
മുസിരിസ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാൻ മോദി സമ്മതം മൂളാത്തതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു കൊണ്ട് ഹിന്ദു പത്രത്തിൽ നിന്നു വിളിച്ചിരുന്നു. രണ്ടു കാരണങ്ങളുണ്ടാകാമെന്നു തോന്നുന്നു.
ഒന്ന്, തുടക്കം മുതൽ ആർഎസ്എസ് ഈ പദ്ധതിയോട് സ്വീകരിച്ചുവന്ന സമീപനം. സെൻറ് തോമസ് പൈതൃകം അടിച്ചേൽപ്പിക്കാനുളള വലിയൊരു ഗൂഢാലോചനയായിട്ടാണ് അവരീ പദ്ധതിയെ കണ്ടത്.
പദ്ധതിയ്ക്ക് മുൻകൈയെടുത്ത മന്ത്രിയും മുഖ്യ കൺസെർവേഷൻ ആർക്കിടെക്ടും ആർക്കിയോളജിസ്റ്റുമെല്ലാവരും "ക്രിസ്ത്യാനി"കൾ. ആർഎസ്എസിനു ഗൂഢാലോചനാസിദ്ധാന്തം ആരോപിക്കാൻ വേറെന്തു കാരണം വേണം? പ്രധാനമന്ത്രിയായെങ്കിലും മോദിയ്ക്കും ഇങ്ങനെ ചില ചിന്തകളുണ്ടാകാം.
രണ്ട്, ഇനി സമ്മതം മൂളി മോദി വന്നാൽത്തന്നെ എന്താണ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത് എന്നെനിക്കറിയില്ല. ഒച്ചിഴയുന്ന വേഗത്തിലാണ് കഴിഞ്ഞ അഞ്ചുവർഷമായി പദ്ധതി നടന്നുവരുന്നത്. ഒന്നും എങ്ങുമെത്തിയിട്ടില്ല.
ബന്ധപ്പെട്ട വകുപ്പുമന്ത്രിയ്ക്ക് പദ്ധതിയെക്കുറിച്ച് ഒരു വിവരവുമില്ല. ഇതു സംബന്ധിച്ച് എന്തെങ്കിലും അറിയാവുന്ന രണ്ടു സ്ഥലം എംഎൽഎമാരെയും അദ്ദേഹത്തിനൊട്ടു വിശ്വാസവുമില്ല. ടൂറിസം ഉദ്യോഗസ്ഥരാണെങ്കിൽ കൺസെർവേഷൻ ആർക്കിടെക്ടുകളെ എങ്ങനെ പാരവെയ്ക്കാം എന്ന ചിന്തയിലാണ്. മാത്രമല്ല, ഇപ്പോഴവസാനം പദ്ധതിയിൽ തങ്ങളുടെ കൊട്ടാരം ഉൾപ്പെടുത്താൻ സമ്മതിച്ച പാലിയം ട്രസ്റ്റുമായി സർക്കാർ കേസിലാണ്. യുണെസ്കോ നിർദ്ദേശിച്ച സ്പൈസസ് റൂട്ടും മുസിരിസിൽ നിന്ന് വേറിട്ടുപോയി. എങ്ങനെ ഒരു പദ്ധതിയെ പൊളിക്കാം എന്നതിന് ഒരു സാധനപാഠമായി മുസിരിസ് പദ്ധതിയുടെ നടത്തിപ്പിനെ കാണാം.
പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെയെല്ലാം പിരിച്ചുവിട്ട് പദ്ധതിയുടെ ജനകീയ സ്വഭാവം നഷ്ടപ്പെടുത്തി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തവും നാമമാത്രമായിരുന്നു. അക്കാദമീയ പ്രവർത്തനങ്ങൾക്കുളള ബൃഹദ് കെട്ടിടസമുച്ചയം തീർന്നു. പക്ഷേ, ഒരു ഗവേഷകനോ പുസ്തകഷെൽഫോ പോലുമില്ല. ഖനനം എന്നത് വേനൽക്കാലത്ത് കെസിഎച്ച്ആർ നടത്തുന്നതിലൊതുങ്ങി. ജെട്ടി പണിതിട്ടുണ്ട്. ബോട്ടില്ല. ടൈലിടുന്നതായി മുഖ്യപണി. ഇങ്ങനെ പോകുന്നു മുസിരിസ് പുരാണം. ഇങ്ങനെ ഒന്നിൻറെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെ അന്വേഷിക്കുന്നത്. അതിനെന്താ പ്രശ്നം? ഒന്നാംഘട്ടമെന്നു പേരിട്ടാൽപ്പോരേ.
ലാല് സലാം
ReplyDelete