
പ്രധാനമന്ത്രി ഒരു സംസ്ഥാനത്തിലേക്ക് വരുമ്പോൾ സ്വാഭാവികമായും ആ സംസ്ഥാനത്തിലെ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുണ്ടാവും പക്ഷെ, കേരളത്തിലുള്ളവരുടെ എല്ലാ പ്രതീക്ഷകളെയും കരിച്ചുകളയുന്ന സാന്നിധ്യമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. അദ്ദേഹത്തിന്റെ കേരളപ്രസംഗം കേരളത്തിലെ യാഥാര്‍ഥ്യങ്ങളെ അറിയാതെയുള്ള ജല്‍പ്പനങ്ങള്‍ മാത്രമായിരുന്നു.
കേരളത്തില്‍ സംഘപരിവാറിനെതിരെ കടുത്ത ആക്രമണം നടക്കുന്നുവെന്നാണ് മോഡി പറഞ്ഞത്. എന്നാല്‍, കേരളത്തിലെ അക്രമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് ആണെന്നതാണ് യാഥാര്‍ഥ്യം. ഏകദേശം 220 സിപിഐ എം പ്രവര്‍ത്തകരാണ് ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായത്. ഈ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ 17 സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി. ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ വക്താവാണ് അക്രമത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്തെ ആകമാനം ലജ്ജിപ്പിച്ച ന്യൂനപക്ഷ വേട്ട അരങ്ങേറിയത്. ഫരീദാബാദില്‍ രണ്ട് പിഞ്ച് ദളിത്കുട്ടികളെ ചുട്ടുകൊന്നപ്പോള്‍ പട്ടികളോട് ഉപമിച്ച കേന്ദ്രമന്ത്രിയെ ഇപ്പോഴും സംരക്ഷിക്കുകയാണ് മോഡി.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പഠിപ്പിച്ച ശ്രീനാരായണ ദര്‍ശനത്തെ വര്‍ഗീയമായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്. ശ്രീനാരായണഗുരു ദര്‍ശനങ്ങളെ അറിയുകയും ഉള്‍ക്കൊള്ളുകയുംചെയ്യുന്ന കേരളജനതയുടെ മുമ്പില്‍ വിലപ്പോകില്ല. കോണ്‍ഗ്രസുകാരനായ വല്ലഭായ് പട്ടേലിനെ റാഞ്ചിയെടുക്കാന്‍ സംഘപരിവാര്‍ നടത്തിയ ഇടപെടലിന്റെ നാണിപ്പിക്കുന്ന മറ്റൊരു മുഖമാണ് പ്രധാനമന്ത്രി കാണിച്ച നാടകം. ആര്‍ ശങ്കര്‍ എന്ന കോണ്‍ഗ്രസുകാരനെയും റാഞ്ചിയെടുക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയെ ശങ്കര്‍ പ്രതിമ അനാച്ഛാദനച്ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയ വെള്ളാപ്പള്ളിയുടെ നടപടി ആ ചടങ്ങ് ആര്‍എസ്എസ് പ്രചാരണവേദി ആക്കാനായിരുന്നെന്ന് തെളിഞ്ഞിരിക്കയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തില്‍ ആര്‍എസ്എസിനെതിരെ ഒരു വാക്കുപോലും സംസാരിച്ചില്ല. ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെതിരെ ഒരിക്കല്‍പ്പോലും പ്രതികരിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്.
നരേന്ദ്ര മോഡിയുടെ പിന്തുണ ലഭിച്ച വെള്ളാപ്പള്ളി, ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം രൂപപ്പെടുത്താനുള്ള അണിയറ നീക്കത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കേരളത്തിന്റെ ഒരു പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയില്ലെന്നു മാത്രമല്ല, നിലനില്‍ക്കുന്ന മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് ഉണ്ടായത്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇടപെടലിന് പകരം ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയ്ക്കുള്ള പ്രസ്താവനകളും പ്രവൃത്തികളുമാണ് മോഡി നടത്തിയത്.
No comments:
Post a Comment