Wednesday, 23 December 2015
യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യുവകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
പാലക്കാട് : യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യുവകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. 1994 ലെ യുഡിഎഫ് സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന ഒരുലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കിരയായ ഒരു ലക്ഷം യുവകര്‍ഷകര്‍ക്ക് 20 വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ദാനപദ്ധതി നടപ്പാക്കിയില്ല. ആനുകൂല്യവും ലഭിച്ചില്ല. അന്നത്തെ വാഗ്ദാനം അനുസരിച്ച് കേരളത്തിലാകെ 1,04,312 യുവകര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. 1100 രൂപ ഷെയര്‍ നല്‍കിയായിരുന്നു രജിസ്ട്രേഷന്‍. ഈയിനത്തില്‍ 200 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
യുവകര്‍ഷകര്‍ക്ക് പദ്ധതിയുടെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഒരു ലക്ഷം രൂപ ബാങ്ക് വായ്പ നല്‍കും. ഇതില്‍ 50,000 രൂപ സബ്സിഡിയായിരിക്കും. 60 വയസ്സ് തികഞ്ഞാല്‍ മാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഗ്രാറ്റുവിറ്റിയായി 30,000 മുതല്‍ 60,000 രൂപ വരെ ലഭിക്കും. മരിച്ചാല്‍ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും എന്നായിരുന്നു. 20 വര്‍ഷത്തിനിപ്പുറവും അന്ന് രജിസ്റ്റര്‍ ചെയ്ത യുവകര്‍ഷകര്‍ മാനത്ത് നോക്കിയിരിപ്പാണ്. പലര്‍ക്കും 60 വയസ് പൂര്‍ത്തിയായി. പലരും മരിച്ചു. എന്നിട്ടും പെന്‍ഷനോ മറ്റൊരു ആനുകൂല്യമോ ലഭിച്ചില്ല. അന്ന് നൂറോളം ഉദ്യോഗസ്ഥരടങ്ങിയ പദ്ധതി നിര്‍വഹണ സംഘവും രൂപീകരിച്ചു. ഇതില്‍ നബാര്‍ഡ്, സംസ്ഥാന സഹകരണബാങ്ക്, ധനവിദഗ്ധര്‍, ലീഡ് ബാങ്ക് പ്രതിനിധികള്‍ അടങ്ങിയിരുന്നു. ഇതെല്ലാം ആയതോടെ യുവകര്‍ഷകര്‍ സര്‍ക്കാരിനെ വിശ്വസിച്ചു. പദ്ധതി എന്നുതുടങ്ങുമെന്നറിയാന്‍ വര്‍ഷങ്ങളോളം യുവകര്‍ഷകര്‍ കൃഷിഭവനില്‍ കയറിയിറങ്ങി. അവസാനം സര്‍ക്കാര്‍ വഞ്ചനമനസിലായതോടെ നിരാശയോടെ പിന്‍വാങ്ങി. ഇന്നവരില്‍ പലര്‍ക്കും കാര്‍ഷികവൃത്തി ചെയ്യാനുള്ള ആരോഗ്യം പോലും ഇല്ലാതായി. എന്നിട്ടും സര്‍ക്കാരിന്റെ കൈയിലുള്ള കര്‍ഷകരുടെ ഷെയറോ അതിനുള്ള ആനുകൂല്യമോ നല്‍കാന്‍ തയ്യാറാവുന്നില്ല.
യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകകുടുംബങ്ങളെ വഞ്ചിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച പദ്ധതി 2013ല്‍ പുതുക്കിയതായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 7000 യൂണിറ്റ് വാഴകൃഷിചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. 700 ഹെക്ടറില്‍ ചെയ്യുന്ന വാഴകൃഷി ഒരു യൂണിറ്റിന് 7000 രൂപയാണ് ചെലവ്. ഇതില്‍ 5250 രൂപ സബ്സിഡയായിരുക്കുമെന്നും പ്രഖ്യാപിച്ചു. കൃഷിചെയ്യാനുള്ള വാഴകളുടെ പേരും പ്രസിദ്ധീകരിച്ചു. നേന്ത്രന്‍, കദളി, റോബസ്റ്റ്, ഞാലിപ്പൂവന്‍, പൂവന്‍ എന്നിവയാണ് തെരഞ്ഞെടുത്തത്. 0.1 ഹെക്ടറാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. ഈ പദ്ധതിയും എങ്ങും എത്തിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളെ പുതിയ പേര് നല്‍കി നടപ്പാക്കാനും ശ്രമിച്ചു. അവയും പരാജയപ്പെട്ടു.
2014 ജൂലൈ ഒന്നിന് 60 വയസ് തികഞ്ഞ കര്‍ഷകര്‍ക്ക് 16 മാസമായി പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാത്ത സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ ജനുവരി 13ന് കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ യുവകര്‍ഷകസമിതി ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ബൈജു ഉദ്ഘാടനം ചെയ്തു. കെ ബി അജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എന്‍ അരവിന്ദാക്ഷന്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment