Showing posts with label international. Show all posts
Showing posts with label international. Show all posts

Sunday, 13 December 2015

പാരീസ് ഉച്ചകോടി - മോദിയുടെ പരാജയം: തോമസ്‌ ഐസക്ക്

പാരീസ് ഉച്ചകോടി മോഡിയുടെ പരാജയമാണ് എന്ന് തോമസ്‌ ഐസക്ക് MLA. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് മുതലാളിത്ത രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും തുല്ല്യ പങ്ക് പ്രഖ്യാപിച്ച് ഉടമ്പടി തയാറാക്കിയത് തെറ്റായി പോയി. രാജ്യങ്ങള്‍ സ്വ ഇഷ്ടത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചാല്‍ മതി എന്ന് വന്നിരിക്കുന്നു. 2 ഡിഗ്രീ സെല്‍ഷ്യസ് താപനിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധനവ്‌ ലോക ജനതയ്ക്ക് വരുത്തി വയ്ക്കുന്ന ഭവിഷത്തുകള്‍ ഒഴിവാക്കാനുള്ള, 1992 ഇലെ റിയോ കണ്‍വെന്ഷനിലെ തീരുമാനങ്ങളെ തിരസ്കരിച്ചു. ചരിത്രത്തോട് കാണിച്ച അനീതിയാണ് ഈ ഉടമ്പടി എന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രസ്താവന പൂര്‍ണ്ണ രൂപത്തില്‍:


കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള പാരിസ് ഉടമ്പടി ഇന്ത്യയുടെയും മോദിയുടെയും വിജയമാണെന്ന കേന്ദ്രമന്ത്രി ജാവേദ്കറുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് എന്നേ ഏറിയാല്‍ പാരിസ് സമ്മേളനത്തെ വിലയിരുത്താന്‍ കഴിയൂ . അമേരിക്കയടക്കം അംഗീകരിക്കുന്ന ഒരു ഉടമ്പടിയുണ്ടായി. ഇതാണ് ഒരടി മുന്നോട്ട് പോയത്. പക്ഷെ റിയോ കണ്‍വെന്ഷനില്‍ (1992) ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈ എടുത്ത് രൂപംനല്‍കിയ അടിസ്ഥാന തത്ത്വങ്ങള്‍ ബലി കഴിക്കപ്പെട്ടു . ഇതാണ് രണ്ടടി പിന്നോട്ട് എന്ന് ഞാന്‍ സൂചിപ്പിച്ചത്.

ആഗോള താപനത്തിന്‍റെ കാരണവും പരിഹാരവും സംബന്ധിച്ചായിരുന്നു റിയോ സമ്മേളനത്തിലെ രണ്ട്സുപ്രധാന ധാരണകള്‍ .
1) വ്യവസായവിപ്ലവത്തെ തുടര്‍ന്നാണ് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അന്ന്മുതല്‍ ഇന്ന് വരെ സൃഷ്ടിക്കപ്പെട്ട ഈവാതകങ്ങളുടെ 70 ശതമാനവും വ്യവസായവല്‍കൃത രാജ്യങ്ങളുടെ സംഭാവന ആണ്.

2) ആഗോളതാപനില രണ്ട്ഡിഗ്രീ ഉയര്‍ന്നാല്‍ അത് അപരിഹാര്യമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴി തെളിക്കും . ഇത് തടയണമെങ്കില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവ് വരുത്തണം. എല്ലാ രാജ്യങ്ങള്‍ക്കും ഇതില്‍ ചുമതല ഉണ്ട്. പക്ഷെ വ്യവസായവല്‍കൃത രാജ്യങ്ങള്‍ക്കാണ് മുഖ്യചുമതല. മറ്റ് രാജ്യങ്ങള്‍ക്കാവട്ടെ വികസനം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ ഊര്‍ജം ഉപയോഗിച്ചേ തീരൂ. അതുകൊണ്ട് കാലാവസ്ഥ വ്യതിയാനം തടയാന്‍ പൊതുവായും അതെസമയം വ്യത്യസ്തവുമായ ചുമതലകള്‍ ആണ് ലോകരാജ്യങ്ങള്‍ക്കുള്ളത്.
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചുള്ള ക്യോട്ടോ സമ്മേളനം മേല്‍പ്പറഞ്ഞ ധാരണ ഉടമ്പടിയാക്കാന്‍ ശ്രമിച്ചു . ആ ഉടമ്പടി പ്രകാരം വികസിതരാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹ വാതകങ്ങള്‍ 1995 നെ അപേക്ഷിച്ച് അഞ്ച് ശതമാനം 2015 ആവുമ്പോഴേക്കും കുറയ്ക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നു. ഇങ്ങനെയൊരു നിര്‍ബന്ധിത ബാധ്യത ഇന്ത്യയടക്കമുള്ള അവികസിത രാജ്യങ്ങള്‍ക്ക് ഇല്ലായിരുന്നു. അന്ന് മുതല്‍ നിര്‍ബന്ധിതമായ ബാധ്യതയില്‍ നിന്നു ഒഴിയാന്‍ അമേരിക്ക ശ്രമിച്ചു വരികയായിരുന്നു.
കോപ്പന്‍ഹെഗന്‍ സമ്മേളനത്തില്‍ ജയറാം രമേശ്‌ അമേരിക്കന്‍ സമ്മര്‍ദ്ധത്തിനു വഴങ്ങി. ഇപ്പോള്‍ മോദി ഇത് കരാര്‍ ആക്കിയിരിക്കുന്നു. പാരിസ് ഉടമ്പടി പ്രകാരം അമേരിക്കയും ഇന്ത്യയും മറ്റ് അവികസിതരാജ്യങ്ങളെ പോലെ സ്വമേധയാ കാര്‍ബണ്‍ ബഹിര്‍ഗമന ലക്‌ഷ്യം പ്രഖ്യാപിച്ചാല്‍ മതി .ഈ കരാര്‍ പ്രകാരം പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം അപ്രസക്തമായി. അതിനുപകരം അവരിപ്പോള്‍ വാദിക്കുന്നത് ഇനിയുള്ള കാലത്ത് ഇന്ത്യ, ചൈനപോലുള്ള രാജ്യങ്ങള്‍ ആയിരിക്കും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ നല്ല പങ്കുംസൃഷ്ടിക്കുക എന്നാണ്. എല്ലാവര്‍ക്കും ഏറിയും കുറഞ്ഞും ഉത്തരവാദിത്തം ഉണ്ട്.

റിയോ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകരുടെ എല്ലാം ഒരുആഗോള മേള ആയിരുന്നു . അവിടെ പ്രതിക്കൂട്ടില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ആയിരുന്നു. എന്നാല്‍ പാരിസില്‍ എത്തിയപ്പോള്‍ ഇന്ത്യയും കൂട്ടുകാരും ആയി പ്രതിക്കൂട്ടില്‍. കാലാവസ്ഥ വ്യതിയാനപ്രതിരോധത്തെ തുരങ്കംവയ്ക്കുന്ന രാജ്യം എന്ന രൂക്ഷമായ വിമര്‍ശനം ആണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കെറി ഈ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. ഈ സ്ഥിതിവിശേഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും ചൈനയും നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല.

ഇങ്ങനെ തല്ലികൂട്ടിയുണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പ്‌ രണ്ട് ശതമാന താപനില വര്‍ദ്ധന തടയാന്‍ പര്യാപ്തമല്ല. ലോകരാജ്യങ്ങള്‍ ഓരോന്നും സ്വമേധയാ പ്രഖ്യാപിച്ച കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാലും ആഗോള താപനില രണ്ട് ശതമാനത്തിലേറെ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദര്‍ കണക്കാകിയിരിക്കുന്നത്. ഇന്നത്തെ ഒത്തുതീര്‍പ്പ് ഒരുതുടക്കം മാത്രമാണ് എന്നും ഭാവി ചര്‍ച്ചകളിലൂടെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് പോകും എന്നും വേണമെങ്കില്‍ ആശ്വസിക്കാം.

ആഗോളതാപനത്തിന് കമ്പോള പ്രതിവിധിയായി റിയോ സമ്മേളനം മുതല്‍ ചൂണ്ടികാണിചിട്ടുള്ളതാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഊര്‍ജ്ജ മിതവ്യയ നടപടികള്‍ , വനവല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ ക്രഡിറ്റ് നല്‍കും. കൂടുതല്‍ കാര്‍ബണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കും വിലനല്‍കി ഇവ വാങ്ങാം.ഇതാണ് വിദ്യ. പക്ഷെഇത്തരത്തില്‍ വ്യാപാരംനടക്കണം എങ്കില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള കാര്‍ബണ്‍ ക്വോട്ട നിശ്ചയിക്കപ്പെടണം. എന്ന് വച്ചാല്‍ രണ്ട്ഡിഗ്രീ സെല്‍ഷ്യസ് എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ എത്തിചേരുന്നതിന് ആകെ അനുവദനീയം ആയിട്ടുള്ള ഹരിതഗൃഹ വാതകബജറ്റ് എത്രയെന്ന് വിലയിരുത്തണം. അതില്‍ ഓരോ രാജ്യത്തിന്റെയും പങ്ക് എത്ര എന്ന് വീതം വയ്ക്കണം. എങ്കില്‍ മാത്രമേ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് അന്തര്‍ദേശീയ കമ്പോളം സൃഷ്ടിക്കാന്‍ കഴിയൂ. ഓരോ രാജ്യവും ഇപ്പോള്‍ സ്വമേധയാ തങ്ങളുടെ മേലുള്ള നിയന്ത്രണം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കാനെ കഴിയില്ല. റിയോയില്‍ നിന്നുള്ള തിരിഞ്ഞ് നടത്തം ആണ് പാരിസ്.