്ടെത്തി . അച്ഛനെ തിരികെ കൊണ്ടുവരാന്‍ മകന്‍ തയാറായി.ശിവരാമനെ മലയാളികളടങ്ങിയ സ്ഥലത്തു സുരക്ഷിതനാക്കി സംഘം മടങ്ങി. അടുത്ത ദിവസം മകന്‍ എത്തി അച്ഛനെ നാട്ടിലേക്കു കൊണ്ടുവന്നു.

No comments:

Post a Comment