Tuesday, 8 December 2015

Deshabhimani Editorial, December 8, 2015, എണ്ണ ഉല്‍പ്പാദനവും ഒപെകും


 മുഖ പ്രസംഗം ശബ്ദാവിഷ്ക്കാരം:





ലോകത്തിലെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടന ഒപെക് വെള്ളിയാഴ്ച യോഗംചേര്‍ന്ന് ഉല്‍പ്പാദനം കുറയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ലോകത്തിലെ എണ്ണ ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത് 13 രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒപെക്കാണ്. ഏറ്റവുംകൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്കയും മൂന്നാംസ്ഥാനത്തുള്ള റഷ്യയും നാലാമതുള്ള ചൈനയും അഞ്ചാമതുള്ള ക്യാനഡയും ഒപെക്കില്‍ അംഗമല്ലെങ്കിലും, എണ്ണവില നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന സംഘടനയാണിത്. ഒപെക്കിന്റെ മൂന്നില്‍രണ്ട് എണ്ണ ഉല്‍പ്പാദനവും മധ്യപൌരസ്ത്യദേശങ്ങളില്‍നിന്നാണ്. അതിന്റെ സിംഹഭാഗവും ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദകരാഷ്ട്രമായ സൌദിഅറേബ്യയുടേതാണ് താനും.
എണ്ണ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് അംഗരാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് വെനസ്വേലയില്‍നിന്നും ഇക്വഡോറില്‍നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയെയാണ്് അഭിമുഖീകരിക്കുന്നത്. എണ്ണവില കുത്തനെ കുറഞ്ഞതാണ് ഇതിനുകാരണം. അതിനാല്‍ എണ്ണവില കുറയ്ക്കണമെന്നാണ് മഡുറോ സര്‍ക്കാരിന്റെ ആവശ്യം. വെനസ്വേലന്‍ പാര്‍ലമെന്റിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന് വിജയം നേടാന്‍ കഴിഞ്ഞതുപോലും ഈ സാമ്പത്തികപ്രതിസന്ധിയെ മറികടക്കാന്‍ മഡുറോ സര്‍ക്കാരിന് കഴിയാത്തതുകൊണ്ടായിരുന്നു. ഇതിനാലാണ് എണ്ണ ഉല്‍പ്പാദനം കുറച്ച് വില ഇടിയുന്നത് തടയണമെന്ന് വെനസ്വേല ആവശ്യപ്പെട്ടത്. എന്നാല്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ സൌദി അറേബ്യയും മറ്റ് അംഗരാജ്യങ്ങളും തയ്യാറായില്ല. വെനസ്വേലന്‍ താല്‍പ്പര്യത്തേക്കാള്‍ സ്വന്തം കമ്പോളതാല്‍പ്പര്യമാണ് സൌദിയെ ഭരിക്കുന്നത്. 
സാമ്പത്തികപ്രതിസന്ധി കാരണം എണ്ണ ഉപയോഗത്തില്‍ കുറവുവന്നെങ്കിലും ലോക കമ്പോളത്തിലെ മേധാവിത്വം നഷ്ടപ്പെടരുതെന്ന സൌദി അറേബ്യയുടെ പിടിവാശി കാരണമാണ് ഉല്‍പ്പാദനം കുറയ്ക്കേണ്ടെന്ന് തീരുമാനിച്ചത്. ദിനംപ്രതിയുള്ള ഉല്‍പ്പാദനമായ 31 ദശലക്ഷം വീപ്പയില്‍നിന്ന് പുറകോട്ട് പോകേണ്ടതില്ലെന്നുമാത്രമല്ല 50 ലക്ഷം വീപ്പ അധികം ഉല്‍പ്പാദിപ്പിക്കാനും യോഗം തീരുമാനിച്ചു. മധ്യ പൌരസ്ത്യ ദേശത്ത് അമേരിക്കയുമായി കൈകോര്‍ത്ത് ഐഎസിനെതിരെയും സിറിയയിലെ മതനിരപേക്ഷ സര്‍ക്കാരിനെതിരെയും യുദ്ധംചെയ്യുന്ന സൌദി അറേബ്യ എണ്ണവ്യാപാരത്തില്‍ അമേരിക്കയുമായി നടത്തുന്ന ശീതസമരത്തിന്റെ ഭാഗംകൂടിയാണ് എണ്ണ ഉല്‍പ്പാദനം കുറയ്ക്കേണ്ടതില്ലെന്ന തീരുമാനം. 
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഏറ്റവുംകൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രം അമേരിക്കയാണെങ്കിലും ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതിചെയ്യുന്നത് സൌദി അറേബ്യയാണ്. സൌദി അറേബ്യയുടെ എണ്ണക്കമ്പോളം അമേരിക്ക കൈവശപ്പെടുത്തുമോ എന്ന ഭയമാണ് ആവശ്യക്കാര്‍ കുറവാണെങ്കിലും എണ്ണ ഉല്‍പ്പാദനം കുറയ്ക്കേണ്ടതില്ലെന്ന ഒപെക് തീരുമാനത്തിനുപിന്നില്‍. അമേരിക്കയിലെ ഷേല്‍ ഉല്‍പ്പാദനം നിലവിലുള്ള അതേ വേഗത്തില്‍ തുടരുക വിഷമമാണെന്ന അനുമാനത്തിലാണ് സൌദി. ഷേല്‍ ഉല്‍പ്പാദനത്തിനുള്ള വര്‍ധിച്ച ചെലവും സാമ്പത്തിക പ്രതിസന്ധികാരണം ബജറ്റില്‍വന്ന കുറവും അമേരിക്കന്‍ ഷേല്‍ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാക്കുമെന്ന് സൌദി കരുതുന്നു. നിലവില്‍ സാര്‍വദേശീയ വായ്പാദാതാക്കള്‍ അമേരിക്കന്‍ ഷേല്‍ കമ്പനികള്‍ക്ക് വായ്പനല്‍കാന്‍ മടിച്ചുനില്‍ക്കുകയാണ്. അമേരിക്കയില്‍ തിരിച്ചടവ് സംശയത്തിലായ കടത്തിന്റെ മൂന്നിലൊന്നും എണ്ണ–വാതക കമ്പനികളുടേതാണ്.
നവംബറില്‍ ദിനംപ്രതി ആറുലക്ഷം വീപ്പയുടെ കുറവ് ഷേല്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായിട്ടുണ്ട്. സൌദി ഉല്‍പ്പാദനം കുറയ്ക്കുന്നപക്ഷം അമേരിക്ക ഷേല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും അതുവഴി ലോകകമ്പോളം പിടിച്ചെടുക്കുകയുംചെയ്യും. പല രാജ്യങ്ങള്‍ക്കും എണ്ണ കയറ്റുമതിക്കുള്ള നിരോധനം അടക്കം പിന്‍വലിച്ച് കമ്പോളം വര്‍ധിപ്പിക്കാനുള്ള നീക്കവും അമേരിക്ക കൈക്കൊള്ളും. അതോടെ സൌദിയുടെ അപ്രമാദിത്വം ഇല്ലാതാകും. അതുകൊണ്ടുതന്നെയാണ് ഉല്‍പ്പാദനം കുറയ്ക്കേണ്ടതില്ലെന്ന് ഒപെക് തീരുമാനിച്ചത്. സിറിയന്‍ പ്രശ്നത്തില്‍ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്ന റഷ്യയും എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും നിര്‍ബാധം തുടരുകയാണ്. ഇതും എണ്ണവില കുറയാന്‍ കാരണമാകും. ദിനംപ്രതി അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില കുറയുമ്പോഴും അതിന്റെ ഗുണം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നത് മറ്റൊരു വസ്തുത. കോര്‍പറേറ്റുകളുടെ ഉന്നമനംമാത്രം ലക്ഷ്യമാക്കി ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ നയമാണ് ഇതിന് കാരണം.

1 comment: