Monday, 14 December 2015

വെള്ളാപ്പള്ളിയുടെ നടപടി മത നിരപേക്ഷതയോടുള്ള വെല്ലുവിളി : കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥലം എംഎല്‍എയായ എഎ അസീസും പങ്കെടുക്കേണ്ടതില്ലെന്നും അതേസമയം എന്‍ കെ പ്രേമചന്ദ്രന്‍ എംപിയേയും പി കെ ഗുരുദാസന്‍ എംഎല്‍എയേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനനുസൃതമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇത്തരം സമീപനങ്ങൾ കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നടപടിയാണ് എന്നും കോടിയേരി പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:


ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. എസ്എന്‍ ട്രസ്റ്റ് നടത്തുന്ന കോളേജില്‍ സ്ഥാപിക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങ് ആര്‍എസ്എസ് ചടങ്ങാക്കി മാറ്റാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എടുത്ത തീരുമാനം ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ പൂര്‍ണ്ണമായി തിരസ്കരിക്കുന്ന സമീപനമാണ്.

കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ബിജെപി ചരിത്രപുരുഷന്മാരെ തങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സമീപനം.
നെഹ്റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍എസ്എസ് ഏറ്റെടുത്തതുപോലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആര്‍ ശങ്കറിനെ ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്ന നടപടി.

ആര്‍ ശങ്കര്‍ ആര്‍എസ്എസ് പ്രതിനിധാനം ചെയ്ത മതമൌലികതയ്ക്കെതിരെ ശ്രീനാരായണീയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു. അത്തരമൊരു നേതാവിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതു മര്യാദയനുസരിച്ചും പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി സ്വീകരിച്ച നടപടി വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപമാനകരമായ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടും അതിനെതിരെ കേരളത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കാതെ മൌനം പാലിക്കുന്ന മുഖ്യമന്ത്രി ആര്‍എസ്എസിനോടുള്ള വിധേയത്വം ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥലം എംഎല്‍എയായ എഎ അസീസും പങ്കെടുക്കേണ്ടതില്ലെന്നും അതേസമയം എന്‍ കെ പ്രേമചന്ദ്രന്‍ എംപിയേയും പി കെ ഗുരുദാസന്‍ എംഎല്‍എയേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനനുസൃതമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇത്തരം സമീപനങ്ങൾ കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നടപടിയാണ്.

1 comment: