Thursday, 31 December 2015
സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും ജനുവരി ആറിന് വനിതാ പർലമെന്റ് രൂപീകരിക്കുന്നു.
കൊച്ചി : സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും രൂപംനല്‍കുന്ന വനിതാ പാര്‍ലമെന്റില്‍ വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച ഒട്ടേറെ പ്രഗത്ഭമതികള്‍ പങ്കെടുക്കും. മലയാള സിനിമയുടെതന്നെ അമ്മ പ്രതീകമായ കവിയൂര്‍ പൊന്നമ്മ, യുവനടി റിമ കല്ലിങ്കല്‍, മുസ്ളീം സ്ത്രീകള്‍ക്ക് അഭിനയം നിഷിദ്ധമായി കരുതിയ കാലത്ത് അരങ്ങിലും അഭ്രപാളിയിലും തിളങ്ങിയ നടി നിലമ്പൂര്‍ ആയിഷ, ശീമാട്ടി വസ്ത്രാലയ ഉടമ ബീന കണ്ണന്‍ തുടങ്ങിയവര്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. സാഹിത്യകാരികള്‍, വിവിധ തൊഴില്‍ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരടക്കം മൂവായിരത്തോളം പേര്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രവും ഇ എം എസ് പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് ജനുവരി ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പാര്‍ലമെന്റ്് സംഘടിപ്പിക്കുന്നത്.
പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്. സിയാല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും പരിസരവും കൂട്ടായ്മയുടെ സന്ദേശങ്ങളും പ്രചാരണങ്ങളുംകൊണ്ട് നിറഞ്ഞു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് കണ്‍വന്‍ഷന്‍ സെന്റര്‍വരെ അലങ്കരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പാര്‍ലമെന്റിന്റെ ചെലവിനുള്ള ഫണ്ടും വനിതകള്‍ സമാഹരിക്കും. ഇതിനായി ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളെ സമീപിക്കും.
സംസ്ഥാനതല പാര്‍ലമെന്റിനുശേഷം ജില്ലാതലത്തിലും അതിനുശേഷം നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഈ തരത്തില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും. ഈ പാര്‍ലമെന്റിലൂടെ കണ്ടെത്തുന്ന കാര്യങ്ങളും ബദല്‍ സമീപനങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും.
Subscribe to:
Post Comments (Atom)


No comments:
Post a Comment