Monday, 7 December 2015

ആലപ്പുഴ മാതൃക യൂറോപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനം

പാരീസ് : ആലപ്പുഴയിലും തിരുവനന്തപുരത്തും പരീക്ഷിച്ച് വിജയിച്ച ഉറവിടമാലിന്യസംസ്കരണ പദ്ധതി ലോകവേദിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായി. വികസിതരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് ബഹുജന പങ്കാളിത്തത്തോടെയുള്ള അനുഭവങ്ങള്‍ക്ക് ചെവിയോര്‍ത്തത്. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ അനുബന്ധ സെമിനാറിലാണ് ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ ടി എം തോമസ് ഐസക് എംഎല്‍എ അവതരിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ സീറോ വേസ്റ്റ് ഫ്രാന്‍സും സീറോ വേസ്റ്റ് യൂറോപ്പുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഏഷ്യയില്‍നിന്ന് ആലപ്പുഴയിലെ മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിലെ പരിസ്ഥിതി മന്ത്രി സെഗോലീന്‍ റോയല്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. 
സാന്‍ ഫ്രാന്‍സിസ്കോ, ഇറ്റലിയിലെ ട്രെവിസോ, സ്ളൊവെനിയയിലെ ലുബിയാന എന്നിവിടങ്ങളിലെ നഗരപ്രതിനിധികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 


മാലിന്യങ്ങളെ ഉറവിടത്തില്‍ വേര്‍തിരിച്ച് ജൈവ മാലിന്യങ്ങളെ കംപോസ്റ്റിങ്ങിന് വിധേയമാക്കുകയും അജൈവമാലിന്യങ്ങളെ പുനചംക്രമണത്തിന് വിധേയമാക്കുന്ന രീതിയുമാണ് വന്‍ നഗരങ്ങള്‍ പിന്തുടരുന്നത്. മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന സാങ്കേതികവിദ്യകള്‍ വേണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. 
ദുര്‍ഗന്ധമുണ്ടാക്കുന്ന മീഥെയ്ന്‍ തുടങ്ങിയ വാതകങ്ങള്‍ തീരെയും ഉണ്ടാകാത്തതും ഏറ്റവും ചെലവുകുറഞ്ഞതുമായ രീതിയാണ് കേരളം മുന്നോട്ടുവച്ചത്. ലോക വേദിയില്‍ കേരളത്തിന് അഭിമാന നേട്ടമായിരിക്കുകയാണ് ആലപ്പുഴ മാതൃക.

3 comments: