Wednesday, 9 December 2015

ബാര്‍ കോഴ: കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവ്



തൃശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ബാബുവിനെ ഒന്നാം പ്രതിയാക്കിയും ബിജു രമേശിനെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ നടപടി. 50 ലക്ഷം രൂപ ബാബുവിന് കോഴ നല്‍കിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കാന്‍ വഴി വച്ചത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബാബുവിനെയും ബിജുരമേശിനെയും ഒന്നും രണ്ടും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളം ആണ് പരാതി നല്‍കിയത്. ജനുവരി 23-നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആവശ്യത്തെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ എതിര്‍ത്തു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് നേരത്തെ ഒരു അന്വേഷണം നടന്നിട്ടുണ്ടെന്നും അതിനാല്‍ മറ്റൊരു അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ ഇത് തള്ളിയാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്.എസ് വാസന്‍ ഉത്തരവിട്ടത്. അന്വേഷണഘട്ടത്തില്‍ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടായാല്‍ ഹര്‍ജിക്കാരന് ഇടപെടാമെന്നും കോടതി പറഞ്ഞു.
50 ലക്ഷം രൂപ കെ ബാബുവിന് കോഴയായി നല്‍കിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലുള്‍പ്പെട്ട ചാനല്‍ അഭിമുഖത്തിന്റെ സിഡി പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏത് വിഭാഗത്തിന് അന്വേഷണചുമതല നല്‍കണമെന്ന കാര്യം വിജിലന്‍സ് ഡയറക്ടറാകും തീരുമാനിക്കുക.
അതേസമയം ബാര്‍ കോഴ കേസില്‍ അന്വേഷണം ഏത് ഘട്ടത്തിലെത്തിയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു പത്ത് ദിവസത്തിനകം സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന് പുതിയ സംഘം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. വിജിലന്‍സ് കോടതി ഉത്തരവിട്ട തുടരന്വേഷണം സംബന്ധിച്ച വിശദാംശങ്ങളും കോടതി തേടി.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു ഇടപെട്ടെന്ന് മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നികുതി വകുപ്പ് സെക്രട്ടറിയായിരുന്ന അജിത് കുമാറാണ് ബാബുവിനെതിരെ നിര്‍ണായകമൊഴി നല്‍കിയിരിക്കുന്നത്. 25 ലക്ഷത്തില്‍ നിന്നും 23 ലക്ഷമായി ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാനാണ് ബാബു നിര്‍ദ്ദേശിച്ചതെന്ന് മൊഴിയില്‍ പറയുന്നു. ലൈസന്‍സ് ഫീസ് 25 ലക്ഷമാക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ ഭേദഗതി ചെയ്താണ് തീരുമാനമെടുത്തതെന്നും മൊഴിയില്‍ പറയുന്നു.

മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയും ഹൈക്കോടതി രംഗത്തു വന്നിരുന്നു. പരിഗണനയിലിരിക്കുന്ന കേസിനെ പറ്റി ഉത്തരവാദിത്വപ്പെട്ടവര്‍ പരാമര്‍ശം നടത്തിയാല്‍ സമാധാനം പറയേണ്ടി വരുമെന്നും കോടതി പറഞ്ഞു. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കെ എം മാണിക്ക് അടക്കം കേസിലെ എല്ലാ സാക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ അവസരത്തില്‍ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആക്രമണത്തെയാണ് ഇനി രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.

2 comments:

  1. ഈ അഴിമതി ഭരണം അവസാനിക്കട്ടെ

    ReplyDelete
  2. ഉപ്പു തിന്നവൻ വെള്ളം കുടിക്കും ബാബു സാറേ....

    ReplyDelete