Showing posts with label Kottayam. Show all posts
Showing posts with label Kottayam. Show all posts

Thursday, 31 December 2015

റബര്‍ കര്‍ഷകദുരിതം... കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് രാപ്പകല്‍ സമരം



കോട്ടയം : റബര്‍ വിലയിടിവില്‍ കര്‍ഷകദുരിതം രൂക്ഷമായിട്ടും അനങ്ങാപ്പാറനയം തുടരുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ദ്വിദിന രാപ്പകല്‍ സമരം തിങ്കളാഴ്ച രാവിലെ 10ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ 4, 5 തീയതികളിലാണ് സമരം.

റബര്‍ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുക, 200 രൂപ  തറവില നിശ്ചയിച്ച് കേന്ദ്ര–സംസ്ഥാന ഏജന്‍സികള്‍ റബര്‍ സംഭരിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിലനിര്‍ത്തുക, ഊഹക്കച്ചവടം അവസാനിപ്പിക്കുക, കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കുക, കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു.
വിലസ്ഥിരതാഫണ്ടായി 300 കോടി മാത്രം നീക്കിവയ്ക്കുകയും അതിന്റെ നാലിലൊന്ന് പോലും വിതരണംചെയ്യാതിരിക്കുകയും ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ നടപടി പരാജയമായി. ആസിയന്‍ കരാര്‍ മറവില്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച നടപടിയാണ് കര്‍ഷകര്‍ക്ക് ഏറെ വിനയായത്. അതോടെ രാജ്യത്തെ ഏത് തുറമുഖം വഴിയും റബര്‍ ഇറക്കുമതി ചെയ്യാമെന്ന നിലവന്നു. കോണ്‍. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ ഇടപാടിന് ആക്കം കൂട്ടിയത് ബിജെപി സര്‍ക്കാരാണ്.
ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന് കൃഷിക്കാരോട് ശത്രുതാപരമായ നിലപാടാണ്. ഒരു ഹെക്ടറില്‍ 605 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ ശേഷിയുള്ള റബര്‍ മരം മികച്ച പരിസ്ഥിതിവിളയാണെന്ന ശാസ്ത്രസത്യം പോലും മറന്നാണ് അധികാരികളുടെ അവഗണന.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കേരള കര്‍ഷകസംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്കറിയ തോമസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് തോമസ്, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി, സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് ടി വി ബേബി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കവേലി, ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ തുടങ്ങിയ മുന്നണി നേതാക്കള്‍ക്കൊപ്പം നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കും.

Monday, 14 December 2015

വെളിയന്നൂരില്‍ മാണിഗ്രൂപ്പില്‍ പൊട്ടിത്തെറി; വിമതവിഭാഗം സമാന്തര കണ്‍വന്‍ഷന്‍ നടത്തി. വാര്‍ഡുപ്രസിഡന്റ് അടക്കം രാജിവച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു.

Kerala Congress (M)


വെളിയന്നൂര്‍ > വെളിയന്നൂര്‍ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിനെതിരെ വിമതവിഭാഗം കണ്‍വന്‍ഷന്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിയേത്തുടര്‍ന്ന് മാണിഗ്രൂപ്പിലുണ്ടായ ആഭ്യന്തരകലാപമാണ് സമാന്തരപ്രവര്‍ത്തകയോഗം വിളിക്കാനിടയാക്കിയത്. വ്യാഴാഴ്ച പകല്‍ 11 ന് വെട്ടുപാറപ്പുറത്ത് ഹാളിലായിരുന്നു കേരള കോണ്‍ഗ്രസ് എം വെളിയന്നൂര്‍മണ്ഡലം വൈസ്പ്രസിഡന്റ് ബേബിച്ചന്‍കണ്ടനാംതടത്തിലിന്റെ അധ്യക്ഷതയില്‍ സമാന്തരകണ്‍വന്‍ഷന്‍ നടന്നത്. മോന്‍സ്ജോസഫ് എംഎല്‍എ പ്രവര്‍ത്തകയോഗത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലിജോസഫ്, മുന്‍പഞ്ചായത്തംഗം സ്റ്റിനിവില്‍സണ്‍, ചുമ്മാര്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മാണിഗ്രൂപ്പ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഷിബി മത്തായി പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു. ഔദ്യോഗികവിഭാഗം മണ്ഡലംപ്രസിഡന്റ് സണ്ണിപുതിയിടത്തിന്റെ നേതൃത്തിനെതിരെയുള്ള പ്രതിഷേധമാണ് യോഗത്തില്‍ പങ്കെടുത്തവരെല്ലാം പങ്കിട്ടത്. നേരത്തെ വെളിയന്നൂര്‍ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് എം വാര്‍ഡുപ്രസിഡന്റ് അടക്കം രാജിവച്ച് സിപിഐ എമ്മില്‍ ചേര്‍ന്നിരുന്നു.

Saturday, 12 December 2015

റിമാന്റ് പ്രതി ജയിലിൽ വെച്ച് മരിച്ചു. പോലീസ് മർദ്ദനമെന്നു ബന്ധുക്കൾ


കോട്ടയം: റിമാന്റ് പ്രതി ജയിലിൽ വെച്ച് മരിച്ചു. അബ്കാരി കേസിൽ റിമാന്റിലായിരുന്ന കണ്ണഴ സ്വദേശി സിബിയെന്നു വിളിക്കുന്ന തോമസ്‌ ആണ് പൊങ്കുന്നം ജയിലിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ സെല്ലിൽ അവശനിലയിൽ കണ്ട സിബിയെ പോലീസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കടുത്ത മദ്യപാന ശീലമുള്ള ആളാണ്‌ സിബിയെന്നും ഇയാൾ മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ പോലീസ് മർദ്ദനത്തെ തുടർന്നാണ്‌ മരണമുണ്ടായതെന്നു ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റ്‌ മൊർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.