Monday, 14 December 2015

പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മേലുളള നികുതി വർദ്ധനവിലൂടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.


കേന്ദ്രസർക്കാരിൻറെ ഏറ്റവും വലിയ വരുമാനമാർഗം പെട്രോളിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മേലുളള എക്സൈസ്, കസ്റ്റംസ് നികുതിയാണ്. ഈയിനത്തിലുളള നികുതിവരുമാനം 2010-11ൽ 1.4 ലക്ഷം കോടി രൂപയായിരുന്നത് ഏതാണ്ട് രണ്ടര ലക്ഷം കോടി രൂപയായി നടപ്പുവർഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോളിൻറെ എക്സൈസ് തീരുവ അഞ്ചു തവണ വർദ്ധിപ്പിച്ചു. 2014 ഏപ്രിൽ മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എക്സൈസ് നികുതി കേന്ദ്രസർക്കാരിന് ലഭിച്ചിരുന്നു. ഇപ്പോൾ 19.06 രൂപ കിട്ടും. ഡീസലിൻറെ വർദ്ധന ഇതിനെക്കാൾ കൂടുതലാണ്. ലിറ്ററിന് 3.65 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ കിട്ടന്നത് 10.66 രൂപയാണ്. ബിജെപി സർക്കാർ ബജറ്റിൽ അടിച്ചേൽപ്പിച്ച അധികനികുതിയെക്കാൾ എത്രയോ കൂടുതലാണ് ബജറ്റിനു പുറത്ത് പെട്രോളിയം എക്സൈസ് തീരുവ വർദ്ധിപ്പിച്ച് കൈയടക്കിയിരിക്കുന്നത്. 2014ൽ ബിജെപി അധികാരത്തിൽ വരുമ്പോൾ 101 ഡോളർ ആയിരുന്നു ക്രൂഡ് ഓയിൽ വില. ഇന്നത് 36.62 ഡോളറായി താഴ്ന്നിരിക്കുന്നു. അന്തർദേശീയ പെട്രോളിയം മാർക്കറ്റിൽ വലിയ ഭൂകമ്പമാണ് നടക്കുന്നത്. ഒപ്പെക് തകർന്നു. ആഗോളമാന്ദ്യം മൂലം പെട്രോളിൻറെ ആവശ്യവും കുറഞ്ഞു. അമേരിക്കയാവട്ടെ, ധ്രുവമേഖലയിലെ ഷെയിൽ എണ്ണ അടങ്ങുന്ന പാറക്കെട്ടുകൾ പൊടിച്ച് വലിയതോതിൽ എണ്ണ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൌദി അറേബ്യയുടെ ഉൽപാദനത്തിനടുത്തു വരും അമേരിക്കയുടെ ഷെയിൽ ഓയിൽ ഉത്പാദനം. ഈ എണ്ണ മുഴുവൻ അമേരിക്ക മാർക്കറ്റിലിറക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ പാഠം പഠിപ്പിക്കുന്നതിനുളള രാഷ്ട്രീയ ഉന്നവും അമേരിക്കയ്ക്കുണ്ട്. രൂപയുടെ വിനിമയ നിരക്കു കൂടി കണക്കിലെടുത്താൽ ഒരു ലിറ്റർ ക്രൂഡ് ഓയിലിൻറെ വില 39.38 രൂപയിൽ നിന്ന് 14.5 രൂപയായി താണിരിക്കുന്നു. ഇതിന് അനുസരിച്ച് ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആഭ്യന്തരവില കുറയേണ്ടതാണ്. എന്നാൽ നികുതി കൂട്ടി വിലയിടവിൻറെ നേട്ടം മുഴുവൻ നികുതിയായി തട്ടിയെടുക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

No comments:

Post a Comment