Wednesday, 9 December 2015

Deshabhimani Editorial, ഗ്രന്ഥശാലാസംഘം: മുഖ്യമന്ത്രി ഇടപെടണം, December 9, 2015

ദേശാഭിമാനി മുഖപ്രസംഗം ശ്രവിക്കുക:

മുഖപ്രസംഗം വായിക്കുക:

കേരളത്തിലെ അയ്യായിരത്തില്‍പ്പരം ഗ്രന്ഥശാലകളെയും വായനശാലകളെയും കൂട്ടിയിണക്കാനും അവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനും അവയെ നിയന്ത്രിക്കാനും പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ വിദ്യാഭ്യാസ സാംസ്കാരികമേഖലയില്‍ മഹത്തായ സംഭാവനയാണ് നല്‍കിവരുന്നത്. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയാണിത്. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതില്‍ ഇവിടുത്തെ ഗ്രന്ഥാലയങ്ങള്‍ക്കും വായനശാലകള്‍ക്കും മഹത്തായ പങ്കുണ്ട്. പി ഗോവിന്ദപ്പിള്ള, കെ എന്‍ പണിക്കര്‍, തായാട്ട് ശങ്കരന്‍, ഐ വി ദാസ് എന്നിങ്ങനെ നിരവധി പ്രതിഭാശാലികള്‍ വളര്‍ത്തിയെടുത്തതാണ് ഈ പ്രസ്ഥാനം. കേരളത്തിന്റെ സാംസ്കാരികമേഖലയെ ഇരുട്ടിന്റെ ശക്തികള്‍ മലീമസമാക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ വര്‍ഗീയതയെയും അന്ധവിശ്വാസത്തെയും പിന്തിരിപ്പന്‍ ചിന്താഗതിയെയും പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനമാണിത്. എന്നാല്‍, കേരള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിന് സ്വന്തമായി തിരുവനന്തപുരത്ത് ഒരു കെട്ടിടമില്ല എന്നത് ഒരു പോരായ്മയാണ്. ഈ പോരായ്മ പരിഹരിക്കാനാണ് കേരള സര്‍ക്കാര്‍ 20 സെന്റ് സ്ഥലം ലൈബ്രറി കൌണ്‍സിലിന് അനുവദിച്ചത്. ഈ സ്ഥലത്ത് കെട്ടിടം പണിയാന്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ തറക്കല്ലിട്ടു. നിലവിലുണ്ടായിരുന്ന പഴയതും ജീര്‍ണിച്ചതുമായ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാന്‍ അന്നത്തെ ഗ്രന്ഥശാലാസംഘം ഭരണസമിതി തീരുമാനിച്ചു. കെട്ടിടത്തിന്റെ പണി ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തിലെ ഒന്നാമത്തെ മുഖ്യമന്ത്രിയും നവകേരളം നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മഹദ്വ്യക്തിത്വവുമായ ഇ എം എസിന്റെ പേരിലാണ് ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കെട്ടിടം പണിപൂര്‍ത്തിയാക്കി, കേരള ഗ്രന്ഥശാലാസംഘത്തിന്റെ കാര്യാലയം ഈ മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് അനന്തപുരിക്ക് അഭിമാനമാകുമായിരുന്നു. അതിന് തടസ്സംനിന്ന സകലശക്തികളെയും സമൂഹത്തില്‍ തുറന്നുകാട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
സ്ഥലം അനുവദിച്ചുള്ള ഉത്തരവ് യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് റദ്ദാക്കി. ലൈബ്രറി കൌണ്‍സില്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏകാംഗ ബെഞ്ച് ലൈബ്രറി കൌണ്‍സിലിന് അനുകൂല വിധി പ്രസ്താവിച്ചു. ഏകാംഗ ബെഞ്ചിന്റെ വിധിക്കെതിരെ ചില തല്‍പ്പരകക്ഷികള്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഫലത്തില്‍ അംഗീകരിച്ച് കെട്ടിടനിര്‍മാണം വീണ്ടും തടഞ്ഞിരിക്കുകയാണ്. സ്ഥലമനുവദിച്ചത് ശരിയാണെന്ന് ഡിവിഷന്‍ ബെഞ്ചും സമ്മതിക്കുന്നു. ലൈബ്രറി കൌണ്‍സില്‍ ഭാരവാഹികള്‍ക്ക് നോട്ടീസയക്കാതെ സ്ഥലം അനുവദിച്ച ഉത്തരവ് പിന്നീട് റദ്ദാക്കിയത് തെറ്റാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണ്.
ഡിവിഷന്‍ ബെഞ്ച് മുമ്പാകെ കേസ് വാദിച്ച അഭിഭാഷകന്‍ ഉന്നയിച്ച വാദം ബാലിശമാണ്. ഇ എം എസിനെപ്പോലുള്ള ഒരു നേതാവിനെ അപമാനിക്കുന്നതരത്തിലായിപ്പോയി അത് എന്ന് ചൂണ്ടിക്കാട്ടാതിരിക്കാന്‍ വയ്യ. ഒരു രാഷ്ട്രീയ നേതാവായിരുന്ന ഇ എം എസിന്റെ പേരിലാണ് ഗ്രന്ഥശാലാസംഘത്തിന് ആസ്ഥാനമന്ദിരം പണിയുന്നത് എന്നാണ് കോടതി മുമ്പാകെ അദ്ദേഹം വാദിച്ചത്. ഇ എം എസിനെപ്പറ്റി മാത്രമല്ല, കേരള രാഷ്ട്രീയത്തെപ്പറ്റിയും വിവരമില്ലാത്ത ആളാണ് വാദിച്ച അഭിഭാഷകന്‍.  ഇ എം എസ് രാഷ്ട്രീയകക്ഷിനേതാവ് മാത്രമല്ല, കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച കേരളത്തിലെ ഒന്നാമത്തെ മുഖ്യമന്ത്രിയുമാണ്്. പ്രതിഭാശാലിയായ മുഖ്യമന്ത്രിയായിരുന്നു. 1967ലും ഇ എം എസ് മുഖ്യമന്ത്രിയായി. ഇ എം എസിനെ അംഗീകരിക്കാത്തവരും ആദരിക്കാത്തവരും ഇല്ലെന്നുതന്നെ പറയാം. നെഹ്റു രാഷ്ട്രീയനേതാവായിരുന്നു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രീയനേതാവായിരുന്നു. ഇവരാരും രാഷ്ട്രീയം ഉപേക്ഷിച്ചിട്ടുമില്ല. ഇ എം എസിന്റെ പേരില്‍ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിന് അനുമതി നല്‍കരുതെന്ന വാദം ചരിത്രത്തോടും കേരളീയരോടാകെയുമുള്ള വെല്ലുവിളിയാണ്. 
ഈ സാഹചര്യത്തില്‍ ലൈബ്രറി കൌണ്‍സില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇടവരുത്താതെ, കേരള സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് മുന്‍ മുഖ്യമന്ത്രി നായനാര്‍ തറക്കല്ലിട്ട ഇ എം എസിന്റെ പേരിലുള്ള കെട്ടിടം നിര്‍മിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും എല്ലാവിധ സഹായവും നല്‍കണമെന്നും ആവശ്യപ്പെടുന്നു

4 comments: