Sunday, 3 January 2016

'നിശ്ശബ്ദയുടെ പേരാണ് മരണം ' ഡി ജി പി സെന്‍കുമാറിനെതിരെ സിവില്‍ പോലീസ് ഓഫീസറുടെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌


സംസ്ഥാന പോലീസ് മേധാവി സെന്‍ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിവില്‍ പോലീസ് ഓഫീസറുടെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌.സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനെതിരെ ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിഷയമാക്കിക്കൊണ്ടുള്ള പോസ്റ്റില്‍ ഡി ജി പി  ആറന്മുള വല്ലസദ്യയില്‍  പങ്കെടുക്കാന്‍ വന്നപ്പോള്‍  ഔദ്യോഗിക പദവി ദുരുപയോഗ പ്പെടുത്തിയതും , ജേക്കബ് തോമസിനോട് രാജി വച്ച് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ അഭിപ്രായപ്പെട്ടതുമൊക്കെ  രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട് . പത്തനംതിട്ട ഏ ആര്‍ ക്യാമ്പിലെ രാജേഷ്‌ കുമാര്‍ എന്ന സിവില്‍ പോലീസ് ഓഫീസറാണ് പോസ്റ്റ്‌ ഇട്ടിരിക്കുന്നത് . അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചാല്‍ പാക്കിസ്ഥാന്റെ അവസ്ഥ വരും  എന്നും സൂചിപ്പിച്ചിട്ടുണ്ട് . പോലീസ് മേധാവിയുടെ സര്‍ക്കുലറിന്റെ കോപ്പിയും  പോസ്ടിനോപ്പം ചേര്‍ത്തിട്ടുണ്ട് .

പൂര്‍ണ്ണമായ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌  ഇവിടെ  വായിക്കാം :-



'നിശ്ശബ്ദയുടെ പേരാണ് മരണം '
State Police chief Kerala-ക്ക് (DGP)
ഒരു പോലീസുകാരൻ നവ മാധ്യമത്തിലൂടെ
എഴുതുന്ന വിശേഷ സാഹചര്യം ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഒരു നിർദേശമാണ്.
sir, താങ്കൾ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം പോലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും,വികല വ്യാഖ്യാനങ്ങളാലും വിലക്കുകളാലും നിർമ്മാർജ്ജനം ചെയ്യപ്പെടുന്ന സമൂഹം എന്താകുമെന്നറിയാൻ നമ്മൾ പാക്കിസ്ഥാനിലേക്കൊന്ന് നോക്കിയാൽ മതി .ഒരു പ്രവിശ്യാ ഗവർണ്ണർ മതനിന്ദാ നിയമത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ വധിക്കപ്പെട്ടു. കൊലപാതകിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരത്തോളം അഭിഭാഷകർ സൗജന്യമായ് അയാളുടെ കേസ് വാദിക്കാൻ തയ്യാറായി!
ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങൾ
ഇല്ലാതായാൽ രാജ്യംഎന്തായിത്തീരുമെന്നതിന്റെ ചെറിയോരുദാഹരണം മാത്രം .
ഞാനും താങ്കളുമെല്ലാം ഈ ബഹുകക്ഷി ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്തവരാണ് . അതേ നമ്മൾ .....അധികാരത്തിന്റെ ഏതെങ്കിലും സ്വരൂപത്തിലെത്തുമ്പോൾ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ചീത്തവൽക്കരിക്കുകയും, രാഷ്ട്രീയ ചിന്തകൾ പോലും പാപമെന്ന് പ്രഖ്യാപിക്കുന്നവരുമാകുന്നു.
കലാഭവൻ മണിക്കെതിരെ പോലീസ് നടപടിയെടുത്തപ്പോൾ താങ്കൾ മാധ്യമ സമക്ഷം ആരോപണമുന്നയിച്ചു ...പോലീസ് ജാതീയമായ പരിഗണനകൾ വെച്ച് പുലർത്തുന്നു , എന്ന് .
താങ്കൾ ജോലി രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത് .
എന്നാൽ ജേക്കബ് തോമസ് സാർ അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ താങ്കൾ പറഞ്ഞു .
' രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കട്ടെ ' .....
താങ്കളുടെ പോലീസ് പരിഷ്കരണ ശ്രമങ്ങളെ ( പ്രത്യാശകളെ ) പിന്തുണച്ചിരുന്ന ഞാൻ ആദ്യമായ് താങ്കളെ കാണുന്നത് ആറൻമുള ക്ഷേത്രത്തിൽ താങ്കൾ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് !
പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനിൽ നിന്നും പോലീസുകാർ ... വാഹനങ്ങൾ .
ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പോലീസ് !
വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദർശനം.
താങ്കൾ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മാത്രം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ് . മതപരമായ സ്വകാര്യ സന്ദർശനത്തിന് ഒരു ജില്ലയിലെ പോലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു.
താങ്കൾ കടന്നു വന്ന ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും പോലീസിന് അവരുടെ ചുമതലകൾ എല്ലാം മാറ്റി വെച്ച് അകമ്പടി സേവിക്കേണ്ടി വന്നു.
ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസ്സുകൾ , കാണാതാവുന്ന കുട്ടികൾ , കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ ....ഇവയുടെ മധ്യത്തിൽ നിന്നാണ് പോലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താൽപര്യത്തിനായ് പിൻവലിക്കപ്പെടുന്നത്.... നീതി നിർവ്വഹണത്തെ റദ്ദ് ചെയ്ത് കൊണ്ട്.
താങ്കൾ അന്നേ ദിവസം അവധിയിലായിരുന്നോ ? ആണെങ്കിൽ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്ത് കൊണ്ട് ?
ദില്ലി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാളിനേക്കാൾ സുരക്ഷാ ഭീതി താങ്കൾക്ക്
ഉണ്ടാവുന്നതെങ്ങനെ ?
ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാൻ പോകുന്ന സാദാ പോലീസുകാരൻ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ ?
ശാസ്ത്രീയ ചിന്തകളും ജീവിതവീക്ഷണവും ജനങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള താങ്കളെപ്പോലെയുള്ളവർ ,
പൊതു ജന സേവന ഉപാധികളെ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?
താങ്കൾ മത-സാമുദായിക സ്ഥാപനങ്ങളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ശരി വെക്കുകയും (AuthoriSe) രാഷ്ട്രീയത്തെ തെറ്റാക്കുകയും ചെയ്തു (Unauthorise).... സർക്കുലർ ഉപയോഗിച്ച് .
...
ആഴ്ചകൾക്ക് മുൻപ് പണ്ഡിതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജ്യോതിഷികളുടെ ചടങ്ങിൽ സംബന്ധിച്ച് പ്രഖ്യാപിച്ചു.' പോലീസ് കേസുകൾ തെളിയിക്കാൻ ജ്യോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട് ' .
അതെ ... പോലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം! ,
ജ്യോത്സ്യൻമാർ ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്തട്ടെ,
ഹനുമാൻ സേന സമരങ്ങളെ നേരിടട്ടെ,
DGP വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ,
എന്ത്‌ മതനിരപേക്ഷത ! എന്ത് ജനാധിപത്യം ! എന്ത് രാഷ്ട്രീയം!
10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടിൽ കയറ്റുന്നിടത്ത് മുതൽ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരെ ഇന്ന് പോലീസുദ്യോഗസ്ഥർ പൊതു ചിലവിൽ കൊഴുപ്പേകുന്നു.
ഈ പോലീസ് 'ബീഫ് പോലീസ് ' (Moral Police )ആകാൻ ദൂരമില്ല .വിരമിച്ച പോലീസുദ്യോഗസ്ഥന് പ്രസാദം എത്തിക്കാൻ TA സഹിതം പോലീസിനെ ഉപയോഗിക്കുന്ന ഏർപ്പാട് ഇപ്പോൾ തന്നെയുണ്ട്.
സർ, സർക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ കുറ്റകരമാണ് . പക്ഷേ അതോടൊപ്പം ഉൾപ്പെടുത്തിയ 2 ഭാഗങ്ങൾ ( മത-സാമുദായിക etc 7, 8 ) ,ബർമ്മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്.
താങ്കളുടെ സർക്കുലറിനും വളരെ മുൻപ് പ്രൈമറി സ്കൂളുകളിലും അതിന് ശേഷം ഔദ്യോഗിക ജീവിതമാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിജ്ഞയിലും, നമ്മൾ
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനായുള്ള പ്രവർത്തനങ്ങളിലേർപ്പെടുമെന്ന് ഏറ്റ് ചൊല്ലിയവരാണ്.മത രാഷ്ട്രവാദികളായ ഭരണഘടനാവിരുദ്ധ ശക്തികളെ ചെറുക്കാനായ്
ഓരോ പൗരനും നിറവേറ്റേണ്ട (പ്രതിജ്ഞാ പ്രകാരമുള്ള ) ചുമതലകളിൽ നിന്നും പുതിയ സർക്കുലർ നമ്മെ തടയുന്നു.
സർ, വെടിയുണ്ടകൾക്കും ഡ്രോണുകൾക്കും ,അഫ്ഗാനിലും ഇറാക്കിലും ദശകങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്ത സമാധാനം ... ഒരേയൊരു പ്രവർത്തനത്തിലൂടെ മാത്രമേ കൈവരൂ ....
' രാഷ്ട്രീയാവബോധമുള്ള ജനങ്ങൾ ഏർപ്പെടുന്ന നിരന്തര രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ' .
' നിശ്ശബ്ദത മരണമാണ് ,,,
ജനാധിപത്യ രാജ്യത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ടീയ നിശ്ശബ്ദത കൊലപാതകമാണ് ....
ജനാധിപത്യത്തിന്റെയും പൗരന്റെയും '
( Disclaimer: എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും , രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകൾ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലിൽ ഞാൻ ചിന്തിക്കില്ലെന്നും ,സർക്കുലർ പ്രകാരം ബോധ ശൂന്യനായ് ജീവിച്ചു കൊള്ളാമെന്നും .....)


Saturday, 2 January 2016

അസഹിഷ്ണുതയ്ക്കെതിരെ കലകൊണ്ട് കലാപം സൃഷ്ടിക്കണം: വി എസ്



VS Achuthanandan


തിരുവനന്തപുരം : രാജ്യത്ത് നിലനില്‍ക്കുന്ന  സാംസ്കാരിക അസഹിഷ്ണുതയ്ക്കെതിരെ കലാരൂപങ്ങള്‍കൊണ്ട് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സഫ്ദര്‍ ഹശ്മി ദിനാചരണത്തില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പോരാട്ട നാടകാവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

സാമൂഹ്യജീവിതത്തിലെ കാലുഷ്യങ്ങളെ കഴുകിക്കളയാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു സഫ്ദര്‍ ഹശ്മി. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളെ തെരുവുനാടകംകൊണ്ട് പൊരുതി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. സാംസ്കാരികപ്രവര്‍ത്തനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും തെരുവുനാടകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അദ്ദേഹം ചരിത്രത്തില്‍ ഇടംനേടി. തന്റെ ചുറ്റുപാടുകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായിരുന്നുതന്നെയാണ് സാംസ്കാരികപ്രവര്‍ത്തനത്തെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഉപാധിയാക്കിമാറ്റാന്‍ അദ്ദേഹം ശ്രമിച്ചത്. ഭരണാധികാരികളുടെ ദുഷ്ചെയ്തികള്‍ക്കെതിരെ അതിനിശിതമായ വിമര്‍ശങ്ങളാണ് തെരുവുനാടകത്തിന്റെ അരങ്ങിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. അത് ചാട്ടുളിപോലെ കൊള്ളേണ്ടിടത്തുകൊണ്ടു. അതിന്റെ ഫലമായാണ് കോണ്‍ഗ്രസ്ഗുണ്ടകള്‍ നാടകാവതരണത്തിനിടെ അദ്ദേഹത്തെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തില്‍ തളരാതെ ഭാര്യ മാലശ്രീ ഹശ്മി ദിവസങ്ങള്‍ക്കുള്ളില്‍ അതേ സ്ഥലത്തുവച്ച് നാടകം മുഴുമിപ്പിച്ചത് അസാധാരണമായൊരു പോരാട്ടത്തിന്റെ ജീവിതകഥയാണെന്നും വി എസ് പറഞ്ഞു.

സഫ്ദര്‍ ഹശ്മി ദിനാചരണത്തിന്റെ സ്റ്റിക്കര്‍ പ്രകാശനവും വി എസ് നിര്‍വഹിച്ചു. പുരോഗമനകലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി സ്റ്റിക്കര്‍ ഏറ്റുവാങ്ങി. സംഘം ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി.

വര്‍ഗീയ ഫാസിസ്റ്റ് കാണ്ടാമൃഗങ്ങളുടെ തൊലിയുരിച്ച് പോരാട്ടനാടകം

Kandamrugam


തിരുവനന്തപുരം : നാടിനെ ഇരുണ്ടകാലത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന വര്‍ഗീയ ഫാസിസ്റ്റു കോമരങ്ങള്‍ക്കെതിരെ കലയിലൂടെ കലാപക്കൊടി ഉയര്‍ത്തി പുരോഗമന കലാസാഹിത്യസംഘത്തിന്റെ തെരുവുനാടകം 'കാണ്ടാമൃഗങ്ങള്‍'. ഭരണകൂടത്തെയും അതിന്റെ കാവല്‍നായ്ക്കളെയും തെരുവില്‍ കലകൊണ്ട് നേരിട്ട് രക്തസാക്ഷിത്വംവരിച്ച സഫ്ദര്‍ ഹശ്മിയുടെ സ്മരണ പുതുക്കാന്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയാണ് തെരുവുനാടകത്തിലൂടെ സാംസ്കാരിക പോരാട്ടത്തിന്റെ പുതിയ പോര്‍മുഖംതുറന്നത്. സഫ്ദര്‍ ഹശ്മി ദിനം പോരാട്ട നാടക ദിനമായാണ് പുരോഗമന കലാസാഹിത്യസംഘം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു 'കാണ്ടാമൃഗങ്ങള്‍' അരങ്ങിലെത്തിച്ചത്.


ജനകീയ നാടകപ്രവര്‍ത്തകന്‍ ശ്യാം റജിയുടെ സംവിധാനത്തില്‍ പാളയത്ത് യൂണിവേഴ്സിറ്റി കോളേജിനുമുന്നിലാണ് 'കാണ്ടാമൃഗങ്ങള്‍' അരങ്ങേറ്റംകുറിച്ചത്. ലോകപ്രശസ്ത നാടകകൃത്ത് യൂജീന്‍ അയനസ്കൊയുടെ കൃതിയുടെ സ്വതന്ത്രാവിഷ്കാരമായാണ് നാടകം അരങ്ങിലെത്തിച്ചത്. ജനങ്ങളെ ചൂഷണം ചെയ്തും ഭിന്നിപ്പിച്ചും അടിച്ചമര്‍ത്തിയും ജീവിക്കുന്ന കാണ്ടാമൃഗങ്ങളായ ഭരണാധികാരിവര്‍ഗത്തെയും അതിന്റെ പിണിയാളുകളെയും തെരുവില്‍ തൊലിയുരിച്ചുകാണിക്കുകയാണ് നാടകത്തില്‍. അഭിനേതാക്കളും കാണികളുമായി അതിരുകളൊന്നുമില്ലാതെ സംവദിച്ച നാടകം നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

സംവിധായകന്‍ ശ്യാം റജി, കവി വി എസ് ബിന്ദു, വിദ്യാര്‍ഥികളായ കെ എസ് വിശാഖ്, കാര്‍ത്തിക് സുരേന്ദ്രന്‍, നിതിന്‍ രാജ് ആനാവൂര്‍ എന്നിവര്‍ അരങ്ങിലെത്തിയപ്പോള്‍ അരവിന്ദ്, ശംഭു, ആനന്ദ് വി എസ് തമ്പി എന്നീ വിദ്യാര്‍ഥികള്‍ സംഗീതമൊരുക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാടകം അവതരിപ്പിക്കുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി വിനോദ് വൈശാഖി പറഞ്ഞു.

ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആര്‍എസ്എസ് അക്രമം

RSS


കഴക്കൂട്ടം : പുതുവര്‍ഷപ്പുലരിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനുനേരെ ആര്‍എസ്എസ് അക്രമം. പൊലീസ് നോക്കിനില്‍ക്കെയാണ് വിശ്വാസികളെയടക്കം ആര്‍എസഎസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൌഡിക്കോണം പുതുകുന്ന് സിഎസ്ഐ ചര്‍ച്ചിന് നേരെയാണ് മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം അതിക്രമം നടത്തിയത്. ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും നക്ഷത്രങ്ങളും അലങ്കാരങ്ങളും അടിച്ചുതകര്‍ത്തു. പ്രാര്‍ഥനയ്ക്കെത്തിയവരെയടക്കം ആര്‍എസ്സ് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. പൌഡിക്കോണം വിഷ്ണുനഗറില്‍ രാജ്ഭവനില്‍ രാജീവ് (24), മുക്കില്‍ക്കട കരിക്കകത്ത്വീട്ടില്‍ രാഹുല്‍ (23), പാങ്ങപ്പാറ പേരൂര്‍ ക്ഷേത്രത്തിന് സമീപം കീഴേപുല്ലാന്നി വീട്ടില്‍ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. രാജീവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.

കൊച്ചുകുട്ടികളെയടക്കം തല്ലുന്നത് തടഞ്ഞ റെജിയുടെ തലയ്ക്കും കഴുത്തിലും അക്രമികള്‍ കമ്പിപ്പാരകൊണ്ട് അടിച്ചു. പതിനഞ്ചോളം ഇരുചക്രവാഹനങ്ങളിലായി മുപ്പതോളംപേരാണ്  വടിവാളും കമ്പിപ്പാരയും തടിക്കക്ഷണങ്ങളുമായെത്തി അക്രമം നടത്തിയത്. ക്രിസ്മസ്– പുതുവര്‍ഷഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും ഫ്ളക്സ് ബോര്‍ഡുകളും നക്ഷത്രങ്ങളും ട്യൂബ്സെറ്റുകളും തകര്‍ത്തു.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ദേവാലയത്തിന് ചുറ്റും 4100 നക്ഷത്രം പ്രകാശിപ്പിച്ചിരുന്നു. 27വരെ നടത്തിയ സ്റ്റാര്‍ ഫെസ്റ്റില്‍ തെളിച്ച നക്ഷത്രങ്ങള്‍ പുതുവര്‍ഷദിനത്തിലും പ്രകാശിപ്പിക്കണമെന്ന് ആര്‍എസ്എസ് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിച്ചതിനാല്‍ നക്ഷത്രങ്ങള്‍ അഴിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ സംഘം നക്ഷത്രം അഴിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയാണ് ആദ്യം തല്ലിയത്. തുടര്‍ന്ന് ഇത് തടയാനെത്തിയവരെയും ആക്രമിച്ചു. പൊലീസ് നോക്കിനില്‍ക്കെ മൂന്നുതവണ വടിവാളുമായെത്തി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സിഎസ്ഐ പുതുകുന്നിന് മുന്നില്‍ വൈദികന്മാരുടെ നേതൃത്വത്തില്‍ സമരം നടത്തി. സിഎസ്ഐ സൌത്ത് കേരള ബിഷപ് ധര്‍മരാജ് റിക്സം, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, എം എ വാഹീദ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമരായ കരിയം മോഹനന്‍, സ്റ്റാന്‍ലി ഡിക്രൂസ്, എ പി മുരളി, രാമചന്ദ്രന്‍ എന്നിവര്‍ പള്ളിയും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.

നാടിന് ശുദ്ധജലം ഉറപ്പാക്കാന്‍ അരുവിക്കരയില്‍ ജനനേതാവെത്തി

Pinarayi Vijayan at Aruvikara


തിരുവനന്തപുരം : ശുദ്ധമായ കുടിവെള്ളമെന്ന ജനങ്ങളുടെ അവകാശം സ്വപ്നമാകുമ്പോള്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജനനേതാവ് അരുവിക്കരയിലെത്തിയത് ജനങ്ങള്‍ക്ക് പ്രത്യാശയും അധികൃതര്‍ക്ക് താക്കീതുമായി. തലസ്ഥാന നഗരിയുടെ പ്രധാന ജലസ്രോതസ്സായ അരുവിക്കര ഡാമും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കാനെത്തിയത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്. പായല്‍ മൂടി വൃത്തിഹീനവും മണ്ണടിഞ്ഞ് ആഴവും കുറഞ്ഞ കരമനയാറും വികസനമില്ലാതെ തകര്‍ച്ച നേരിടുന്ന ഡാമും നടന്നുകണ്ട അദ്ദേഹം നാട്ടുകാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു.


ജില്ലയുടെ 70 ശതമാനത്തോളം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അരുവിക്കര ഡാമിനേയാണ്. എന്നാല്‍, മനുഷ്യ വിസര്‍ജ്യവും പ്ളാസ്റ്റിക്കും മൃഗാവിഷ്ടവും നിറഞ്ഞ് കരമനയാറ് നശിച്ചതിന്റെ ഭാരം മുഴവന്‍ പേറുന്നത് അരുവിക്കര റിസര്‍വോയറാണ്. അതിനിടെയാണ് മണ്ണ് അടിഞ്ഞുകൂടി റിസര്‍വോയറിന്റെ ആഴം കുറയുന്നു. പായല്‍ നിറയുന്നതും ഇവിടത്തെ വലിയ പ്രശ്നമാണ്. നിലവില്‍ ഇതിന്റെ സംഭരണശേഷി പത്തുശതമാനമായി കുറഞ്ഞു. ഇതോടെ നാട്ടുകാര്‍ അരുവിക്കര ജലസംരക്ഷണ സമതിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി. തലസ്ഥാനത്തെ ജനങ്ങള്‍ക്ക്ശുദ്ധമായ കുടിവെള്ളം നല്‍കണമെന്നാശ്യപ്പെട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തി.  ഇതോടെ  ഡാമിന്റെയും റിസര്‍വോയറിന്റെയും ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ത്തന്നെ ഈ പ്രദേശത്തെത്തിയത്. ജനപ്രതിനിധികളും സംരക്ഷണസമിതി പ്രവര്‍ത്തകരും അടങ്ങിയ വന്‍ ജനാവലി പിണറായിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പുഴയുടെയും ഡാമിന്റെയും വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഡാമിന്റെ ഈ അവസ്ഥ സര്‍ക്കാരിനും മറ്റ് അധികൃതര്‍ക്കും അറിയാമായിരുന്നിട്ടും ഒരു നടപടിയും സ്വകീകരികാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവ അടിയന്തരമായും ശുചിയാക്കുകയും ഡ്രഡ്ജിങ് നടത്തുകയും ചെയ്തില്ലെങ്കില്‍ ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്‌മിയില്‍ ഭിന്നത; സാറ ജോസഫ് രാജിവെച്ചു

Sara Joseph


തൃശൂര്‍: എഴുത്തുകാരിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ആംആദ്‌മി പാര്‍ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. എന്നാല്‍ പാര്‍ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ പാര്‍ടിക്ക് സാധിക്കുന്നില്ലെന്ന് കാണിച്ചാണ് രാജിയെന്ന് പറയുന്നു.

അതേസമയം സൌത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്കിടയാക്കിയെതെന്ന് പറയുന്നു.  സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു സാറ ജോസഫ്.

കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിക്കണം: യെച്ചൂരി

Yechury at sivagiri


വര്‍ക്കല : വര്‍ഗീയവല്‍ക്കരണവും അസഹിഷ്ണുതയും നവ ഉദാരവല്‍ക്കരണവും ചെറുക്കാന്‍ കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. ശിവഗിരി തീര്‍ഥാടന സമാപനസമ്മേളനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ വിശ്വാസത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ല. എല്ലാ വിശ്വാസത്തെയും ആരാധനകളെയും സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുമ്പിലുണ്ടാകും. മാനവികതയില്‍  അധിഷ്ഠിതമായ രാജ്യത്തിന്റെ മൂല്യങ്ങളും തത്വചിന്തകളും ഹിന്ദുത്വവുമായി ഏച്ചുകെട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അത്തരം നീക്കങ്ങളെ കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഭൌതികവാദികളും ആത്മീയവാദികളും കൂട്ടായി പ്രതിരോധിക്കണം. കേരള നവോത്ഥാനത്തിനും സാമൂഹ്യവിപ്ളവത്തിനും ഊര്‍ജം പകര്‍ന്ന ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യം ഏറെയാണ്.

ജനതയുടെ നിലനില്‍പ്പിന് സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകണം. ജാതിവ്യവസ്ഥ ഇല്ലാതായെന്നു പറയുമ്പോഴും സാമ്പത്തികമായ അസന്തുലിതാവസ്ഥ കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണിന്ന്. ദളിതരടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം യാഥാര്‍ഥ്യമാകാന്‍ സാമ്പത്തികമായിക്കൂടി മുന്നേറണം.

ജാതിക്കെതിരായ പോരാട്ടം മനസ്സില്‍നിന്ന് രൂപപ്പെടണം. അതിനൊപ്പം സാമ്പത്തിക ഉന്നമനം ഉറപ്പുവരുത്താനുള്ള പോരാട്ടവും നടത്തണം. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ നടത്തുമ്പോള്‍ മതവിശ്വാസികളെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ'ന്ന മാര്‍ക്സിന്റെ  ഉദ്ധരണി ബോധപൂര്‍വം അടര്‍ത്തിയെടുക്കുന്നത് അതിനാലാണ്.  'ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം' എന്നതടക്കമുള്ള മാര്‍ക്സിന്റെ വാക്യങ്ങള്‍ അത്തരക്കാര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. മാര്‍ക്സിന്റെ കാലത്തുതന്നെ മതവിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നിരുന്നു. മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന അഭിപ്രായത്തോട് മാര്‍ക്സ് യോജിച്ചില്ല. മനുഷ്യസമൂഹത്തിന്റെ എല്ലാ ബന്ധങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ രാഷ്ട്രീയബന്ധങ്ങളിലെ മാറ്റമാണ് വേണ്ടതെന്നുമായിരുന്നു മാര്‍ക്സ് പറഞ്ഞത്. അതിനാല്‍ കമ്യൂണിസ്റ്റുകാര്‍ മതത്തിനെതിരല്ല.

വര്‍ഗീയവല്‍ക്കരണവും അസഹിഷ്ണുതയും വളര്‍ത്താന്‍ രാജ്യത്തിന്റെ തത്വശാസ്ത്രവും ചരിത്രവും തിരുത്തിയെഴുതുന്നു. എല്ലാറ്റിനെയും ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. സാമ്പത്തികരംഗത്തും ഇത്തരം ശക്തികള്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്നു. ഇത് രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കും. രാജ്യം നേരിടുന്ന വലിയ വെല്ലുവിളി വര്‍ഗീയവല്‍ക്കരണമാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയവും ജനാധിപത്യപരവുമായ പോരാട്ടമാണ് നടക്കേണ്ടത്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കാനുള്ള ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയാണ് അനിവാര്യം.  വിശ്വാസികളും അല്ലാത്തവരും ശ്രീനാരായണഗുരു സ്വപ്നം കണ്ട സമൂഹം സൃഷ്ടിക്കാന്‍ രംഗത്തുവരണം– യെച്ചൂരി ആഹ്വാനംചെയ്തു.

Thursday, 31 December 2015

ദുബായില്‍ തീപിടുത്തം


ദുബായിൽ ബുർജ് അലീഫക്ക് സമീപം തീപിടുത്തമുണ്ടായി. അഡ്രസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.അഗ്നിശമനസേന പരിസരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.ന്യൂ ഇയർ ആഘോഷിക്കാൻ ജനങൾ ഒഴികെയെത്തിയിട്ടുണ്ട്. തീപിടിത്തത്തെതുടര്‍ന്ന്  ബുര്‍ജ് ഖലീഫയില്‍  നടത്താനിരുന്ന  വെടിക്കെട്ട്‌  ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട് .


റബര്‍ കര്‍ഷകദുരിതം... കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് രാപ്പകല്‍ സമരം



കോട്ടയം : റബര്‍ വിലയിടിവില്‍ കര്‍ഷകദുരിതം രൂക്ഷമായിട്ടും അനങ്ങാപ്പാറനയം തുടരുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ദ്വിദിന രാപ്പകല്‍ സമരം തിങ്കളാഴ്ച രാവിലെ 10ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ 4, 5 തീയതികളിലാണ് സമരം.

റബര്‍ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുക, 200 രൂപ  തറവില നിശ്ചയിച്ച് കേന്ദ്ര–സംസ്ഥാന ഏജന്‍സികള്‍ റബര്‍ സംഭരിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിലനിര്‍ത്തുക, ഊഹക്കച്ചവടം അവസാനിപ്പിക്കുക, കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കുക, കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു.
വിലസ്ഥിരതാഫണ്ടായി 300 കോടി മാത്രം നീക്കിവയ്ക്കുകയും അതിന്റെ നാലിലൊന്ന് പോലും വിതരണംചെയ്യാതിരിക്കുകയും ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ നടപടി പരാജയമായി. ആസിയന്‍ കരാര്‍ മറവില്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച നടപടിയാണ് കര്‍ഷകര്‍ക്ക് ഏറെ വിനയായത്. അതോടെ രാജ്യത്തെ ഏത് തുറമുഖം വഴിയും റബര്‍ ഇറക്കുമതി ചെയ്യാമെന്ന നിലവന്നു. കോണ്‍. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ ഇടപാടിന് ആക്കം കൂട്ടിയത് ബിജെപി സര്‍ക്കാരാണ്.
ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന് കൃഷിക്കാരോട് ശത്രുതാപരമായ നിലപാടാണ്. ഒരു ഹെക്ടറില്‍ 605 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ ശേഷിയുള്ള റബര്‍ മരം മികച്ച പരിസ്ഥിതിവിളയാണെന്ന ശാസ്ത്രസത്യം പോലും മറന്നാണ് അധികാരികളുടെ അവഗണന.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കേരള കര്‍ഷകസംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്കറിയ തോമസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് തോമസ്, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി, സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് ടി വി ബേബി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കവേലി, ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ തുടങ്ങിയ മുന്നണി നേതാക്കള്‍ക്കൊപ്പം നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കും.

കൊച്ചാര്‍ ബണ്ട് തകര്‍ന്നു; നിര്‍മാണപ്പിഴവെന്ന് ആക്ഷേപം



ആലപ്പുഴ : കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറില്‍ നിര്‍മിച്ച പുറംബണ്ട് തകര്‍ച്ചയിലായത് നിര്‍മാണത്തിലെ പിഴവുമൂലമാണെന്ന സംശയം ബലപ്പെടുന്നു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ജാഗ്രതക്കുറവും സാഹചര്യം വഷളാകാനിടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.

കുട്ടനാട് ഒരുതരത്തിലും രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്ന ജലസേചനവകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍. സി, ഡി ബ്ളോക്ക്, റാണി, ചിത്തിര കായലുകളുടെ മധ്യത്തിലൂടെയാണ് കൊച്ചാര്‍ ഒഴുകുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകുന്നത് കൊച്ചാര്‍ വഴി. പുറംബണ്ട് തകര്‍ച്ചയിലാകുന്നതോടെ സി–ബ്ളോക്ക് കായലിലെ 6000 പറ പാടശേഖരം ഏതു നിമിഷവും മടവീണു തകരാവുന്ന സ്ഥിതിയിലാണ്. മുമ്പ് മഴക്കാലത്ത് പമ്പ, അച്ചന്‍കോവില്‍ എന്നിവയിലെ വെള്ളം കൊച്ചാര്‍വഴി ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ ഇരച്ചുകയറി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വന്നു. നെല്‍കൃഷി ഉപേക്ഷിക്കാന്‍ ഈ സാഹചര്യം കര്‍ഷകരെ നിര്‍ബന്ധിതമാക്കി. കൊച്ചാറിന്റെ ഇരുകരകളിലും ബലമേറിയ പുറംബണ്ട്  നിര്‍മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇതിനൊടുവിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറിന്റെ ഇരുകരകളിലും പുറംബണ്ട് നിര്‍മിച്ചത്. 14 കോടിരൂപ ഇതിനായി ചെലവഴിച്ചു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ബണ്ടാണ് അവിടവിടെ ചോര്‍ച്ചവന്ന് തകരുന്ന സ്ഥിതിയിലെത്തിയത്.  സി–ബ്ളോക്കിനെ വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നാലുകിലോമീറ്റര്‍ പുറംബണ്ടാണ് തകരുന്നത്. ഈ നാലുകിലോമീറ്റര്‍ ഭാഗത്ത് പതിനാറോളം ചോര്‍ച്ച കണ്ടെത്തി.

ഈ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി പുറംബണ്ട് സ്ഥാപിക്കണം എന്നായിരുന്നു കുട്ടനാട് പാക്കേജിലെ നിര്‍ദേശം. പൈലിങ് നടത്തിയത് രണ്ടരമീറ്റര്‍ ആഴത്തില്‍മാത്രം. വെള്ളപ്പൊക്കക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ബലക്ഷയമുള്ള ബണ്ടിനു കഴിയില്ല. ഇക്കാര്യം നിര്‍മാണഘട്ടത്തില്‍തന്നെ കര്‍ഷകരും ഈ രംഗത്തെ വിവിധ സംഘടനകളും ചുണ്ടിക്കാട്ടിയിരുന്നു. ഫലം ഉണ്ടായില്ലെന്നു മാത്രം. ഇതാണ് ബണ്ട് തകരാന്‍ ഇടയാക്കിയത് എന്നാണ് ആരോപണം.

കൊച്ചാറിന്റെ പുറംബണ്ടു തകര്‍ന്ന സംഭവത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിസ്ഥാനത്ത്. ബണ്ടിന്റെ ബലക്ഷയം സംബന്ധിച്ച് ജലസേചനവകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ കത്ത് അന്നുതന്നെ ചോര്‍ന്നു. പിറ്റേദിവസം റാണി കായലിലെ പമ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കരാറുകാരന്‍ കോടതിയില്‍നിന്നു സമ്പാദിച്ചു.

ഡിസംബര്‍ 15നാണ് എന്‍ജിനീയര്‍ വകുപ്പുമേധാവികള്‍ക്കു നല്‍കാന്‍ കത്തു തയ്യാറാക്കിയത്. അന്നുതന്നെ കത്ത് ചോര്‍ത്തി കരാറുകാരനു നല്‍കി. പിറ്റേന്നു കരാറുകാരന്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. ബണ്ടില്‍ ചോര്‍ച്ച വര്‍ധിക്കുന്നതും പമ്പിങ് നിര്‍ത്തിയതും ബലക്ഷയം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, ഫയലില്‍ സൂക്ഷിക്കാന്‍ നല്‍കിയ കത്ത് ചില ജീവനക്കാര്‍ ചോര്‍ത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇതുശരിയെങ്കില്‍ ആ ജീവനക്കാരും പ്രതിസ്ഥാനത്താണ്. ഒപ്പം എന്‍ജിനീയറും കുടുങ്ങും. കാരണം കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചാറിന്റെ പുറംബണ്ട് ബലമേറിയതാണ് എന്നാണ് ഇദ്ദേഹം എഴുതിവച്ചത്. മൂന്നുമാസത്തിനുള്ളില്‍ ബണ്ടിനു ബലക്ഷയം സംഭവിച്ചത് എങ്ങനെയെന്നു വിശദീകരിക്കന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.

കലക്ടറേറ്റില്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കൂടിയ അവലോകനയോഗത്തില്‍ കൊച്ചാര്‍ ബണ്ടിനു കുഴപ്പമില്ല എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. യോഗത്തിനുശേഷം കാര്യമായ മഴക്കെടുതിയോ വെള്ളപ്പൊക്കമോ കുട്ടനാട് നേരിട്ടില്ല. മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികവെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. പമ്പയിലൂടെയും അച്ചന്‍കോവിലാറിലൂടെയും ഒഴുകിയെത്തിയ കിഴക്കന്‍വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുകയുമായിരുന്നു. കൊച്ചാറില്‍ വെള്ളത്തിന്റെ അമിതസമ്മര്‍ദ്ദം ഉണ്ടാകേണ്ട സാഹചര്യം ഇല്ല എന്നാണിതു കാണിക്കുന്നത്.

കരാറുകാര്‍ക്കും ജലസേചനവകുപ്പ് അധികൃതര്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന തരത്തില്‍ ബണ്ട് നവീകരണത്തിനു പദ്ധതി തയ്യാറാക്കി വീണ്ടും കോടികളുടെ പണി നടത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്. കുട്ടനാട് തകരട്ടെ, കൃഷി നശിക്കട്ടെ, കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും തുലയട്ടെ, തങ്ങളുടെ കീശ വീര്‍ക്കണം എന്ന പതിവുശൈലി പിന്തുടരുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും.