Friday, 11 December 2015
അവകാശ നിഷേധത്തിനെതിരെ അന്ധരുടെ പ്രതീകാത്മക മരണം.
തൃശൂര്‍: തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോക ഭിന്നശേഷി ദിനത്തില്‍ തൃശൂര്‍ നഗരത്തില്‍ കാഴ്ചയില്ലാത്തവരുടെ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. കേരള ബ്ലൈന്റ് അസോസിയേഷന്, ഫെഡറേഷന് ഓഫ് ബ്ലൈന്റ്, മിഷന് റ്റു ദി ബ്ലൈന്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 2015 ഡിസംബർ മൂന്നിന് കേരള സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴില്‍ നടന്ന പരിപാടിക്ക് മുന്നില്‍ വെച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അവകാശ നിഷേധത്തിനെതിരെ അന്ധർ പ്രതീകാത്മക മരണം വരിച്ചു. "കാഴ്ചയില്ലാത്തവർക്കും ജീവിക്കണം, ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി തരാൻ കഴിഞ്ഞില്ലെങ്കിൽ ദയാവധം നൽകൂ" മനസാക്ഷിയുള്ള ആരുടേയും കണ്ണിൽ ഈറനണിയിക്കുന്ന ഇത്തരം മുദ്രാവാക്യങ്ങളായിരുന്നു സമരത്തിൽ ഉയർന്നു കേട്ടത്.
കാഴ്ചയില്ലാത്തവരുടെ ഈ സമരത്തിന് നേരെ കാഴ്ചയുള്ള സമൂഹം കണ്ണടച്ച് കണ്ടില്ലയെന്നു നടിക്കുന്നു. ദൃശ്യമാധ്യമങ്ങൾ ഉൾപ്പടെയുള്ള മലയാളത്തിലെ എല്ലാ മാധ്യമങ്ങളും എത്തിയെങ്കിലും സരിതയും ബിജുവും നൽകുന്ന വാർത്താ പ്രാധാന്യം അവർക്ക് ഈ നിസ്സഹായരായ അന്ധരുടെ പ്രതിഷേധസമരത്തിന് ഉണ്ടായിരുന്നില്ല. അന്നത്തെ ചാനൽ ചർച്ചകളിലെല്ലാം സരിതയും ബിജുവും പ്രധാന വാർത്തയായി നിറഞ്ഞു നിന്നപ്പോൾ തെരുവിൽ കാഴ്ചയുള്ളവരുടെ ഒരു കൈതാങ്ങിനായി സമരം ചെയ്ത അന്ധരെ സൗകര്യപൂർവ്വം മുഖ്യധാര മാധ്യമങ്ങളെല്ലാം അവഗണിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കേണ്ട മാധ്യമങ്ങൾ ഈ അന്ധർക്ക് നേരെ ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല. അവരുടെ പ്രശ്നങ്ങൾ അറിയാനോ അവർക്ക് നേരെ കണ്ണടക്കുന്നവരുടെ കണ്ണ് തുറപ്പിക്കാനോ ഒരു മാധ്യമവും ശ്രമിക്കുന്നില്ല എന്നതാണ് ദുഖകരമായ സത്യം.
ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ നീക്കിവെക്കുമ്പോഴും അതിന്റെ യാതൊരു ഗുണഫലവും ലഭിക്കാതെ ഭിന്നഷേശിയുള്ളവര് നരകയാതന അനുഭവിക്കുകയണെന്ന് ഇവര്‍ പറയുന്നു. ഇതില്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് കാഴ്ച്ചയില്ലാത്തവരാണെന്നും നിരവധിതവണ ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇതിനിടയില്‍ വികലാംഗദിനാഘോഷങ്ങള് സംഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്റ്റ് പ്രകാരമുള്ള മൂന്ന് ശതമാനം തൊഴില്‍ സംവരണം നടപ്പിലാക്കണം. 2004-2007 പി.എസ്.സി നടത്തിയ നിയമനത്തില്‍ 1188 തസ്തികകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണം. വികലാംഗപെന്ഷന് 800-1100 രൂപയയില്‍ നിന്നും വര്‍ധിപ്പിക്കണം. തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
കാഴ്ചയുണ്ടായിട്ടും ഇതൊന്നും കാണാൻ കഴിയാത്ത അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തെ നോക്കി അവർ ഒരേ സ്വരത്തിൽ പറയുന്നു "ഒരു ദുരന്തമുണ്ടാകുമ്പോൾ സ്വമനസുകൾ സഹായ ഹസ്തങ്ങൾ നീട്ടുന്നു. എന്നാൽ ദുരന്തത്തിലേക്ക് പോകുന്നവരെ ആരും കാണുന്നുമില്ല, അവരെ ആ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ആരും ശ്രമിക്കുന്നുമില്ല. ഒരു ദുരന്തമുണ്ടായെങ്കിലെ കാഴ്ചയില്ലാത്തവർക്ക് സഹായം ലഭിക്കുള്ളൂവെങ്കിൽ അടുത്ത സമരത്തിൽ ഞങ്ങളുടെ ജീവൻ ഞങ്ങൾ ബലി നൽകാം. ജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവാദങ്ങളാണ് വേണ്ടതെങ്കിൽ ഞങ്ങളുടെ മരണം നിങ്ങൾക്ക് വിവാദമാക്കാം."
Subscribe to:
Post Comments (Atom)
അഭിവാദ്യങൾ
ReplyDeleteഅഭിവാദ്യങ്ങൾ
ReplyDeleteഅഭിവാദ്യങ്ങൾ
ReplyDeleteഅഭിവാദ്യങ്ങൾ
ReplyDeleteഅഭിവാദ്യങ്ങൾ
ReplyDelete