Saturday, 19 December 2015
ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ സംഘപരിവാര്‍ ആക്രമിച്ചു
മുംബൈ/ അഹമ്മദാബാദ്: ഷാറൂഖ് ഖാന്‍ നായകനായ ദില്‍വാലെ റിലീസ് ചെയ്ത രാജ്യത്തെ വിവിധ തിയേറ്ററുകള്‍ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചു. തിയറ്ററുകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ സിനിമയുടെ പോസ്റ്ററുകള്‍ കീറി. ഷാരൂഖിന്റെയും മറ്റും ചിത്രങ്ങള്‍ കത്തിച്ചു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് ആഴ്ചകള്‍ക്കു മുമ്പ് ഷാരൂഖ് പറഞ്ഞിരുന്നു. ഇതാണ് ആക്രമണത്തിനു കാരണം. സഞ്ജയ് ലീല ബന്‍സലിയുടെ ബാജിറാവു മസ്താനി എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെയും ആക്രമണം നടന്നു. ചരിത്രം വളച്ചൊടിച്ചുവെന്നതാണ് ഈ സിനിമക്കെതിരായ ആരോപണം.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സംഘപരിവാര്‍ അഴിഞ്ഞാട്ടം കുടുതലായി നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം റദ്ദാക്കി. ഷാറൂഖ് രാജ്യദ്രോഹിയെന്നു മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപി, ആര്‍എസ്എസ്, ഹിന്ദുസേന, ഹിന്ദു മിത്ര മണ്ഡല്‍, ഭാരതീയ ജനത യുവമോര്‍ച്ച തുടങ്ങിയ സംഘടനകളുടെ ആക്രമണം. മുംബൈയില്‍ ദില്‍വാലെ റിലീസ് ചെയ്ത തിയേറ്റര്‍ ആക്രമിച്ച അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് പിടികൂടി.
മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബാല്‍പൂര്‍ എന്നിവയടക്കമുള്ള നഗരങ്ങളില്‍ ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിച്ചു. ജബല്‍പൂരിലെ തിയേറ്ററിലേക്ക് തള്ളിക്കയറിയ സംഘപരിവാറുകാര്‍ പ്രദര്‍ശനം ബലമായി നിര്‍ത്തിച്ചു. ഇന്‍ഡോറില്‍ ഹിന്ദ് രാഷ്ട്ര സംഘതന്‍ തലവന്‍ രാജേഷ് ശിരോദ്ക്കറിനെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, മെഹ്സന എന്നിവിടങ്ങളില്‍ വ്യാപകമായ ആക്രമണമുണ്ടായി. നിരവധി തിയേറ്ററുകളില്‍ വന്‍നാശം വരുത്തിവെച്ചു. പേഷ്വാ ഭരണകാലത്തെ ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ചു എന്ന് ആരോപിച്ചാണ് ബാജിറാവു മസ്താനി പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിച്ചത്. പുണെയിലെ മള്‍ട്ടിപ്ളക്സുകളില്‍ അടക്കം നിരവധി തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment