Monday, 14 December 2015
അട്ടപ്പാടിയില്‍ മദ്യദുരന്തം പെരുകുന്നു- ഒരുവര്‍ഷത്തിനിടെ 15 മരണം
അഗളി > ആനക്കട്ടിയിലെ തമിഴ്നാടിന്റെ വിദേശമദ്യശാലകളില്‍നിന്ന് മദ്യംകഴിക്കുന്നവര്‍ വ്യത്യസ്ത കാരണങ്ങളാല്‍ മരിക്കുന്നത് വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 15 പേരാണ് ഇത്തരത്തില്‍ മരിച്ചതെന്ന് സംഭവത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. മരിച്ചവരില്‍ ഭൂരിപക്ഷം പേരും ആദിവാസികളാണ്. മദ്യപിച്ചശേഷം കുഴഞ്ഞുവീണും അപകടത്തില്‍പ്പെട്ടുമാണ് പലരും മരിച്ചത്. മദ്യപിച്ച് വഴിയില്‍കിടന്ന ആദിവാസിയെ ആനചവിട്ടിക്കൊന്ന സംഭവവുമുണ്ടായി. മറ്റൊരു യുവാവിന്റെ തലയിലൂടെ വാഹനംകയറിയിറങ്ങുകയും ചെയ്തു. മറ്റൊരാള്‍ മദ്യലഹരിയില്‍ ആനക്കട്ടി പാലത്തില്‍നിന്ന് താഴെവീണ് മരിച്ചു. ആനക്കട്ടിയിലെ മദ്യശാലയില്‍നിന്ന് മദ്യം വാങ്ങിവരുമ്പോള്‍ മറ്റൊരാള്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്ക്മുന്നിലെ വെയിറ്റിങ്ഷെഡില്‍ ഒരു ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുകയാണെന്നാണ് നാട്ടുകാര്‍ കരുതിയത്. വെയിറ്റിങ് ഷെഡുകളില്‍ ഇത് പതിവ് കാഴ്ചയായതിനാല്‍ ആരും ശ്രദ്ധിക്കാറുമില്ല. സംസ്ഥാന സര്‍ക്കാര്‍ 2008ല്‍ നടത്തിയ സര്‍വേയില്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി കണ്ടിരുന്നു. ആകെയുള്ള 8,589 കുടുംബങ്ങളില്‍ 4,544 കുടുംബങ്ങളും മദ്യത്തിന് അടിമയാണ്. ഇതില്‍ 2,294 കുടുംബങ്ങള്‍ വരുമാനത്തിന്റെ പത്ത് ശതമാനവും 1,524 കുടുംബങ്ങളില്‍ വരുമാനത്തിന്റെ 25 ശതമാനംവരെയും ലഹരിക്കായി വിനിയോഗിക്കുന്നു. ഈകണക്ക് ഇപ്പോള്‍ മാറുകയാണ്. മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങളും പെരുകുന്നു. മാരകരോഗത്തിനടിമയായി മരിക്കുന്നവരുടെ എണ്ണവും കൂടുന്നു. മദ്യവില്‍പ്പന സംസ്ഥാന അതിര്‍ത്തിക്കപ്പുറമായതിനാല്‍ സര്‍ക്കാരിന് നടപടിയെടുക്കാനും കഴിയുന്നില്ല. എക്സൈസ് വകുപ്പിന് മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും കഴിയില്ല. ആനക്കട്ടിയില്‍നിന്ന് മദ്യം വാങ്ങികഴിക്കുന്നവരില്‍ ഭൂരിഭാഗവും അമ്പത് വയസ് തികയും മുമ്പ് മരിക്കുന്നു. 1994 ലാണ് അട്ടപ്പാടിയില്‍ മദ്യത്തിനെതിരെ വലിയ പ്രക്ഷോഭം നടക്കുകുയും തുടര്‍ന്ന് മദ്യം നിരോധിക്കുകയും ചെയ്തത്. മദ്യനിരോധനത്തിനായി അന്ന് സമരം നടത്തിയ സംഘടനകളെ ഇപ്പോള്‍ കാണുന്നുമില്ല. പിന്നീട് മറ്റ് ചില സംഘടനകള്‍ രംഗത്തുവന്നുവെങ്കിലും അവരും അപ്രത്യക്ഷമായി. മദ്യത്തിനടിമപ്പെട്ട് ആദിവാസികള്‍ മരിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ പ്രതിരോധിക്കുമെന്ന് ആര്‍ക്കും അറിയില്ല. തമിഴ്നാട്ടില്‍ മദ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ആനക്കട്ടിയില്‍ അത്തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കാണുന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment