Showing posts with label climate top. Show all posts
Showing posts with label climate top. Show all posts

Sunday, 13 December 2015

പാരീസ് ഉച്ചകോടി - മോദിയുടെ പരാജയം: തോമസ്‌ ഐസക്ക്

പാരീസ് ഉച്ചകോടി മോഡിയുടെ പരാജയമാണ് എന്ന് തോമസ്‌ ഐസക്ക് MLA. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് മുതലാളിത്ത രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും തുല്ല്യ പങ്ക് പ്രഖ്യാപിച്ച് ഉടമ്പടി തയാറാക്കിയത് തെറ്റായി പോയി. രാജ്യങ്ങള്‍ സ്വ ഇഷ്ടത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചാല്‍ മതി എന്ന് വന്നിരിക്കുന്നു. 2 ഡിഗ്രീ സെല്‍ഷ്യസ് താപനിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധനവ്‌ ലോക ജനതയ്ക്ക് വരുത്തി വയ്ക്കുന്ന ഭവിഷത്തുകള്‍ ഒഴിവാക്കാനുള്ള, 1992 ഇലെ റിയോ കണ്‍വെന്ഷനിലെ തീരുമാനങ്ങളെ തിരസ്കരിച്ചു. ചരിത്രത്തോട് കാണിച്ച അനീതിയാണ് ഈ ഉടമ്പടി എന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രസ്താവന പൂര്‍ണ്ണ രൂപത്തില്‍:


കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള പാരിസ് ഉടമ്പടി ഇന്ത്യയുടെയും മോദിയുടെയും വിജയമാണെന്ന കേന്ദ്രമന്ത്രി ജാവേദ്കറുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് എന്നേ ഏറിയാല്‍ പാരിസ് സമ്മേളനത്തെ വിലയിരുത്താന്‍ കഴിയൂ . അമേരിക്കയടക്കം അംഗീകരിക്കുന്ന ഒരു ഉടമ്പടിയുണ്ടായി. ഇതാണ് ഒരടി മുന്നോട്ട് പോയത്. പക്ഷെ റിയോ കണ്‍വെന്ഷനില്‍ (1992) ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈ എടുത്ത് രൂപംനല്‍കിയ അടിസ്ഥാന തത്ത്വങ്ങള്‍ ബലി കഴിക്കപ്പെട്ടു . ഇതാണ് രണ്ടടി പിന്നോട്ട് എന്ന് ഞാന്‍ സൂചിപ്പിച്ചത്.

ആഗോള താപനത്തിന്‍റെ കാരണവും പരിഹാരവും സംബന്ധിച്ചായിരുന്നു റിയോ സമ്മേളനത്തിലെ രണ്ട്സുപ്രധാന ധാരണകള്‍ .
1) വ്യവസായവിപ്ലവത്തെ തുടര്‍ന്നാണ് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അന്ന്മുതല്‍ ഇന്ന് വരെ സൃഷ്ടിക്കപ്പെട്ട ഈവാതകങ്ങളുടെ 70 ശതമാനവും വ്യവസായവല്‍കൃത രാജ്യങ്ങളുടെ സംഭാവന ആണ്.

2) ആഗോളതാപനില രണ്ട്ഡിഗ്രീ ഉയര്‍ന്നാല്‍ അത് അപരിഹാര്യമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴി തെളിക്കും . ഇത് തടയണമെങ്കില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവ് വരുത്തണം. എല്ലാ രാജ്യങ്ങള്‍ക്കും ഇതില്‍ ചുമതല ഉണ്ട്. പക്ഷെ വ്യവസായവല്‍കൃത രാജ്യങ്ങള്‍ക്കാണ് മുഖ്യചുമതല. മറ്റ് രാജ്യങ്ങള്‍ക്കാവട്ടെ വികസനം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ ഊര്‍ജം ഉപയോഗിച്ചേ തീരൂ. അതുകൊണ്ട് കാലാവസ്ഥ വ്യതിയാനം തടയാന്‍ പൊതുവായും അതെസമയം വ്യത്യസ്തവുമായ ചുമതലകള്‍ ആണ് ലോകരാജ്യങ്ങള്‍ക്കുള്ളത്.
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചുള്ള ക്യോട്ടോ സമ്മേളനം മേല്‍പ്പറഞ്ഞ ധാരണ ഉടമ്പടിയാക്കാന്‍ ശ്രമിച്ചു . ആ ഉടമ്പടി പ്രകാരം വികസിതരാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹ വാതകങ്ങള്‍ 1995 നെ അപേക്ഷിച്ച് അഞ്ച് ശതമാനം 2015 ആവുമ്പോഴേക്കും കുറയ്ക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നു. ഇങ്ങനെയൊരു നിര്‍ബന്ധിത ബാധ്യത ഇന്ത്യയടക്കമുള്ള അവികസിത രാജ്യങ്ങള്‍ക്ക് ഇല്ലായിരുന്നു. അന്ന് മുതല്‍ നിര്‍ബന്ധിതമായ ബാധ്യതയില്‍ നിന്നു ഒഴിയാന്‍ അമേരിക്ക ശ്രമിച്ചു വരികയായിരുന്നു.
കോപ്പന്‍ഹെഗന്‍ സമ്മേളനത്തില്‍ ജയറാം രമേശ്‌ അമേരിക്കന്‍ സമ്മര്‍ദ്ധത്തിനു വഴങ്ങി. ഇപ്പോള്‍ മോദി ഇത് കരാര്‍ ആക്കിയിരിക്കുന്നു. പാരിസ് ഉടമ്പടി പ്രകാരം അമേരിക്കയും ഇന്ത്യയും മറ്റ് അവികസിതരാജ്യങ്ങളെ പോലെ സ്വമേധയാ കാര്‍ബണ്‍ ബഹിര്‍ഗമന ലക്‌ഷ്യം പ്രഖ്യാപിച്ചാല്‍ മതി .ഈ കരാര്‍ പ്രകാരം പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം അപ്രസക്തമായി. അതിനുപകരം അവരിപ്പോള്‍ വാദിക്കുന്നത് ഇനിയുള്ള കാലത്ത് ഇന്ത്യ, ചൈനപോലുള്ള രാജ്യങ്ങള്‍ ആയിരിക്കും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ നല്ല പങ്കുംസൃഷ്ടിക്കുക എന്നാണ്. എല്ലാവര്‍ക്കും ഏറിയും കുറഞ്ഞും ഉത്തരവാദിത്തം ഉണ്ട്.

റിയോ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകരുടെ എല്ലാം ഒരുആഗോള മേള ആയിരുന്നു . അവിടെ പ്രതിക്കൂട്ടില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ആയിരുന്നു. എന്നാല്‍ പാരിസില്‍ എത്തിയപ്പോള്‍ ഇന്ത്യയും കൂട്ടുകാരും ആയി പ്രതിക്കൂട്ടില്‍. കാലാവസ്ഥ വ്യതിയാനപ്രതിരോധത്തെ തുരങ്കംവയ്ക്കുന്ന രാജ്യം എന്ന രൂക്ഷമായ വിമര്‍ശനം ആണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കെറി ഈ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. ഈ സ്ഥിതിവിശേഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും ചൈനയും നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല.

ഇങ്ങനെ തല്ലികൂട്ടിയുണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പ്‌ രണ്ട് ശതമാന താപനില വര്‍ദ്ധന തടയാന്‍ പര്യാപ്തമല്ല. ലോകരാജ്യങ്ങള്‍ ഓരോന്നും സ്വമേധയാ പ്രഖ്യാപിച്ച കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാലും ആഗോള താപനില രണ്ട് ശതമാനത്തിലേറെ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദര്‍ കണക്കാകിയിരിക്കുന്നത്. ഇന്നത്തെ ഒത്തുതീര്‍പ്പ് ഒരുതുടക്കം മാത്രമാണ് എന്നും ഭാവി ചര്‍ച്ചകളിലൂടെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് പോകും എന്നും വേണമെങ്കില്‍ ആശ്വസിക്കാം.

ആഗോളതാപനത്തിന് കമ്പോള പ്രതിവിധിയായി റിയോ സമ്മേളനം മുതല്‍ ചൂണ്ടികാണിചിട്ടുള്ളതാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഊര്‍ജ്ജ മിതവ്യയ നടപടികള്‍ , വനവല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ ക്രഡിറ്റ് നല്‍കും. കൂടുതല്‍ കാര്‍ബണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കും വിലനല്‍കി ഇവ വാങ്ങാം.ഇതാണ് വിദ്യ. പക്ഷെഇത്തരത്തില്‍ വ്യാപാരംനടക്കണം എങ്കില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള കാര്‍ബണ്‍ ക്വോട്ട നിശ്ചയിക്കപ്പെടണം. എന്ന് വച്ചാല്‍ രണ്ട്ഡിഗ്രീ സെല്‍ഷ്യസ് എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ എത്തിചേരുന്നതിന് ആകെ അനുവദനീയം ആയിട്ടുള്ള ഹരിതഗൃഹ വാതകബജറ്റ് എത്രയെന്ന് വിലയിരുത്തണം. അതില്‍ ഓരോ രാജ്യത്തിന്റെയും പങ്ക് എത്ര എന്ന് വീതം വയ്ക്കണം. എങ്കില്‍ മാത്രമേ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് അന്തര്‍ദേശീയ കമ്പോളം സൃഷ്ടിക്കാന്‍ കഴിയൂ. ഓരോ രാജ്യവും ഇപ്പോള്‍ സ്വമേധയാ തങ്ങളുടെ മേലുള്ള നിയന്ത്രണം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കാനെ കഴിയില്ല. റിയോയില്‍ നിന്നുള്ള തിരിഞ്ഞ് നടത്തം ആണ് പാരിസ്.

Tuesday, 8 December 2015

ഇന്ത്യ - പാക് നയതന്ത്രത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്

 ദേശീയ സുരക്ഷാഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച

 


ബാങ്കോക്ക്‌: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ദോയലും, പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജന്ജുവയും തമ്മില്‍ തായലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടത്തിയ നാലര മണിക്കൂര്‍ രഹസ്യ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും നയതന്ത്ര ബന്ധത്തിന് ശക്തി പകരും.ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ S ജയ്ഷങ്കറും, ഐസാസ് അഹ്സന്‍ ചൗധരിയും ഒപ്പമുണ്ടായിരുന്നു. തീവ്രവാദവും കാശ്മീരും ചര്‍ച്ചാ വിഷയമായി. പാരീസില്‍ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ വച്ച് കഴിഞ്ഞ ആഴ്ചയുണ്ടായ മോഡി - ഷരീഫ് കൂടിക്കാഴ്ചയാണ് ഈ ചര്‍ച്ചയ്ക്ക് വഴി ഒരുക്കിയത്.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരും തമ്മില്‍ കഴിഞ്ഞ വര്ഷം ഓഗസ്റ്റില്‍ ഇസ്ലാമാബാദിലും, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഈ വര്ഷം ഓഗസ്റ്റില്‍ ദല്‍ഹിയിലും നടത്താനിരുന്ന ചര്‍ച്ചകള്‍ നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഒളിച്ചു പോയി. റഷ്യയിലെ ഉഫയില്‍ വച്ചു നടന്ന ഷാങ്ങ്‌ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്ക് ശേഷം നടന്ന മോഡി - ഷരീഫ് കൂടിക്കാഴ്ചയിലാണ് കഴിഞ്ഞ ഓഗസ്റ്റിലെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതെങ്കിലും പാക്കിസ്താന്‍ തീവ്രവാദത്തിന് തുല്യ പ്രാധാന്യത്തോടെ കാശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യണം എന്ന് വാദിക്കുകയായിരുന്നു. അന്നത്തെ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്‌ കാശ്മീരിലെ വിഘടനവാദ ഹൂറിയത്ത് നേതാക്കളുമായി നടത്തിയ ചര്‍ച്ച ഇന്ത്യയെ ചൊടിപ്പിച്ചു.ഇപ്പോഴത്തെ ചര്‍ച്ചയുടെ രഹസ്യ സ്വഭാവവും, ചര്‍ച്ചയ്ക്കായി മൂന്നാം രാജ്യം തിരഞ്ഞെടുത്തതും ഇത്തരം പ്രവണതകള്‍ അവസാനിപിച്ചു.

അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ സമ്മേളനത്തിനായി ഇസ്ലാമാബാദ് സന്ദര്ഷിക്കുന്നതിലൂടെ സുഷമാ സ്വരാജിന്‍റെആദ്യ പാക്കിസ്താന്‍ സന്ദര്‍ശനത്തിനും ചര്‍ച്ച വഴി വച്ചു. മോഡി അടുത്ത വര്ഷം ഇസ്ലാമാബാദില്‍ വച്ച് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനും സാഹശ്ചര്യമൊരുങ്ങി. ശ്രീലങ്കയില്‍വച്ച് ഇന്ത്യ - പാക് ക്രിക്കറ്റ്  മത്സരത്തിനും സാധ്യതയുണ്ട്.

കാലാവസ്ഥാ ഉച്ചകോടി ശ്രദ്ധ അര്‍ഹിക്കുന്നു


പാരിസ്: 2009 ഇലെ കോപ്പന്‍ഹെഗന്‍ കാലാവസ്ഥാ ഉച്ചകൊടിയ്ക്ക് ശേഷം 2015 ഉച്ചകോടി പാരീസില്‍ നടക്കുന്നു. 11 ഇന് അവസാനിക്കുന്ന ഉച്ചകോടിയില്‍ 150 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ആഗോള താപനത്തിലെ വര്‍ദ്ധനവ്‌ 2% കുറയ്ക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.

2000 ഇന് ശേഷം ഏറ്റവും ചൂടുകൂടിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചില്ലെങ്കില്‍ 4.8 ഡിഗ്രീ സെല്‍ഷ്യസ് വര്‍ധനയാണ് താപനിലയില്‍ പ്രതീക്ഷിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണം. വ്യാവസായ മേഖലയിലും ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും, അതിനായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുകയും വേണം.

അമേരിക്ക 2009 ഇല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 30% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015 ഇല്‍ അത് 26-28% ആയി കുറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രഖ്യാപനം 33-35% കുറയ്ക്കുമെന്നാണ്. 2030 ഇന് ശേഷം ചൈന വന്‍തോതില്‍ കാര്‍ബണ്‍ ഉപയോഗം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചു.

വികസിത രാജ്യങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ നിയമത്തിനായാണ് വാദിക്കുന്നത്. എന്നാല്‍ അവര്‍ വികസിച്ചത് വന്‍തോതിലുള്ള ബഹിര്‍ഗമനത്തിലൂടെയാണ്. വികസ്വര രാജ്യങ്ങള്‍ ഇപ്പോഴും വ്യവസായ വാത്ക്കരണത്തിന്‍റെ തുടക്കത്തിലാണ്‌. അതിനാല്‍ അവരോട് കാര്‍ബണ്‍ ഇതര സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത് നീതിയുക്തമല്ല. അതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക്സാവകാശം നല്‍കുകയോ, സാമ്പത്തിക സഹായം നല്‍കുകയോ വേണം.