Thursday, 31 December 2015

ദുബായില്‍ തീപിടുത്തം


ദുബായിൽ ബുർജ് അലീഫക്ക് സമീപം തീപിടുത്തമുണ്ടായി. അഡ്രസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.അഗ്നിശമനസേന പരിസരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.ന്യൂ ഇയർ ആഘോഷിക്കാൻ ജനങൾ ഒഴികെയെത്തിയിട്ടുണ്ട്. തീപിടിത്തത്തെതുടര്‍ന്ന്  ബുര്‍ജ് ഖലീഫയില്‍  നടത്താനിരുന്ന  വെടിക്കെട്ട്‌  ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട് .


റബര്‍ കര്‍ഷകദുരിതം... കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് രാപ്പകല്‍ സമരം



കോട്ടയം : റബര്‍ വിലയിടിവില്‍ കര്‍ഷകദുരിതം രൂക്ഷമായിട്ടും അനങ്ങാപ്പാറനയം തുടരുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ദ്വിദിന രാപ്പകല്‍ സമരം തിങ്കളാഴ്ച രാവിലെ 10ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ 4, 5 തീയതികളിലാണ് സമരം.

റബര്‍ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുക, 200 രൂപ  തറവില നിശ്ചയിച്ച് കേന്ദ്ര–സംസ്ഥാന ഏജന്‍സികള്‍ റബര്‍ സംഭരിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിലനിര്‍ത്തുക, ഊഹക്കച്ചവടം അവസാനിപ്പിക്കുക, കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കുക, കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു.
വിലസ്ഥിരതാഫണ്ടായി 300 കോടി മാത്രം നീക്കിവയ്ക്കുകയും അതിന്റെ നാലിലൊന്ന് പോലും വിതരണംചെയ്യാതിരിക്കുകയും ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ നടപടി പരാജയമായി. ആസിയന്‍ കരാര്‍ മറവില്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച നടപടിയാണ് കര്‍ഷകര്‍ക്ക് ഏറെ വിനയായത്. അതോടെ രാജ്യത്തെ ഏത് തുറമുഖം വഴിയും റബര്‍ ഇറക്കുമതി ചെയ്യാമെന്ന നിലവന്നു. കോണ്‍. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ ഇടപാടിന് ആക്കം കൂട്ടിയത് ബിജെപി സര്‍ക്കാരാണ്.
ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന് കൃഷിക്കാരോട് ശത്രുതാപരമായ നിലപാടാണ്. ഒരു ഹെക്ടറില്‍ 605 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ ശേഷിയുള്ള റബര്‍ മരം മികച്ച പരിസ്ഥിതിവിളയാണെന്ന ശാസ്ത്രസത്യം പോലും മറന്നാണ് അധികാരികളുടെ അവഗണന.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കേരള കര്‍ഷകസംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്കറിയ തോമസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് തോമസ്, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി, സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് ടി വി ബേബി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കവേലി, ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ തുടങ്ങിയ മുന്നണി നേതാക്കള്‍ക്കൊപ്പം നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കും.

കൊച്ചാര്‍ ബണ്ട് തകര്‍ന്നു; നിര്‍മാണപ്പിഴവെന്ന് ആക്ഷേപം



ആലപ്പുഴ : കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറില്‍ നിര്‍മിച്ച പുറംബണ്ട് തകര്‍ച്ചയിലായത് നിര്‍മാണത്തിലെ പിഴവുമൂലമാണെന്ന സംശയം ബലപ്പെടുന്നു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ജാഗ്രതക്കുറവും സാഹചര്യം വഷളാകാനിടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.

കുട്ടനാട് ഒരുതരത്തിലും രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്ന ജലസേചനവകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍. സി, ഡി ബ്ളോക്ക്, റാണി, ചിത്തിര കായലുകളുടെ മധ്യത്തിലൂടെയാണ് കൊച്ചാര്‍ ഒഴുകുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകുന്നത് കൊച്ചാര്‍ വഴി. പുറംബണ്ട് തകര്‍ച്ചയിലാകുന്നതോടെ സി–ബ്ളോക്ക് കായലിലെ 6000 പറ പാടശേഖരം ഏതു നിമിഷവും മടവീണു തകരാവുന്ന സ്ഥിതിയിലാണ്. മുമ്പ് മഴക്കാലത്ത് പമ്പ, അച്ചന്‍കോവില്‍ എന്നിവയിലെ വെള്ളം കൊച്ചാര്‍വഴി ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ ഇരച്ചുകയറി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വന്നു. നെല്‍കൃഷി ഉപേക്ഷിക്കാന്‍ ഈ സാഹചര്യം കര്‍ഷകരെ നിര്‍ബന്ധിതമാക്കി. കൊച്ചാറിന്റെ ഇരുകരകളിലും ബലമേറിയ പുറംബണ്ട്  നിര്‍മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇതിനൊടുവിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറിന്റെ ഇരുകരകളിലും പുറംബണ്ട് നിര്‍മിച്ചത്. 14 കോടിരൂപ ഇതിനായി ചെലവഴിച്ചു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ബണ്ടാണ് അവിടവിടെ ചോര്‍ച്ചവന്ന് തകരുന്ന സ്ഥിതിയിലെത്തിയത്.  സി–ബ്ളോക്കിനെ വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നാലുകിലോമീറ്റര്‍ പുറംബണ്ടാണ് തകരുന്നത്. ഈ നാലുകിലോമീറ്റര്‍ ഭാഗത്ത് പതിനാറോളം ചോര്‍ച്ച കണ്ടെത്തി.

ഈ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി പുറംബണ്ട് സ്ഥാപിക്കണം എന്നായിരുന്നു കുട്ടനാട് പാക്കേജിലെ നിര്‍ദേശം. പൈലിങ് നടത്തിയത് രണ്ടരമീറ്റര്‍ ആഴത്തില്‍മാത്രം. വെള്ളപ്പൊക്കക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ബലക്ഷയമുള്ള ബണ്ടിനു കഴിയില്ല. ഇക്കാര്യം നിര്‍മാണഘട്ടത്തില്‍തന്നെ കര്‍ഷകരും ഈ രംഗത്തെ വിവിധ സംഘടനകളും ചുണ്ടിക്കാട്ടിയിരുന്നു. ഫലം ഉണ്ടായില്ലെന്നു മാത്രം. ഇതാണ് ബണ്ട് തകരാന്‍ ഇടയാക്കിയത് എന്നാണ് ആരോപണം.

കൊച്ചാറിന്റെ പുറംബണ്ടു തകര്‍ന്ന സംഭവത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിസ്ഥാനത്ത്. ബണ്ടിന്റെ ബലക്ഷയം സംബന്ധിച്ച് ജലസേചനവകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ കത്ത് അന്നുതന്നെ ചോര്‍ന്നു. പിറ്റേദിവസം റാണി കായലിലെ പമ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കരാറുകാരന്‍ കോടതിയില്‍നിന്നു സമ്പാദിച്ചു.

ഡിസംബര്‍ 15നാണ് എന്‍ജിനീയര്‍ വകുപ്പുമേധാവികള്‍ക്കു നല്‍കാന്‍ കത്തു തയ്യാറാക്കിയത്. അന്നുതന്നെ കത്ത് ചോര്‍ത്തി കരാറുകാരനു നല്‍കി. പിറ്റേന്നു കരാറുകാരന്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. ബണ്ടില്‍ ചോര്‍ച്ച വര്‍ധിക്കുന്നതും പമ്പിങ് നിര്‍ത്തിയതും ബലക്ഷയം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, ഫയലില്‍ സൂക്ഷിക്കാന്‍ നല്‍കിയ കത്ത് ചില ജീവനക്കാര്‍ ചോര്‍ത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇതുശരിയെങ്കില്‍ ആ ജീവനക്കാരും പ്രതിസ്ഥാനത്താണ്. ഒപ്പം എന്‍ജിനീയറും കുടുങ്ങും. കാരണം കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചാറിന്റെ പുറംബണ്ട് ബലമേറിയതാണ് എന്നാണ് ഇദ്ദേഹം എഴുതിവച്ചത്. മൂന്നുമാസത്തിനുള്ളില്‍ ബണ്ടിനു ബലക്ഷയം സംഭവിച്ചത് എങ്ങനെയെന്നു വിശദീകരിക്കന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.

കലക്ടറേറ്റില്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കൂടിയ അവലോകനയോഗത്തില്‍ കൊച്ചാര്‍ ബണ്ടിനു കുഴപ്പമില്ല എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. യോഗത്തിനുശേഷം കാര്യമായ മഴക്കെടുതിയോ വെള്ളപ്പൊക്കമോ കുട്ടനാട് നേരിട്ടില്ല. മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികവെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. പമ്പയിലൂടെയും അച്ചന്‍കോവിലാറിലൂടെയും ഒഴുകിയെത്തിയ കിഴക്കന്‍വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുകയുമായിരുന്നു. കൊച്ചാറില്‍ വെള്ളത്തിന്റെ അമിതസമ്മര്‍ദ്ദം ഉണ്ടാകേണ്ട സാഹചര്യം ഇല്ല എന്നാണിതു കാണിക്കുന്നത്.

കരാറുകാര്‍ക്കും ജലസേചനവകുപ്പ് അധികൃതര്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന തരത്തില്‍ ബണ്ട് നവീകരണത്തിനു പദ്ധതി തയ്യാറാക്കി വീണ്ടും കോടികളുടെ പണി നടത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്. കുട്ടനാട് തകരട്ടെ, കൃഷി നശിക്കട്ടെ, കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും തുലയട്ടെ, തങ്ങളുടെ കീശ വീര്‍ക്കണം എന്ന പതിവുശൈലി പിന്തുടരുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും.

സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും ജനുവരി ആറിന് വനിതാ പർലമെന്റ് രൂപീകരിക്കുന്നു.



കൊച്ചി : സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും രൂപംനല്‍കുന്ന വനിതാ പാര്‍ലമെന്റില്‍  വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച ഒട്ടേറെ പ്രഗത്ഭമതികള്‍ പങ്കെടുക്കും. മലയാള സിനിമയുടെതന്നെ അമ്മ പ്രതീകമായ കവിയൂര്‍ പൊന്നമ്മ, യുവനടി റിമ കല്ലിങ്കല്‍, മുസ്ളീം സ്ത്രീകള്‍ക്ക് അഭിനയം നിഷിദ്ധമായി കരുതിയ കാലത്ത് അരങ്ങിലും അഭ്രപാളിയിലും തിളങ്ങിയ നടി നിലമ്പൂര്‍ ആയിഷ, ശീമാട്ടി വസ്ത്രാലയ ഉടമ ബീന കണ്ണന്‍ തുടങ്ങിയവര്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. സാഹിത്യകാരികള്‍, വിവിധ തൊഴില്‍ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരടക്കം മൂവായിരത്തോളം പേര്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രവും ഇ എം എസ് പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് ജനുവരി ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പാര്‍ലമെന്റ്് സംഘടിപ്പിക്കുന്നത്.

Vanitha Parliament


പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്. സിയാല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും പരിസരവും കൂട്ടായ്മയുടെ സന്ദേശങ്ങളും പ്രചാരണങ്ങളുംകൊണ്ട് നിറഞ്ഞു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് കണ്‍വന്‍ഷന്‍ സെന്റര്‍വരെ അലങ്കരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പാര്‍ലമെന്റിന്റെ ചെലവിനുള്ള ഫണ്ടും വനിതകള്‍ സമാഹരിക്കും. ഇതിനായി ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളെ സമീപിക്കും.
സംസ്ഥാനതല പാര്‍ലമെന്റിനുശേഷം ജില്ലാതലത്തിലും അതിനുശേഷം നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഈ തരത്തില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും. ഈ പാര്‍ലമെന്റിലൂടെ കണ്ടെത്തുന്ന കാര്യങ്ങളും ബദല്‍ സമീപനങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും.

മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് വ്യാജ ഫേസ്ബുക്ക് സുന്ദരി



ന്യൂഡല്‍ഹി : പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് ഫേസ് ബുക്ക് വ്യാജ സുന്ദരി. മൂന്നുവര്‍ഷം മുന്‍പ് കിട്ടിയ ഫേസ്ബുക്ക് റിക്വസ്റ്റാണ് ചാരവൃത്തിയിലേക്ക് രഞ്ജിത്തിനെ കൊണ്ടെത്തിച്ചത്.  സുന്ദരിയായ സുഹൃത്തിനെ കിട്ടിയത് രഞ്ജിത്ത് ആഘോഷമാക്കി. സൌഹൃദം വളര്‍ന്നതോടെ രാപ്പകല്‍ ചാറ്റിങ്ങും ലൈംഗിക സംസാരങ്ങളും പതിവാക്കി.

മാക്നോട്ട് ഡാമിനി എന്ന പേരിലാണ് വ്യാജ സുന്ദരി രഞ്ജിതിനെ സമീപിച്ചത്. ഡാമിനിയുടെ പ്രൊഫൈലില്‍ സ്ഥലം ബീസ്റ്റണ്‍, ലീഡ്സ് എന്നും ജോലി ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവ് ആണെന്നുമാണ് നല്‍കിയിരുന്നത്. മാക്നോട്ട് ഡാമിനിക്കായി രഞ്ജിത് ഭൂരിഭാഗം സമയവും ഓണ്‍ലൈനിലായിരുന്നു. ഇതിനിടെ ഡാമിനി രഞ്ജിത്തിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. പിന്നീട്  ടെക്സ്റ്റ് ചാറ്റ് ഒഡിയോ ചാറ്റിലേക്ക് മാറി. ഫോട്ടോകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും ഇവര്‍ കൈമാറിയിരുന്നു.

ഇതിനുശേഷം ഗ്വാളിയാറിലെ വ്യോമസേനയുടെ തന്ത്രപ്രധാന സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാമിനി ആവശ്യപ്പെട്ടു. ഈ ആവശ്യം രഞ്ജിത്ത് നിരസിച്ചതോടെ യാമിനിയുടെ രീതിമാറി. മുന്‍പ് ചാറ്റില്‍ കൈമാറിയ രഹസ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അവര്‍ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് താന്‍ വലിയ അപകടത്തില്‍ വീണുപോയെന്ന് രഞ്ജിത്ത് മനസിലാക്കുന്നത്. ഐഎസ്ഐയുടെ കെണിയില്‍ പെട്ട രഞ്ജിത്തിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു.

പ്രതിരോധസേനയുടെ ഭാഗമായ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ ഐഎസ്ഐ വനിതകളുടെ വ്യാജ ഫെയ്സ്ബുക്ക് ഐഡികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നത്. തുടക്കം ഫെയ്സ്ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാല്‍ ഫോണ്‍ വിളിക്കും. ഇവര്‍ സിം കാര്‍ഡുള്ള ഫോണിനുപകരം ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.

ഇന്തോ–പാക് അതിര്‍ത്തിയിലുള്ള ബട്ടിന്‍ഡ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ലീഡിംഗ് എയര്‍ ക്രാഫ്റ്റ് മാനായാണ് അറസ്റ്റിലായ രഞ്ജിത്ത് ജോലി ചെയ്തിരുന്നത്.

Wednesday, 30 December 2015

ട്രെയിന്‍ ടോയ്‌ലെറ്റില്‍ യുവതി പ്രസവിച്ചു: ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു



ബോജിപൂര: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിലെ ടോയ്‌ലെറ്റില്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ട്രാക്കില്‍ വീണ കുഞ്ഞ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തനക്പൂര്‍ബറേയ്‌ലി പാസഞ്ചറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബോജിപൂര റെയിവേ സ്റ്റേഷനു സമീപമുള്ള ട്രാക്കില്‍ നിന്നാണ് കുഞ്ഞിനെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നോപ്പാളിലെ കാഞ്ചന്‍പൂര്‍ സ്വദേശിയായ പുഷ്പയുടെ പെണ്‍കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുഷ്പ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു. കുഞ്ഞ് ടോയിലറ്റിന്റെ ഔട്ടലറ്റ് വഴിയാണ് ട്രാക്കിലേക്ക് തെറിച്ചുവീണത്. കുഞ്ഞ് വീണയുടനെ പുഷ്പ നിലവിളിച്ച് മറ്റ് യാത്രക്കാരുടെ സഹായം തേടി. ഉടന്‍ തന്നെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് റെയില്‍വെ ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗ് പറഞ്ഞു.

കുഞ്ഞിന് ചെറിയ പരിക്കുകളുണ്ടെങ്കിലും ആരോഗ്യവതിയാണെന്ന് ഡോ. സൗരബ് സിംഗ് പറഞ്ഞു. അമ്മയ്ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇരുവരെയും ബുനാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോ. സൗരബ് പറഞ്ഞു..

അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മൊബൈല്‍ ഫോണില്‍ ഒന്‍പത് ഡയല്‍ ചെയ്യുക



ദില്ലി: അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണിലെ ഒന്‍പത് എന്ന അക്കത്തില്‍ ദീര്‍ഘമായി അമര്‍ത്തിയാല്‍ മതി. ഇതിലൂടെ പൊലീസിനും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജാഗ്രതാ സന്ദേശം ലഭിക്കും. അപകടത്തിലായിരിക്കുന്ന വ്യക്തി എവിടെയാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് സന്ദേശമായി ലഭിക്കുന്നത്. മാര്‍ച്ച് മുതല്‍ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണുകളില്‍ പാനിക് അലര്‍ട്ട് സംവിധാനം നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഭാവിയില്‍ പുറത്തിറങ്ങുന്ന ഫോണുകളിലെ വോളിയം ബട്ടണായിരിക്കും പാനിക് അലര്‍ട്ട് ബട്ടണായി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരും മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും സേവനദാതാക്കളും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആപ്ലിക്കേഷന്‍ രൂപീകരിക്കാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും പദ്ധതി പ്രയോജനപ്പെടണം എന്നതിനാലാണ് നിലവിലുള്ള ഫോണിലെ ബട്ടണില്‍ തന്നെ അലര്‍ട്ട് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊലീസിന്റേത് ഉള്‍പ്പെടെ പത്ത് നമ്പറുകളിലേക്കാണ് ജാഗ്രതാ സന്ദേശം ലഭിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും സൗജന്യമായി പുതിയ സംവിധാനം സ്ഥാപിച്ച് കിട്ടുന്നതാണ്.

ഇന്ത്യയില്‍ 21 ശതമാനം യാചകരും വിദ്യാസമ്പന്നരെന്ന് റിപ്പോര്‍ട്ട്



ദില്ലി: രാജ്യത്തെ 3.72 ലക്ഷത്തോളം യാചകരില്‍ 21 ശതമാനത്തിന് പ്ലസ് ടുവോ അതില്‍ കൂടുതലോ വിദ്യാഭ്യസം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 3000ല്‍ അധികം യാചകര്‍ പ്രൊഫഷണല്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ കഴിഞ്ഞവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ തയ്യാറാക്കിയ സെന്‍സസിലാണ് യാചകരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൃപ്തികരമായ ജോലിയോ ശമ്പളമോ ലഭിക്കാതെ വന്നതോടെയാണ് മിക്കവരും യാചകവൃത്തിയിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭിക്ഷാടനം തൊഴിലാക്കിയ ഇവരെ പുനരധിവസിപ്പിക്കുന്നതിനോ മറ്റു തൊഴിലുകളിലേക്ക് തിരിച്ചുവിടുന്നതിനോ കഴിയില്ലെന്ന് ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അധ്വാനിക്കാതെ കിട്ടുന്ന പണം കൊണ്ട് ഇവര്‍ സുഖജീവിതം ആസ്വദിക്കുകയാണെന്നും പുനരധിവാസം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സാമൂഹ്യപ്രവര്‍ത്തകനായ ഗൗരങ് ജാനി പറഞ്ഞു.

Tuesday, 29 December 2015

സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി



കൊല്‍ക്കത്ത : തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശസമരങ്ങളും സിപിഐ എം ശക്തമാക്കും. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗത്തെയും സംഘടിപ്പിച്ച് പാര്‍ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കാനുള്ള നവീനമാര്‍ഗങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ കരട് പ്രമേയം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കും. എല്ലാവിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകുംവിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ളീനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണം ലക്ഷ്യം വയ്ക്കുന്ന 21–ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചായിരിക്കുമിത്.

നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. വര്‍ഗസമരം രണ്ടു തലങ്ങളിലാണ് ആവശ്യം. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹ്യചൂഷണത്തിനെതിരായും. എഴു ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 93 ശതമാനവും അസംഘടിതമേഖലയില്‍ കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യുന്നവരാണ്. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കാന്‍ പുതിയവഴികള്‍ തേടും.

ഇന്ത്യാചരിത്രത്തിനു പകരം മിത്തോളജിയും ഇന്ത്യന്‍ ഫിലോസഫിക്കു പകരം ദൈവശാസ്ത്രവുമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. വലിയവിഭാഗം പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലും രാഷ്ട്രീയസംവാദം വിലക്കി. അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ സ്റ്റഡിഗ്രൂപ്പുകള്‍ക്ക് പോലും മദ്രാസ് ഐഐടിയില്‍ വിലക്കാണ്. ജ്യോതിബാ ഫൂലെ, അംബേദ്കര്‍ എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷര്‍ക്ക് കോടിക്കണക്കിനു ദളിതരെ പ്രചോദിപ്പിക്കാനായെങ്കിലും ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യെച്ചൂരി ചോദിച്ചു. മാനസിക പരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഇവരുടെ ഊന്നല്‍. സാമ്പത്തിക സാഹചര്യങ്ങള്‍ മാറ്റിയാലേ തുല്യത ഉറപ്പാക്കാനാകൂ.

എവിടെ തൊഴില്‍ശാലകളുണ്ടോ അവിടെയൊക്കെ ചെങ്കൊടി നാട്ടുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കുന്നതില്‍പ്പോലും ദളിതര്‍ക്ക് വിലക്കുകല്‍പ്പിക്കുന്ന ഗ്രാമങ്ങളിലെല്ലാം ചെങ്കൊടി നാട്ടുക എന്ന ലക്ഷ്യം നിറവേറ്റിയിട്ടില്ല. മെച്ചപ്പെട്ട വേതനത്തിനുള്ള പോംവഴിയായി വ്യവസായത്തൊഴിലാളികള്‍ കാണുന്നത് ചെങ്കൊടിയെയാണ്. സംവരണം നടപ്പാക്കി 60 വര്‍ഷം പിന്നിട്ടിട്ടും ഉന്നത സര്‍ക്കര്‍ തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാലുശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡി തസ്തികകളില്‍ മാത്രമാണ് സംവരണ മാനദണ്ഡപ്രകാരമുള്ള പ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ അസമത്വം ഇല്ലാതാക്കാനാകൂ. പ്രീണന നയങ്ങളിലൂടെ വിവേചനം ഇല്ലാതാക്കാനാകില്ല– യെച്ചൂരി പറഞ്ഞു.

ആം ആ‌ദ്മി നേതാവിന്റെ മൃതദേഹം ചതുപ്പില്‍



ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ടി നേതാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. ധീരേന്ദ്ര ഈശ്വര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.

ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനുസമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ഏത് ലാപ്ടോപ്പ് സ്ക്രീനും ഇനി ടച്ച് സ്ക്രീനാക്കാം





നിങ്ങളുടെ ലാപ്‌ടോപ്പ് സ്ക്രീന്‍ ടച്ച് സ്‌ക്രീന്‍ അല്ലാത്തതില്‍ ഇനി വിഷമിക്കേണ്ട. ലാപ് ടോപ്പിന്റെ  ഒരു ഉപകരണം പോലും അഴിച്ചു മാറ്റാതെ തന്നെ ടച്ചാക്കി മാറ്റാനുള്ള ഡിവൈസ് കണ്ടുപിടിച്ചു കഴിഞ്ഞു. എയര്‍ബാര്‍ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിക്കാനെത്തുന്നത്.  നിയോനോഡെ കമ്പനിയാണ് എയര്‍ബാര്‍ ഡിവൈസിന്റെ ഉപഞ്ജാതാക്കള്‍.  അടുത്ത മാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന പരിപാടിയില്‍ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തും.

സ്‌കെയില്‍ ആകൃതിയിലുള്ള എയര്‍ബാര്‍ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കല്‍ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താല്‍ ലാപ് ടോപ്പിന്റെ സ്ക്രീനില്‍ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എയര്‍ബാര്‍ പ്രയോഗ ക്ഷമമാക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായമൊന്നും ആവശ്യമില്ല. വിന്‍ഡോസ് 7, 8, 10 തുടങ്ങിയവയുള്ള ഏതു സിസ്റ്റവുമായും ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ബാര്‍ പ്രവര്‍ത്തിക്കും.

50 ഡോളറാണ് ഇതിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 49 ഡോളറിന് ഈ ഉപകരണം സ്വന്തമാക്കാം. എല്ലാതരം ഡിസ്‌പ്ലെയിലും എയര്‍ബാര്‍ ബന്ധിപ്പിക്കാന്‍ തത്ക്കാലം സാധ്യമല്ല. നിലവില്‍ 15.6 ഇഞ്ച് ലാപ്പ് ടോപ്പുകളില്‍ മാത്രമെ എയര്‍ബാര്‍ ഘടിപ്പിക്കാന്‍ സാധിക്കു.

വീഡിയോ കാണുക..

Sunday, 27 December 2015

3 മണിക്കൂര്‍ ഹൃദയസ്പന്ദനം നിര്‍ത്തി 65കാരന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ



അമ്പലപ്പുഴ : അറുപത്തഞ്ചുകാരന് വണ്ടാനം മെഡിക്കല്‍  കോളേജ് ആശുപത്രിയില്‍ ആറുമണിക്കൂര്‍നീണ്ട ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാര്‍ത്തികപ്പള്ളി മഹാദേവികാട് കാട്ടില്‍ വീട്ടില്‍ വാസുദേവനിലാണ് (65) ആറുമണിക്കൂര്‍ നീണ്ട ഏറെ സങ്കീര്‍ണമായ ബെന്റാല്‍–ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കടുത്ത നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട വാസുദേവന് ഹൃദയവാല്‍വ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റിയത്. വിദഗ്ധപരിശോധനയില്‍ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വിനും അനുബന്ധമായ രക്തക്കുഴലിനും ഹൃദയത്തിലേക്ക് രക്തം പമ്പുചെയ്യുന്ന രണ്ട് രക്തക്കുഴല്‍ (കൊറോണറി ആര്‍ട്ടറി) തകരാര്‍ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ അഞ്ചുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ വാസുദേവന്റെ നിര്‍ധനകുടുംബത്തിന് കഴിയുമായിരുന്നില്ല. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്റെ നേതൃത്വത്തില്‍ കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴലുകളും അനുബന്ധ സാധനങ്ങളും കാരുണ്യപദ്ധതിവഴി ലഭ്യമാക്കി തിങ്കളാഴ്ച വാസുദേവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയില്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി ഹാര്‍ട്ട്ലങ് മെഷീനിലേക്ക് മാറ്റി. ഉപകരണത്തിന്റെ സഹായത്താല്‍ രോഗിയുടെ ശരീരതാപനില 28 ഡിഗ്രിയാക്കി ക്രമീകരിച്ചു. കാലില്‍ നിന്നെടുത്ത രക്തക്കുഴലുകള്‍ ഉപയോഗിച്ച് ഹൃദയധമനിയിലെ തടസത്തിനുള്ള ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തു. ഈ സമയം ഹൃദയസ്പന്ദനം പൂര്‍ണമായി നിര്‍ത്തലാക്കി അയോര്‍ട്ടിക് വാല്‍വും മഹാധമനിയുടെ പ്രാരംഭഭാഗവും കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴല്‍ ഉപയോഗിച്ച് മാറ്റിവെച്ചു. ഒപ്പം കൃത്രിമ രക്ത കൊറോണറി രക്തക്കുഴലില്‍ തുന്നിച്ചേര്‍ത്തു. രോഗിയുടെ ഹൃദയസ്പന്ദനം മൂന്നുമണിക്കൂറിലേറെ നിര്‍ത്തിവച്ചാണ് ആറുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് വണ്ടാനത്ത് മൂന്നുകോടി രൂപ ചെലവില്‍ കാത്ത്ലാബ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 500ഉം കോട്ടയത്ത് 1500ഉം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 800 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ പ്രതിവര്‍ഷം ചെയ്യുമ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് 60 എണ്ണത്തില്‍ താഴെമാത്രമാണ്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ അഭാവമാണ് ഇതിനുകാരണം. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറിപോയിട്ട് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയായത്. വാസുദേവന് തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. രവികുമാര്‍ പറഞ്ഞു. ഡോ. ആനന്ദക്കുട്ടന്‍, പി കെ ബിജു, അനസ്തേഷ്യാ വിഭാഗം ഡോക്ടര്‍മാരായ വീണ, ഹരികുമാര്‍, അന്‍സാര്‍, സ്റ്റാഫ് നേഴ്സുമാരായ സിന്ധു, സ്മിത, തുഷാര എന്നിവരും ഒപ്പമുണ്ടായിരുന്നു.

തുടര്‍ച്ചയായി 9 അവധിയുമായി 2016 സെപ്തംബര്‍


കൊച്ചി : തുടര്‍ച്ചയായി ഒമ്പതുദിവസത്തെ സര്‍ക്കാര്‍ അവധിയുമായി 2016ലെ സെപ്തംബര്‍. പുതുവര്‍ഷകലണ്ടറില്‍ സെപ്തംബര്‍ 10ന് ആരംഭിക്കുന്ന സര്‍ക്കാര്‍ അവധി തീരുന്നത് 19ന്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ അവധി ദിവസങ്ങളുമായി ഒക്ടോബര്‍ പുറകെയുണ്ട്. ബാങ്ക്അവധിയും സര്‍ക്കാര്‍അവധികളും നിയന്ത്രിത അവധികളുമായി ഒരാഴ്ചയിലേറെ നീളുന്ന ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനുള്ള പദ്ധതികള്‍ പലരും ഇപ്പോഴേ ആസൂത്രണം ചെയ്തുതുടങ്ങി.
സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ചയാണ്. ബാങ്ക് അവധിയും. 10ന് തുടങ്ങുന്ന ബാങ്ക്അവധി 14 വരെ നീളും. വീണ്ടും 16ന് ബാങ്ക് അവധി. അതേമാസം, 21ന് ശ്രീനാരായണഗുരുസമാധി പ്രമാണിച്ചും 24ന് നാലാം ശനിയാഴ്ചയായതിനാലും ബാങ്കുകള്‍ക്ക് ഒഴിവുദിനങ്ങളായിരിക്കും. സര്‍ക്കാര്‍ അവധിയാകട്ടെ, ഒമ്പതു ദിവസംനീളും. 12ന് ഈദുല്‍ അസ്ഹ, 13ന് ഒന്നാം ഓണം, 14ന് തിരുവോണം, 15ന് മൂന്നാം ഓണം, 16ന് ശ്രീനാരായണഗുരുജയന്തി, 17ന് വിശ്വകര്‍മദിനത്തില്‍ നിയന്ത്രിതഅവധി, 18ന് ഞായര്‍ എന്നിങ്ങനെ പോകുന്നു ഒഴിവുദിനങ്ങള്‍.
ഒക്ടോബറിലാകട്ടെ, രണ്ടാം ശനിയാഴ്ചയായ എട്ടിനാരംഭിക്കുന്ന ഒഴിവുദിവസങ്ങള്‍ അവസാനിക്കുന്നത് 13നാണ്. ഒമ്പതിന് ദുര്‍ഗാഷ്ടമിയാരംഭിക്കും. 10ന് മഹാനവമിയും 11ന് വിജയദശമിയും 12ന് മുഹറവും. എട്ടുമുതല്‍ 12 വരെ ബാങ്കുകളും അവധിയാകും.

Thursday, 24 December 2015

ബാബുവിന്റെ കുടുംബത്തിനു സഹായവും ആദരവും നല്‍കണം :കോടിയേരി



അപകടത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാണാസുര സാഗറില്‍  മുങ്ങിമരിച്ച ആദിവാസി യുവാവ്‌ ബാബുവിന്റെ കുടുംബത്തിനു  ധന സഹായവും കുടുംബത്തിനു  ആദരവും നല്‍കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . ഒപ്പനം തന്നെ  അപകടത്തില്‍ മരണപ്പെട്ട റൌഫിനും സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം അദ്ധേഹത്തിന്റെ  ഫെയ്സ് ബുക്ക്‌ പോസ്റ്റിലൂടെ  അദ്ദേഹം  അറിയിച്ചതാണിത് .
പൂര്‍ണ്ണമായ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ ചുവടെ വായിക്കാം

ബാണാസുരസാഗറില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍വെടിഞ്ഞ ആദിവാസി യുവാവ് ബാബുവിന്‍റെ ധീരത പരിഗണിച്ച് ബാബുവിന്‍റെ കുടുംബത്തിന് അര്‍ഹമായ സഹായവും ആദരവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
ബി.ടെക് ബിരുദധാരിയായ റൌഫ് അണക്കെട്ടിനു സമീപത്തെ ആഴക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങവെ മുങ്ങിത്താഴുന്നതു കണ്ടാണ് ബാബു രക്ഷിക്കാനെത്തിയത്. മറ്റുള്ളവര്‍ വിലക്കിയിട്ടും അത് അവഗണിച്ച് സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു ബാബു. ബാബുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും ധനസഹായമായി നല്‍കണം.
മൂന്ന് ഇളയ സഹോദരിമാരും ഒരു സഹോദരനുമുള്ള നിര്‍ദ്ധന കുടുംബമാണ് ബാബുവിന്‍റെത്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ അപകടത്തില്‍ മരിച്ച റൌഫിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ സഹായധനം നല്‍കണം

സൗദിയില്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചു

Saudi


റിയാദ് : സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 107 പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ പ്രസവ വാര്‍ഡിലും തീവ്രപരിചരണ വിഭാഗത്തിലുമാണ് തീപടര്‍ന്നത്.

പ്രസവവാര്‍ഡിലെ തീ അണച്ചതായും രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും സൌദി സിവില്‍ ഡിഫന്‍സ് ട്വീറ്ററില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അഴിമതിയാരോപണ വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും


ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണത്തില്‍ ജെയ്റ്റ്‌ലിക്കെതിരേ രംഗത്തെത്തിയത്. അഴിമതിയാരോപണം പ്രത്യേക സമിതി അന്വേഷിക്കണമെന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നു രാവിലെയാണ് ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കള്‍ എല്‍ കെ അദ്വാനിയുടെയും എം എം ജോഷിയുടെയും നേതൃത്വത്തില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നത്. ജെയ്റ്റ്‌ലിക്കെതിരായ ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദിന് പിന്തുണ നല്‍കുന്ന വിധമായിരുന്നു യോഗത്തിലെ ചര്‍ച്ചകളെന്നാണ് അറിയുന്നത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ ജെയ്റ്റ്‌ലിയെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടു കീര്‍ത്തി ആസാദിനെ മാത്രം സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചു.

ചട്ടത്തില്‍ വെള്ളം ചേര്‍ത്തു, അരലക്ഷം ഏക്കര്‍ നിലം നികത്തലിന് സർക്കാർ അംഗീകാരം

Ramsar


തിരുവനന്തപുരം : അമ്പതിനായിരത്തോളം ഏക്കര്‍ തണ്ണീര്‍ത്തടം അനധികൃതമായി നികത്തിയത് നിയമവിധേയമാക്കാന്‍  നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടത്തില്‍ തിരിമറി നടത്തി. നികത്തലിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കാനായുള്ള ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തീരുമാനം നടപ്പാക്കുന്നതിന് നിയമ ഭേദഗതി ആലോചിച്ചെങ്കിലും വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വളഞ്ഞ വഴി സ്വീകരിച്ചത്. നിയമ ഭേദഗതി നിയമസഭയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നതിനാലാണ് ചട്ടങ്ങളില്‍ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ചേര്‍ത്ത് ഭൂമാഫിയായെ സംരക്ഷിക്കാനുള്ള വളഞ്ഞ വഴി സ്വീകരിച്ചത്. സംസ്ഥാനത്ത്് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്.

നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച ചട്ടങ്ങളില്‍ അവ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന്റെ കള്ളക്കളി. 'നില'ത്തിന്റെ നിര്‍വചനം നിയമത്തിനു വിരുദ്ധമായാണ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് വയല്‍നികത്തലിന് സഹായിക്കാനും നിയമം അട്ടിമറിക്കാനുമാണെന്നത് വ്യക്തം. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമംതന്നെ അപ്രസക്തമാകും. 2008ലെ നിയമത്തില്‍ നിലം എന്നാല്‍ നെല്‍ക്കൃഷി ചെയ്യുന്നതോ കൃഷിക്ക് യോഗ്യമായിട്ടും തരിശ്ശിട്ടിരിക്കുന്നതോ ആയ സ്ഥലമാണെന്നാണ് പറയുന്നത്. അനുബന്ധ സ്ഥലങ്ങളും നിലത്തിന്റെ നിര്‍വചനത്തില്‍പ്പെടും. സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ നിര്‍വചനത്തില്‍ നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നിലമല്ലാത്തതുമായ സ്ഥലമെന്നാണ്. നിയമത്തിലും ചട്ടത്തിലും വയലിന്റെ നിര്‍വചനത്തെ മാറ്റിമറിച്ചതിലൂടെ 50,000 ഏക്കര്‍ വയല്‍നികത്തലിന് നിയമസാധുത ലഭിക്കും.

2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് വ്യാപകമായി നികത്തിയ നിലം ഭൂമാഫിയകള്‍ക്ക് ഇനി ഏതുരീതിയിലും ഉപയോഗിക്കാം. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് തീരുമാനം. അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒപ്പുവച്ച റാംസര്‍ ഉടമ്പടിപ്രകാരമുള്ള പ്രദേശമായി സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങള്‍പോലും നികത്തിയത് ഇതോടെ നിയമാനുസൃതമാകും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ സംരക്ഷിക്കാമെന്ന് ഉറപ്പുള്ളതിനാല്‍ നിലംനികത്തല്‍ ഇനിയും വ്യാപകമാകും.

വീട് വയ്ക്കാനായി അഞ്ചു സെന്റുവരെ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ക്കും ഭവനനിര്‍മാണത്തിന് സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മാത്രമേ ഇളവ് ലഭിക്കൂ. ഇതിന്റെ മറവില്‍ റിയല്‍എസ്റ്റേറ്റ് ലോബി നികത്തിയ ഭൂമിക്കെല്ലാം നിയമസാധുത ഉറപ്പാക്കുകയാണ്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഭൂമാഫിയക്ക് ഒത്താശചെയ്യാനുള്ള തീരുമാനം നേരത്തേ മന്ത്രിസഭ എടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം നിയമസഭയിലടക്കം ഉയര്‍ന്നു. 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ല്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ നെല്‍വയല്‍–തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ചാണ് 2005ന് മുമ്പ് രൂപാന്തരം സംഭവിച്ച നെല്‍വയല്‍–തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

ഹോക്കി ഇന്ത്യയിലും ജെയ്റ്റ്‌ലി ക്രമക്കേട് നടത്തിയെന്ന് മുന്‍ പ്രസിഡന്റ്

Arun Jaitley


ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വീണ്ടും അഴിമതി ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കേ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നാണ് പുതിയ പരാതി. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് (ഡിഡിസിഎ) അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതിയില്‍ ആരോപണ വിധേയനായിരിക്കെയാണ് ജെയ്റ്റ്‌ലിക്ക് അടുത്ത പ്രഹരമേറ്റിരിക്കുന്നത്.

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെപിഎസ് ഗില്‍ ആണ് ജെയ്റ്റ് ലിക്ക് എതിരായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി. ജെയ്റ് ലി ഉപദേശക സമിതി അംഗമായിരിക്കേ മകള്‍ സൊണാലിയെ ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി നിയമിച്ചെന്നും വന്‍തുകയാണ് സൊണാലിയ്ക്ക് ഫീസായി നല്‍കേണ്ടിവന്നതെന്നും ഗില്‍ പരാതിയില്‍ പറയുന്നു.

അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെട്ട ഡിഡിസിഎ അഴിമതി ആരോപണവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് രംഗത്തു വന്നിരുന്നു. കീര്‍ത്തി ആസാദ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നത് ജയ്റ്റ് ലിയെയും ബിജെപിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Wednesday, 23 December 2015

ഹൈകോടതി ജാമ്യമനുവദിച്ചതിലൂടെ വെള്ളാപ്പള്ളി നടേശൻ കുറ്റവിമുക്തനായോ?



സഹജീവികളുടെ പ്രാണനുമുന്നിൽ തന്റെ ജീവന് വിലകല്പ്പിക്കാതെ സഹായഹസ്തം നീട്ടി മരണത്തിലേക്ക് നടന്നു പോയ മനുഷ്യസ്നേഹത്തിന്റെ ആൾരൂപമായ നൗഷദിന്റെ വീരോചിതമായ മരണത്തിലും വർഗീയത കലർത്തിയ വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ ഹൈകോടതി ജാമ്യം അനുവദിച്ചപ്പോൾ തന്റെ ക്രൂരതയെ ന്യായീകരിക്കുന്നു. അതിനു കൂട്ട് പിടിച്ചു വെള്ളാപ്പള്ളിയെന്ന മുതലായിയെ വെള്ളപൂശാൻ  ചില ദൃശ്യമാധ്യമങ്ങളും സംഘപരിവാരങ്ങളും ഇറങ്ങി തിരിച്ചിരിക്കുന്നു. ലോകത്തിലെ മുഴുവൻ മലയാളികളുടെയും അഭിമാനമായ നൗഷാദിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള നമ്മൾ ഇതിനെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു. നമുക്ക് കാണിച്ചു കൊടുക്കാം നമ്മൾ നൗഷദിനൊപ്പമാണെന്നും വർഗീയതയെ ഈ മണ്ണിൽ ന്യായീകരിക്കാനും വളർത്താനും നമ്മൾ അനുവദിക്കില്ലയെന്നും. നമ്മൾ മലയാളികൾ മതത്തിനും വർഗത്തിനും അധീതമായി മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കുന്നവരാണെന്ന് നമുക്ക് തെളിയിക്കാം. വർഗീയ നരാധമന്മാർ കണ്ണ് തുറക്കട്ടെ കാണട്ടെ...

താഴെ തന്നിട്ടുള്ള ലിങ്ക് തുറന്നു "NO" എന്ന് വോട്ട് ചെയ്യുക
  http://poll.fm/5i5c0

വെള്ളാപ്പള്ളിയുടെ ജാമ്യാപേക്ഷ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനോ?


മത വിദ്വേഷംഉണ്ടാക്കാന്‍  ശ്രമിക്കുന്ന  രീതിയിലുള്ള പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് വെള്ളാപ്പള്ളിക്ക്  എതിരെ  കേസെടുത്ത സംഭവത്തില്‍ വെള്ളാപ്പള്ളി  മുന്‍‌കൂര്‍ ജാമ്യംതേടി അപേക്ഷ നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിസന്ധിയില്‍ നിന്നാന്‍   രക്ഷിക്കാനാണ്  എന്ന  ആരോപണം പലയിടങ്ങളിലായി ഉയരുന്നു .നേരത്തെ സമത്വ മുന്നേറ്റ യാത്രയ്ക്കിടെ ആലുവയില്‍ വച്ചാണ് കേസെടുക്കാന്‍ കാരണമായ പ്രസംഗം നടത്തിയത് .അന്യ സംസ്ഥാന തൊഴിലാളികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാന്‍ ഹോളില്‍ പെട്ട് മരണപ്പെട്ട നൌഷാദിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി മത വിദ്വേഷ പ്രസംഗം  നടത്തിയത് . ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു . പോലീസെ ജാമ്യമില്ലാ  വകുപ്പ് പ്രകാരം കേസെടുക്കുകയും  ചെയ്തു .

സമത്വ മുന്നേറ്റ യാത്രക്കിടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല . തന്‍ ജാമ്യം എടുക്കാന്‍ കോടതിയില്‍ പോകില്ല എന്നും തന്നെ അറസ്റ്റ്ചെയ്തു ജയിലടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  പിന്നീടുള്ള യാത്രയ്ക്കിടെ വെള്ളാപ്പള്ളി  സര്‍ക്കാരിനെതിരെ  പറയുകയും ചെയ്തു . സമത്വ മുന്നേറ്റ യാത്രയുടെ അവസാനം ജയിലില്‍ വച്ചാകും സമാപന സമ്മേളനം എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു . എന്നാല്‍ അതെല്ലാം തന്നെ  തെക്കന്‍ കേരളത്തില്‍ ജാഥയില്‍ ആളെ കൂട്ടാനുള്ള  വാക്കുകള്‍ മാത്രമായിരുന്നു .

ജാഥ കഴിഞ്ഞിട്ടും  വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസ്‌ നേതാക്കളും അണികളും അമര്‍ഷത്തിലായിരുന്നു. ഇതിനിടയില്‍ പ്രതിമാ അനാശ്ചാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവക്കുക്ക കൂടി ചെയ്തപ്പോള്‍  കോണ്‍ഗ്രസ്‌ പാളയത്തില്‍ നിന്ന് തന്നെ അറസ്റ്റിനുള്ള  മുറവിളികള്‍ ഉയര്‍ന്നിരുന്നു . ഇപ്പോള്‍ ജാമ്യമെടുക്കാന്‍  ശ്രമിക്കില്ല എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി  മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയും അത് അനുവദിക്കുകയും ചെയ്തു.ജനുവരി 10 നു അന്വേഷണ ഉധ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാന്‍ കോടതി ഉത്തരവുമിട്ടു . ഫലത്തില്‍  ഉമ്മന്‍ ചാണ്ടി വലിയൊരു പ്രതിസന്ധി അതിജീവിച്ചു . ജാമ്യം ലഭിക്കാന്‍ വെള്ളാപ്പള്ളി  ശ്രമിച്ചിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തില്‍  എത്തിയേനെ .അത്രയേറെ സമ്മര്‍ദം യു ഡി എഫ് നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഉണ്ടായിരുന്നു. അങ്ങനേ സംഭവിച്ചാല്‍ ഒരു സമുദായ നേതാവിനെ അറസ്റ്റ് ചെയ്തു ജയിലടച്ചു എന്നാ പരാതിയും പ്രതിഷേധവും  ഉമ്മന്‍ ചാണ്ടിക്കെതിരെ ഉണ്ടാകുമായിരുന്നു .ഇപ്പോള്‍ അതില്‍ നിന്നെല്ലാം ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചിരിക്കുകയാണ്വെള്ളാപ്പള്ളി .

നേരത്തെ മുഖ്യമന്ത്രിയെ അര ശങ്കര്‍ പ്രതിമ അനാശ്ചാദന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്നു  വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍  വെള്ളപ്പള്ളിയ്ക്ക് അതില്‍ പങ്കില്ലെന്നും വളരെ വിഷമത്തോടെയാണ് വെള്ളാപ്പള്ളി  തന്നോട് പങ്കെടുക്കരുത് എന്ന് അപേക്ഷിച്ച തെന്നും  പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ  ന്യായീകരിച്ചിരുന്നു . ഉമ്മന്‍ ചാണ്ടി മാന്യനും , ഭാഗ്യവും കഴിവും ഉള്ള ആളാണെനും തനിക്കു വിഷം ഉണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന് തന്നോട് പറഞ്ഞുവെന്നും  വെള്ളാപ്പള്ളിയും  പത്രസമ്മേളനത്തില്‍  പറഞ്ഞിരുന്നു .

എന്നാല്‍  സര്‍ക്കാര്‍ അറസ്റ്റുചെയ്യുകയും  അതിന്റെ പേരില്‍ പ്രതിഷേധവും മറ്റും സംഘടിപ്പിച്ചു വന്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയും ചെയ്യാമായിരുന്ന ഒരു സാഹചര്യത്തെ ഇത്രയുംനിസാരമായി കൈകാര്യം ചെയ്ത വെള്ളാപ്പള്ളിയുടെ നടപടികളില്‍ ബി ജെ പി നേതൃത്വത്തിന് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് . വെള്ളാപ്പള്ളിയുടെ അനുയായികളിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ട് . ജാമ്യം എടുക്കാന്‍ തന്‍ പോകില്ല എന്ന് പ്രസംഗിച്ചു നടന്നിട്ട് ഇപ്പോള്‍ ജാമ്യം തേടിയത് നാണക്കേടായി എന്നാ അഭിപ്രായമാണ്  ഭൂരിപക്ഷത്തിനും .



ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു


ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സോണിയുടെ പിതാവ് രാംദേവ് മാഞ്ചിയാണ് സുനൈനയ്‌ക്കെതിരെ പരാതി നല്‍കിയത്. സുനൈന, ഭര്‍ത്താവ് വിക്കി കുമാര്‍, ഭര്‍തൃപിതാവ് യോഗേന്ദ്ര പ്രസാദ് എന്നിവര്‍ മറ്റു ചിലരുമായി ചേര്‍ന്ന് മകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തെളിവു നശിപ്പിക്കുന്നതിന് ഉടന്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചതായും പരാതിയില്‍ പറയുന്നു. ദുരൂഹസാഹചര്യത്താല്‍ സോണിയെ കാണാതായെന്നായിരുന്നു സുനൈനയുടെ കുടുംബം പറഞ്ഞിരുന്നത്. തുടര്‍ന്ന് തെരച്ചില്‍ നടക്കുന്നതിനിടെ സോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി രാംദേവിനെ സുനൈനയും യോഗേന്ദ്രയും ചേര്‍ന്നാണ് അറിയിച്ചത്. മകളുടെ മൃതദേഹം കാണണമെന്ന് രാംദേവ് ആവശ്യപ്പെട്ടെങ്കിലും കാണിക്കുകയുണ്ടായില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യുവകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

OYKS


പാലക്കാട് : യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യുവകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. 1994 ലെ യുഡിഎഫ് സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന ഒരുലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കിരയായ ഒരു ലക്ഷം യുവകര്‍ഷകര്‍ക്ക് 20 വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ദാനപദ്ധതി നടപ്പാക്കിയില്ല. ആനുകൂല്യവും ലഭിച്ചില്ല. അന്നത്തെ വാഗ്ദാനം അനുസരിച്ച് കേരളത്തിലാകെ 1,04,312 യുവകര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. 1100 രൂപ ഷെയര്‍ നല്‍കിയായിരുന്നു രജിസ്ട്രേഷന്‍. ഈയിനത്തില്‍ 200 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.

യുവകര്‍ഷകര്‍ക്ക് പദ്ധതിയുടെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഒരു ലക്ഷം രൂപ ബാങ്ക് വായ്പ നല്‍കും. ഇതില്‍ 50,000 രൂപ സബ്സിഡിയായിരിക്കും. 60 വയസ്സ് തികഞ്ഞാല്‍ മാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഗ്രാറ്റുവിറ്റിയായി 30,000 മുതല്‍ 60,000 രൂപ വരെ ലഭിക്കും. മരിച്ചാല്‍ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും എന്നായിരുന്നു.  20 വര്‍ഷത്തിനിപ്പുറവും അന്ന് രജിസ്റ്റര്‍ ചെയ്ത യുവകര്‍ഷകര്‍ മാനത്ത് നോക്കിയിരിപ്പാണ്. പലര്‍ക്കും 60 വയസ് പൂര്‍ത്തിയായി. പലരും മരിച്ചു. എന്നിട്ടും പെന്‍ഷനോ മറ്റൊരു ആനുകൂല്യമോ ലഭിച്ചില്ല. അന്ന് നൂറോളം ഉദ്യോഗസ്ഥരടങ്ങിയ പദ്ധതി നിര്‍വഹണ സംഘവും രൂപീകരിച്ചു. ഇതില്‍ നബാര്‍ഡ്, സംസ്ഥാന സഹകരണബാങ്ക്, ധനവിദഗ്ധര്‍, ലീഡ് ബാങ്ക് പ്രതിനിധികള്‍ അടങ്ങിയിരുന്നു. ഇതെല്ലാം ആയതോടെ യുവകര്‍ഷകര്‍ സര്‍ക്കാരിനെ വിശ്വസിച്ചു. പദ്ധതി എന്നുതുടങ്ങുമെന്നറിയാന്‍ വര്‍ഷങ്ങളോളം യുവകര്‍ഷകര്‍ കൃഷിഭവനില്‍ കയറിയിറങ്ങി. അവസാനം സര്‍ക്കാര്‍ വഞ്ചനമനസിലായതോടെ നിരാശയോടെ പിന്‍വാങ്ങി. ഇന്നവരില്‍ പലര്‍ക്കും കാര്‍ഷികവൃത്തി ചെയ്യാനുള്ള ആരോഗ്യം പോലും ഇല്ലാതായി. എന്നിട്ടും സര്‍ക്കാരിന്റെ കൈയിലുള്ള കര്‍ഷകരുടെ ഷെയറോ അതിനുള്ള ആനുകൂല്യമോ നല്‍കാന്‍ തയ്യാറാവുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകകുടുംബങ്ങളെ വഞ്ചിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച പദ്ധതി 2013ല്‍ പുതുക്കിയതായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 7000 യൂണിറ്റ് വാഴകൃഷിചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. 700 ഹെക്ടറില്‍ ചെയ്യുന്ന വാഴകൃഷി ഒരു യൂണിറ്റിന് 7000 രൂപയാണ് ചെലവ്. ഇതില്‍ 5250 രൂപ സബ്സിഡയായിരുക്കുമെന്നും പ്രഖ്യാപിച്ചു. കൃഷിചെയ്യാനുള്ള വാഴകളുടെ പേരും പ്രസിദ്ധീകരിച്ചു. നേന്ത്രന്‍, കദളി, റോബസ്റ്റ്, ഞാലിപ്പൂവന്‍, പൂവന്‍ എന്നിവയാണ് തെരഞ്ഞെടുത്തത്. 0.1 ഹെക്ടറാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. ഈ പദ്ധതിയും എങ്ങും എത്തിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളെ പുതിയ പേര് നല്‍കി നടപ്പാക്കാനും ശ്രമിച്ചു. അവയും പരാജയപ്പെട്ടു.
2014 ജൂലൈ ഒന്നിന് 60 വയസ് തികഞ്ഞ കര്‍ഷകര്‍ക്ക് 16 മാസമായി പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാത്ത സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ ജനുവരി 13ന് കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ യുവകര്‍ഷകസമിതി ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ബൈജു ഉദ്ഘാടനം ചെയ്തു.  കെ ബി അജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എന്‍ അരവിന്ദാക്ഷന്‍ സംസാരിച്ചു.

ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കി

AKASTU - NGO


ആലപ്പുഴ : ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 12ന് നടക്കുന്ന സൂചനാപണിമുടക്കിന് മുന്നോടിയായി ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പണിമുടക്ക് നോട്ടീസ് നല്‍കി.

2013 നവംബര്‍ 30ന് ആറുമാസ കാലയളവില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് രൂപീകരിച്ച ശമ്പളകമീഷന്‍ 25 മാസം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്കു കടക്കാന്‍ നിര്‍ബന്ധിതരായത്.

കലക്ടറേറ്റിലേക്ക് പ്രകടനമായെത്തിയാണ് കലക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ആക്ഷന്‍ കൌണ്‍സില്‍ സമരസമിതി നേതാക്കളായ എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എന്‍ കൃഷ്ണപ്രസാദ് അഭിവാദ്യം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ എസ് രാജേഷ് സ്വാഗതവും ജോയിന്റ് കൌണ്‍സില്‍ ജില്ലാ സെക്രട്ടറി പി എസ് സന്തോഷ്കുമാര്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എല്‍ മായ, ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സി പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം എസ് ശുഭ, ജോയിന്റ് കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഡി സുധീഷ്, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി കൃഷ്ണകുമാര്‍, കെജിഒഎ ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍, കെഎംസിഎസ്യു ജില്ലാ സെക്രട്ടറി അജിത്കുമാര്‍, വി കെ രാജു (പിഎസ്സിഇയു), ആര്‍ കെ റഫീക്ക്, ജെ ഉദയന്‍ എന്നിവര്‍ സംസാരിച്ചു.

ചേര്‍ത്തലയില്‍ കെഎസ്ടിഎ നേതാവ് വി ആര്‍ മഹിളാമണി ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണന്‍, എസ് ധനപാല്‍, വി ഷേബു, കെ ജി ഐബു, ഇ പി സുരേഷ്, നാസര്‍ എന്നിവര്‍ സംസാരിച്ചു. മാവേലിക്കരയില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷൈലേഷ്കുമാര്‍, സി ജ്യോതികുമാര്‍, പി സജിത്, പ്രൊഫ. വി ഐ ജോണ്‍സണ്‍, എ എ ബഷീര്‍, ഡി സജു, ആര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചെങ്ങന്നൂരില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വാമദേവന്‍ ഉദ്ഘാടനം ചെയ്തു. ജി കൃഷ്ണകുമാര്‍, പി സി ശ്രീകുമാര്‍, വി ആര്‍ പ്രകാശ്, ബിന്ദു ചിദംബരം, ജോബിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കുട്ടനാട്ടില്‍ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് ഉഷാകുമാരി, ടി എസ് പ്രദീപ്കുമാര്‍, ടി മനു, വി സി ലീനസ് എന്നിവര്‍ സംസാരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ദിലീപ് തമ്പി ഉദ്ഘാടനം ചെയ്തു. എന്‍ ഹരിപ്രസാദ്, എന്‍ ഉണ്ണിക്കൃഷ്ണന്‍, ഡോ. സുനില്‍കുമാര്‍, എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.

വാർദ്ധക്ക്യം ബാദ്ധിച്ച 14 കാരനൊപ്പം ആമിർ

നിഹാല് ബിട്ല എന്ന 14കാരന് അകാലത്തില് വാര്ധക്യം എന്ന ജനിതക വൈകല്യമാണ്. നിഹാലിന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു തന്റെ ഇഷ്ടതാരം ആമിര്ഖാനെ ഒന്നു നേരില് കാണുക എന്നത്. ഒടുവില് ആമിര് കുഞ്ഞു നിഹാലിന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തു. നിഹാലിന്റെ വീട്ടിലെത്തി അവന് സമ്മാനങ്ങളും നല്കി, മനുഷ്യത്വപരമായ പ്രവര്ത്തനങ്ങള് കൊണ്ട് എന്നും ആരാധകരുടെ മനം കവര്ന്ന മിസ്റ്റര് പെര്ഫക്ഷനിസ്റ്റ്. അങ്ങനെ അസഹിഷ്ണുതാ വിവാദങ്ങള്ക്ക് പിന്നാലെ ആമിര്ഖാന് വീണ്ടും വാര്ത്തകളില് ഇടം നേടുകയാണ്.
താരെ സമീന് പര് എന്ന ആമിര് ഖാന് ചിത്രമാണ് നിഹാലിന് ആമിറിനോട് കടുത്ത ആരാധനയുണ്ടാവാന് കാരണം. അങ്ങനെയാണ് ആമിര് ഖാനെ കാണണം എന്ന് നിഹാല് ഫേസ്ബുക്ക് വഴി ആവശ്യപ്പെട്ടത്. താരെ സമീന് പര് എന്ന ചിത്രമാണ് ജീവിതത്തെ ഇത്രയേറെ ധൈര്യത്തോടെ സമീപിക്കുവാന് തന്നെ പ്രാപ്തനാക്കിയത്. ഇതായിരുന്നു നിഹാല് ഫേസ്ബുക്കില് കുറിച്ചത്. ഇത് ശ്രദ്ധയില്പ്പെട്ട ആമിറിന്റെ ആരാധകര് പോസ്റ്റ് താരത്തിന്റെ ശ്രദ്ധയില്പെടുത്തി.
കുട്ടി ആരാധകനെ കാണാന് ഇഷ്ടമുണ്ടെന്നും നിഹാല് ആഗ്രഹിക്കുന്നയിടത്ത് കൂടിക്കാഴ്ച സാധ്യമാക്കാമെന്നും ആമിര് മറുകുറിപ്പിട്ടു. പിന്നെ താരെ സമീന് പര് ഇഷ്ടമാണെന്ന് അറിഞ്ഞതില് അതിലേറെ സന്തോഷവും രേഖപ്പെടുത്തി. വൈകാതെ തന്റെ കുട്ടി ആരാധകനെ കാണാന് താരം പറന്നെത്തി. സ്വന്തം കൈയ്യൊപ്പിട്ട താരെ സമീന് പറിന്റെ സിഡി ഉള്പ്പടെ സമ്മാനങ്ങളും നല്കി. താന് വരച്ച ഗണേശ ഭഗവാന്റെ ചിത്രമായിരുന്നു ആമിറിനുള്ള നിഹാലിന്റെ സമ്മാനം.

മോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും ഒരേ പോലെ പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണം : വി എസ്

VS


തിരുവനന്തപുരം : നരേന്ദ്രമോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മോഡിയുടെ കശാപ്പുരാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജല്‍പ്പനങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. അഴിമതിയും വിലക്കയറ്റവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഹൈക്കമാന്‍ഡിന് എഴുതിയ കത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ചാക്കയില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ നയങ്ങളാണ് മോഡി നടപ്പാക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുന്നവരെ വെടിവച്ചുകൊല്ലുന്നു. ധബോല്‍ക്കറിന്റെയും കല്‍ബുര്‍ഗിയുടെയും അവസ്ഥ നമ്മള്‍ മറക്കരുത്. ഈ ക്രൂരതയെ ചെറുത്തുതോല്‍പ്പിക്കാനാകണം. കുമ്മനം രാജശേഖരന്‍ അമിത് ഷായുടെ കേരളത്തിലെ നാവാകുകയാണ്. ക്ഷേത്രങ്ങള്‍ക്കടുത്ത് മറ്റു മതക്കാര്‍ക്ക് പ്രവേശനം നല്‍കരുതെന്ന് പറയുന്ന അദ്ദേഹം ശബരിമലയില്‍ പോകുന്ന ഭക്തര്‍ ആദ്യം മുസ്ളിമായ വാവര്‍ പള്ളിയിലാണ് എത്തുന്നതെന്ന് കുമ്മനം മറക്കരുത്. ഇനി അയ്യപ്പഭക്തര്‍ അവിടെ പോകരുതെന്ന് കുമ്മനം പറയുമോയെന്നും വി എസ് ചോദിച്ചു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അഴിമതി എല്ലാ പരിധിയും വിടുകയാണ്. സോളാര്‍, ബാര്‍ കോഴ എന്നിവ ഒടുവിലത്തെ ഉദാഹരണമാണ്. വന്‍കിട കച്ചവടക്കാരില്‍നിന്ന് വല്ല തുട്ടും കിട്ടുമോയെന്നു മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നോട്ടം. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ തമ്മിലടിയെന്നും വി എസ് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രന്‍, മാത്യു ടി തോമസ്, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുരേന്ദ്രന്‍പിള്ള, എം വിജയകുമാര്‍, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വി ഗംഗാധരന്‍നാടാര്‍ സ്വാഗതം പറഞ്ഞു.

കരുണാകരനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നതില്‍ മാപ്പു പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്

Cherian Philip


തിരുവനന്തപുരം : കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിക്കുന്നതില്‍ പങ്കാളിയായതില്‍ മാപ്പു പറഞ്ഞ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരുണാകരനെ ജനമദ്ധ്യത്തില്‍ താറടിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാവേണ്ടതാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
അട്ടിമറിയില്‍ പങ്കാളിയാകേണ്ടി വന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കരുണാകരനെ ചാരനായും ജനദ്രോഹിയായും ചിത്രീകരിച്ചുവെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്ത അനുസ്മരിച്ചു കൊണ്ടെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഏറ്റുപറച്ചില്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
' ഇന്ന് ലീഡര്‍ കെ കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ്  1995ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തിന്റെ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ക്ഷമാപണത്തിന് മുതിരുന്നത്.

1994–95 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കൊണ്‍ഗ്രസിലെ ‘എ’ വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേതാണ്. കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എല്‍ എ മാരെ അടര്‍ത്തിയെടുത്ത് നിയമസഭ‘കക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ 1998ല്‍ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ കഠിനയത്നം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടി. കെ കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഖഭാരത്തോടെ തല കുനിക്കുന്നു.'

ഡല്‍ഹി കോടതിയില്‍ വെടിവെയ്പ്പ്; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Delhi Firing


ന്യൂഡല്‍ഹി : ഡല്‍ഹി കര്‍ക്കര്‍ദുമ കോടതിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വെടിവെയ്പ്പ് നടത്തിയതിനുപിന്നില്‍ ആരാണെന്ന വ്യക്തമായിട്ടില്ല. കര്‍ക്കര്‍ദുമ കോടതി സമുച്ചയത്തിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. പത്തുതവണ വെടി ഉതിര്‍ത്ത ശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികൾക്കുള്ള സ്കോളര്‍ഷിപ്: കുമ്മനം ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു

Kummanam against Scholarship


കൊച്ചി : മുസ്ലിം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമ്പോള്‍ ഹിന്ദു കുട്ടികളെ അവഗണിക്കുന്നുവെന്ന പുതിയ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നത്. ഹിന്ദുക്കളിലെ മുന്നോക്കവിഭാഗക്കാരായ കുട്ടികള്‍ക്കുപോലും പഠനത്തിന് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുണ്ട്. മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പൊയ് വെടി.

2014 മാര്‍ച്ച്വരെ 14 കോടി രൂപ മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സ്കോളര്‍ഷിപ് നല്‍കിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2015–16ലെ കോര്‍പറേഷന്റെ വിദ്യാസമുന്നതി അവാര്‍ഡിന്റെ വിജ്ഞാപനം എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് ദ്വൈവാരികയുടെ ഡിസംബര്‍ ഒന്ന് പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാസമുന്നതി സ്കോളര്‍ഷിപ്് ഹൈസ്കൂള്‍വിഭാഗത്തില്‍ 2,000 രൂപവീതം 20,000 പേര്‍ക്കും ഹയര്‍ സെക്കന്‍ഡറിയില്‍ 3,000 രൂപവീതം 14,000 പേര്‍ക്കുമാണ് നല്‍കുന്നത്. ബിരുദപഠനത്തിന് 5,000 രൂപവീതം 3,500 പേര്‍ക്കും പ്രൊഫഷണല്‍ ബിരുദത്തിന് 7,000 രൂപവീതം 2,500 പേര്‍ക്കുമാണുള്ളത്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 6,000 രൂപവീതം 1,667 പേര്‍ക്കാണുള്ളത്. പ്രൊഫഷണല്‍ വിഭാഗത്തില്‍ 8,000 രൂപയുടെ 1,250 സ്കോളര്‍ഷിപ്പാണുള്ളത്.

ഐഐടി, ഐഐഎം പോലുള്ള ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയവ തിരികെലഭിക്കുന്നതിന് പരമാവധി 50,000 രൂപ വരെയുള്ള 120 സ്കോളര്‍ഷിപ്പുമുണ്ട്.  കമീഷന്റെ വെബ്സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.

ഇത്രയും പദ്ധതികള്‍ നടപ്പായാല്‍ ഗുണഭോക്താക്കളില്‍ മഹാഭൂരിപക്ഷവും ഹിന്ദു വിദ്യാര്‍ഥികളാകും. പട്ടികജാതി, വര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളും ഹിന്ദുസമുദായത്തില്‍ ജനിച്ചവരാകും. ഇത് മറച്ചുവച്ചാണ് ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പിന് കുമ്മനം സ്കോളര്‍ഷിപ്പിനെ ഉപയോഗിക്കുന്നത്.

കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് വി.എസ്

Kummanam Rajasekharan


തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തീക്കളിയാണെന്നും വി.എസ് ആരോപിച്ചു. ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ ക്ഷേത്ര കമ്മറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കുമ്മനം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ക്ഷേത്ര ഭരണം ഭക്തര്‍ക്ക് വിട്ടു കൊടുക്കണമെന്നും സര്‍ക്കാരിന്റെ കൈവശം ക്ഷേത്ര സ്വത്തുക്കളുണ്ടെന്നും കുമ്മനം പറഞ്ഞിരുന്നു.

നവകേരള മാര്‍ച്ച്; ലോഗോ ആയി

Navakerala March


തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ലോഗോ തെരഞ്ഞെടുത്തു. കണ്ണൂര്‍ പാപ്പിനിശേരി രാജേഷ് പൂഞ്ഞത്ത് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. ജനുവരി 15നു മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14നു മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.

Tuesday, 22 December 2015

റോബോട്ടിനെപ്പോലെയാണ് മോദി പ്രവർത്തിക്കുന്നത്. ജി.സുധാകരൻ എം.എൽ.എ


മോദി ദുർബ്ബലനായ പ്രധാനമന്ത്റിയാണെന്നും ആർ.എസ്.എസിന്റെ റോബോട്ടിനെപ്പോലെയാണ് മോദി പ്രവർത്തിക്കുന്നതെന്നും ജി.സുധാകരൻ എം.എൽ.എ പറഞ് . ജാതി ചിന്ത ഉപോഗിച്ച് രാജ്യത്തെ ശിഥിലമാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. പാവപ്പെട്ടവന് ബി.ജെ.പി സർക്കാരിനെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുകയില്ല. ബി.ജെ.പി തള്ളിക്കയറുന്നുവെന്നു പറയുന്നവർക്ക് മനോരോഗമാണെന്നും ജീ.സുധാകരൻ എം.എൽ.എ പറഞ്ഞു .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സി.പി.എം മാവേലിക്കര ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

22 പേരെ കുത്തിപരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു

Andra Pradesh


കരിംനഗര്‍ : സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ പരാജയത്തെ തുടര്‍ന്ന് മാതാപിതാക്കളടക്കം 22 പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു. ആന്ധ്രപ്രദേശിലെ കരിംനഗറില്‍ ബല്‍വീന്ദര്‍ സിങ് (28)ആണ് മരിച്ചത്. ചൊവ്വാഴ്ച  രാവിലെ ഏഴുമണിയോടുകൂടി വീട്ടില്‍ മാതാപിതാക്കളുമായി വാഗ്വാദത്തിലേര്‍പ്പെട്ട പ്രതി പിതാവിന്റെ തലയില്‍ വാളുകൊണ്ടു വെട്ടുകയായിരുന്നു. അമ്മയേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതു തടയാനെത്തിയ അയല്‍ക്കാരെയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്.

ബല്‍വീന്ദര്‍ സിങിന്റെ ആക്രമണത്തില്‍ പരിക്കേറ്റ്  രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് റോഡിലിറങ്ങിയ പ്രതി കണ്ണില്‍ കവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രെെവര്‍, ബൈക്ക് യാത്രികന്‍, കാല്‍നടക്കാര്‍ തുടങ്ങി നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇയാള്‍ കീഴടങ്ങാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പ്രതി പിന്നീടു മരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന്റെ മാതാപിതാക്കളുടെ നില ഗുരുതരമാണ്.

ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തില്‍ ഇടിച്ച്‌ നിന്നു

Kolkatta


കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തി ഇട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ബസ് ഇടിച്ച്‌ അപകടം. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വെയ്സിന്റെ ബസ്സ്, എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ട്പോകുന്ന ഷട്ടില്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന എടിആര്‍ 42 വിമാനത്തിലാണ് ഷട്ടില്‍ ബസ്സ് ഇടിച്ചുകയറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറെ എയര്‍പോര്‍ട്ട് ഏജന്‍സി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അപകടത്തെക്കുറിച്ച്‌ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചതായി എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. അപകടത്തില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചതാനാല്‍ ജെറ്റ് എയര്‍വെയ്സ് വിമാനകമ്ബനിക്ക് നഷ്ട പരിഹാരം നല്‍കേണ്ടിവരും. കാലാവസ്ഥ തെളിഞ്ഞതായതിനാല്‍ മൂടല്‍മഞ്ഞ് കാരണം അപകടമുണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിയിട്ടുണ്ട്. താന്‍ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കളിഞ്ഞ ദിവസം അയര്‍ ഇന്ത്യ വിമാനത്തിലെ എന്‍ജിനില്‍ കുടുങ്ങി എഞ്ചിനീയര്‍ മരിച്ചിരുന്നു. അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക ഉളവാക്കുന്നുണ്ട്.

പ്രവാസി സംഘം സമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട് :കേരള പ്രവാസി സംഘം നാലാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി ടി കുഞ്ഞുമുഹമ്മദിനെയും, ജനറല്‍ സെക്രട്ടറിയായി കെ വി അബ്ദുള്‍ ഖാദറിനെയുമാണ് സമ്മേളനം തെരഞ്ഞെടുത്തത്.

കാഞ്ഞങ്ങാട്ട് സൂര്യ ഓഡിറ്റോറിയത്തിലെ രഘുനാഥ് ഊര് പൊയ്ക നഗറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തിങ്കളാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്തത്.

വയനാട് ഡിഎംഒ മരിച്ച നിലയില്‍

Vayanad DMO


വയനാട് : വയനാട് ഡിഎംഒ ഡോക്ടര്‍ പി.വി. ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തല്ലൂരിലുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെയാണ് ഡിഎംഒയെ കാണാതായത്. മലപ്പുറം മഞ്ചേരിയിലെ വീട്ടില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട ഡിഎംഒ മാനന്തവാടിയിലുള്ള ഓഫിസിലോ ക്വാര്‍ട്ടേഴ്‌സിലോ എത്തിയില്ല. രാത്രി ഡിഎംഒ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഡപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സന്തോഷ്‌കുമാര്‍ മാനന്തവാടി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. രാവിലെ കല്‍പറ്റയില്‍ ബസിറങ്ങുമ്ബോള്‍ വരണമെന്ന് ഔദ്യോഗിക വാഹനത്തിലെ ഡ്രൈവറോട് ഡിഎംഒ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍ എത്തിയെങ്കിലും ഡിഎംഒയെ കണ്ടില്ല.

സ്പെയിനിലും ഇടതുമുന്നേറ്റം

Spain


മാഡ്രിഡ് : സ്പെയിന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നേറ്റം. ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിച്ച പൊഡെമോസ് പാര്‍ടിയുടെ മുന്നേറ്റത്തില്‍ ഭരണകക്ഷിയായ പോപ്പുലര്‍ പാര്‍ടിക്കും പ്രതിപക്ഷമായ സോഷ്യലിസ്റ്റുകള്‍ക്കും വലിയ തിരിച്ചടി നേരിട്ടു. നിലവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ സഖ്യരൂപീകരണത്തിനുള്ള ചര്‍ച്ച ആരംഭിച്ചു.

പ്രധാനമന്ത്രി മരിയാനോ രസോയിയുടെ പോപ്പുലര്‍ പാര്‍ടി 28.72 ശതമാനവും (123 സീറ്റ്) പ്രതിപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 22.01 ശതമാനവും (90 സീറ്റ്) വോട്ട് നേടിയപ്പോള്‍ 20.66 ശതമാനം വോട്ടോടെ (69 സീറ്റ്) കന്നിയങ്കത്തില്‍ പൊഡെമോസ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. പുതിയകക്ഷിയായ സിയുഡാഡനോസും 13.93 ശതമാനം വോട്ടോടെ (40 സീറ്റ്) കുതിച്ചു. മറ്റ് ചെറുകക്ഷികള്‍ക്ക് 28 സീറ്റുണ്ട്. ജനകീയപ്രക്ഷോഭത്തിലേര്‍പ്പെട്ട ഇടതുപക്ഷത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം അംഗീകരിച്ചെന്ന് ഫലങ്ങളില്‍ വ്യക്തം. കാറ്റലോണിയയിലും ബാസ്ക്യൂവിലും ഒന്നാമതെത്തിയ പൊഡെമോസ് മാഡ്രിഡില്‍ രണ്ടാംസ്ഥാനത്തെത്തി. വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യം രൂപീകരിക്കുക പോപ്പുലര്‍ പാര്‍ടിക്ക് എളുപ്പമാവില്ല. മാറിമാറി രാജ്യംഭരിച്ചിരുന്ന കക്ഷികള്‍ ഒന്നിച്ച് മഹാസഖ്യം രൂപീകരിക്കാനുള്ള സാധ്യത കുറവ്. എന്നാല്‍, 20 ശതമാനത്തിലേറെ വോട്ടുനേടിയ പൊഡെമോസിന് മറ്റ് കക്ഷികളുടെ പിന്തുണയോടെ സഖ്യം രൂപീകരിക്കാനാകും. സിയുഡാഡനോസുമായും സഖ്യസാധ്യതയുണ്ട്. സോഷ്യലിസ്റ്റുകള്‍ക്ക് പൊഡെമോസിനെ പിന്തുണയ്ക്കുകയുമാകാം.

വലതുപക്ഷ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍നയത്തിനെതിരെ പൊരുതി ഉയര്‍ന്നുവന്ന പൊഡെമോസും സിയുഡാഡനോസും കൂടി മൂന്നിലൊന്ന് സീറ്റ് കരസ്ഥമാക്കിയതോടെയാണ് പരമ്പരാഗതകക്ഷികള്‍ക്ക് തിരിച്ചടിയേറ്റത്. മൂന്നു പതിറ്റാണ്ടിലേറെയായി പോപ്പുലര്‍ പാര്‍ടിയും സോഷ്യലിസ്റ്റുകളുമാണ് മാറിമാറി ഭരിച്ചത്. ഈ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണെന്നും സ്പെയിന്‍ ഇനി പഴയതുപോലെ ആകില്ലെന്നും പൊഡെമോസ് നേതാവ് പാബ്ളോ ഇഗ്ളേഷ്യാസ് പറഞ്ഞു. സ്പെയിന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉലയുന്ന കാലഘട്ടത്തിലാണ് പൊഡെമോസ് പുതിയ ജനകീയപ്രസ്ഥാനമായത്.

യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന് വഴങ്ങിയുള്ള ചെലവുചുരുക്കല്‍ നയങ്ങളും അഴിമതിയുമാണ് പോപ്പുലര്‍ പാര്‍ടി സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് അകറ്റിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തേക്കാള്‍ ദരിദ്രരാണ് സാധാരണക്കാര്‍. തൊഴിലില്ലായ്മ  യൂറോപ്യന്‍ യൂണിയനിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായ 21 ശതമാനമായി ഉയര്‍ന്നു. ഗ്രീസാണ് ഒന്നാമത്. ജനവിരുദ്ധ നടപടികള്‍ തന്റെ സര്‍ക്കാരിന് സ്വീകരിക്കേണ്ടിവന്നെന്ന് രസോയ് സമ്മതിച്ചു. സഖ്യചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് പറഞ്ഞു.

ഗ്രീസിലെ ഇടതുപക്ഷ പ്രധാനമന്ത്രി അലക്സി സിപ്രാസ് പൊഡെമോസിനെ അഭിനന്ദിച്ചു. സ്പെയിനില്‍ ചെലവുചുരുക്കല്‍നയം രാഷ്ട്രീയമായി പരാജയപ്പെട്ടെന്ന് സിപ്രാസ് പറഞ്ഞു. യൂറോപ്പ് മാറുന്നുവെന്നതിന്റെ സൂചനയാണ് ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീസിലും ചെലവുചുരുക്കല്‍ നയത്തിനെതിരെ പൊരുതിമുന്നേറിയാണ് സിറിസ പാര്‍ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സ്പെയിനില്‍ പൊഡെമോസിന്റെ സഖ്യകക്ഷിയാണ് സിറിസ.

സ്പാനിഷ് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ എല്ലാ കക്ഷികളോടും ആശയവിനിമയം നടത്തിയശേഷം ഫിലിപ്പെ ആറാമന്‍  രാജാവാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കുന്നത്. ജനുവരി 13ന് പുതിയ സഭ സമ്മേളിച്ചശേഷമാകും ഈ പ്രക്രിയ നടക്കുക. രാജാവ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടണം. അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ രാജാവ് വീണ്ടും നിര്‍ദേശിക്കും. രണ്ടുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ വിമാനം തകര്‍ന്ന് 10 മരണം

Plane crash


ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ ടേക്ക് ഓഫിനിടെ ഭിത്തിയിലിടിച്ച വിമാനം തകരുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതിനാല്‍ പറന്നുയരുന്നതിനിടെ കെട്ടിടത്തിലും മതിലിലുമായി ഇടിച്ച് തീപിടിക്കുകയായിരുന്നു.

വിമാനത്തില്‍ 3 ഡെപ്യൂട്ടി കമാന്‍ഡന്‍മാരും ഏഴ് ടെക്നിക്കല്‍ സ്റ്റാഫും അടക്കം പത്ത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായാണ് വിവരം. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വ്യോമയാമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9.50 ഓടെയായിരുന്നു അപകടം. ബിഎസ്എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം.

ബിജെപി പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ്‌ വിവാദമാകുന്നു...

Kummanam


പത്തനംതിട്ട : അടൂരില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരകളായ വിദ്യാര്‍ഥിനികളുടെ വീട് സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫെയ്സ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തു. ബീച്ച് കാണിക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപെട്ട ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിച്ചാണ് കുമ്മനം രാജശേഖരന്‍ തന്റെ ഫെയ്സ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. 'കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികളില്‍ ഒരാളായ ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിക്കുന്നു'. എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് കുമ്മനം പോസ്റ്റ് ചെയ്തത്.

ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പമാണ് കുമ്മനം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപരമായ അക്രമണങ്ങള്‍ക്കെതിരെ  2012 ല്‍ നിലവില്‍ വന്ന നിയമത്തിലെ സെക്ഷന്‍ 23(2) പ്രകാരം ഇരയെ പൊതുസമൂഹത്തിന് തിരിച്ചറിയത്തക്കമുള്ള ചിത്രമോ, വിലാസമോ, കുടംബപരമായ വിവരങ്ങളോ, വാര്‍ത്തകളോ, പ്രസിദ്ധീകരിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് കുമ്മനത്തിന്റെ പ്രവൃത്തി.

Monday, 21 December 2015

കണ്ണൂരിൽ ബോംബ്‌ പൊട്ടിത്തെറിച്ചു കോണ്‍ഗ്രസ്‌ പ്രവർത്തകൻ മരിച്ചു

Bomb Blast


കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ആർഎസ്എസ് ശക്തികേന്ദ്രത്തിൽ പറമ്പിൽ പണിയെടുക്കുന്നതിനിടെ ബോംബ്‌ പൊട്ടിത്തെറിച്ചു കോണ്‍ഗ്രസ്‌ പ്രവർത്തകൻ മരിച്ചു. പുതിയാണ്ടി സ്വദേശി സജീവനാണ് മരിച്ചത്. ധർമ്മടം വട്ടക്കല്ലിലാണ് സ്പോടനം ഉണ്ടായത്. പുരയിടത്തിൽ കുഴിയെടുക്കുകയായിരുന്നു സജീവൻ. ഇതിനിടയിൽ ബോംബ്‌ പൊട്ടുകയായിരുന്നു.

തിരിച്ചു വരവറിയിച്ച് ഇന്നസെന്റ് എംപി..



ന്യൂഡല്‍ഹി: വല്ലവന്റെയും അടുക്കളയില്‍ എന്തുണ്ടാക്കുന്നു, എന്തുകഴിക്കുന്നുവെന്ന് നോക്കുകയല്ല അതിലും വലിയ കാര്യങ്ങള്‍ നമ്മള്‍ക്ക് ചെയ്യാനുണ്ട്.–ഇന്നസെന്റ് ലോക്സഭയില്‍ പറഞ്ഞു. ആശുപത്രികളിലെ ചൂഷണത്തെപ്പറ്റി ലോക്സഭയുടെ ശ്രദ്ധക്ഷണിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ പരാമര്‍ശം. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്.  ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാനാണ് നമ്മളെ  ഇങ്ങോട്ട് പറഞ്ഞുവിടുന്നത്. അതിനു നമ്മള്‍ പ്രധാന്യം നല്‍കണം– ഇന്നസെന്റ് ലോക്സഭയില്‍ പറഞ്ഞു.

 ഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരുടെമേല്‍ ആശുപത്രികള്‍ നടത്തുന്ന ചൂഷണം നിര്‍ത്തണം. മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരമുണ്ടോയെന്ന് ഉറപ്പുവരുത്തണം. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വില ഇടാക്കുന്നു. എല്ലാവര്‍ക്കും ആവശ്യമായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു. രണ്ടാമതും കാന്‍സര്‍ രോഗബാധിതനായ അദ്ദേഹം അടുത്തിടെയാണ് രോഗമുക്തനായത്.

കേരളത്തിലെ ബി ജെ പിയ്ക്ക് ഇനി ആര്‍ എസ് എസിന്‍റെ ശബ്ദമായിരിക്കും


കേരളത്തിലെ ബി ജെ പിയ്ക്ക് ഇനി ആര്‍ എസ് എസിന്‍റെ ശബ്ദമായിരിക്കും. അതുകൊണ്ടാണ് അവര്‍ ആര്‍ എസ് എസ് പ്രചാരകനായ വ്യക്തിയെ ബി ജെ പി അധ്യക്ഷന്‍ ആക്കിയിരിക്കുന്നത്. കണ്ണൂരില്‍ സംഘടിപ്പിച്ച ആര്‍ എസ് എസ് ബൈഠകിലെ തീരുമാനങ്ങള്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇത്. തീവ്ര ഹിന്ദ്വുത്വ നിലപാടിലേക്കാണ് സംസ്ഥാനത്തെ ബി ജെ പി പോകുന്നത്. ക്ഷേത്രങ്ങള്‍ ആര്‍ എസ് എസ് വല്‍ക്കരിക്കുക, ക്ഷേത്ര പരിസരങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുക എന്നാ ലക്ഷ്യമാണ് ആര്‍ എസ് എസ് ബൈഠക് മുന്നോട്ട് വെക്കുന്നതില്‍ ഒന്ന്. ഇതിനുവേണ്ടിയുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്ന് മനസിലാക്കാന്‍ സാധിക്കുന്ന പ്രസ്താവനയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തുകൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തിയത്‌. മത നിരപേക്ഷത നിലനില്‍ക്കുന്ന കേരളത്തില്‍ പതിനായിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവയുടെ പരിസരങ്ങളില്‍ ജാതിയും മതവും നോക്കിയല്ല ജനങ്ങള്‍ അധിവസിക്കുന്നത്. എന്നാല്‍, ക്ഷേത്ര പരിസരങ്ങളില്‍ അന്യമത വിഭാഗങ്ങളില്‍ പെട്ടവര്‍ കച്ചവടം ചെയ്യാന്‍ പാടില്ലെന്നും താമസിക്കാന്‍ പാടില്ലെന്നും ബി ജെ പി നിലപാട് സ്വീകരിക്കുന്നത്, കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാന്‍ വേണ്ടിയാണ്. ശബരിമല ദര്‍ശനം പൂര്‍ണമാവണമെങ്കില്‍ വാവരെ കൂടി വണങ്ങണം എന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് വിശ്വാസികള്‍ കേരളത്തിലേക്ക്‌ വരുന്നുണ്ട്. തിരുവനന്തപുരത്തെ പാളയം മുസ്ലീം പള്ളിയോട് ഉരുമ്മിയാണ് ഹിന്ദു ക്ഷേത്രം കുടി കൊള്ളുന്നത്. തൊട്ടടുത്ത്‌ തന്നെ കൃസ്ത്യന്‍ ദേവാലയവും കാണാം. അവിടെ വിവിധ മതത്തിലുള്ളവര്‍ കച്ചവടം ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ നിരവധി പ്രദേശങ്ങള്‍ ഉള്ള കേരളത്തില്‍ ആര്‍ എസ് എസിന്‍റെ ഈ നീക്കം മത സാഹോദര്യം തകര്‍ത്ത്, കേരളത്തെ ഗുജറാത്ത്‌ ആക്കിമാറ്റാനുള്ള പരിപാടിയുടെ ഭാഗമാണ്. വര്‍ഗീയ ഭ്രാന്ത്‌ ചുരത്തുന്ന ആര്‍ എസ് എസിന്‍റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം.

Saturday, 19 December 2015

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് : ഇടുക്കിയില്‍ 450 പേര്‍ക്ക് ജപ്തി നോട്ടീസ്

Micro finance


ഇടുക്കി: ഇടുക്കിയിലെ വിവിധ യൂണിയനുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ചെയ്ത സംഘങ്ങളുടെ പേരില്‍ എസ്്എന്‍ഡിപി നേതാക്കള്‍ മൂന്ന് കോടിയിലധികം രൂപ തട്ടിയ സംഭവത്തില്‍ സംഘാംഗങ്ങള്‍ക്കെതിരെ വീണ്ടും ജപ്തിനോട്ടീസ്. യൂണിയനില്‍ പണം അടച്ച പാവങ്ങള്‍ നെട്ടോട്ടത്തിലായിട്ടും മുന്‍ ഭരണസമിതികളെ പഴിചാരി കൈമലര്‍ത്തുകയാണ് അധികൃതര്‍. മുമ്പ് നൂറിലധികംപേര്‍ക്ക് റവന്യു റിക്കവറി നോട്ടീസ് ലഭിച്ചിരുന്നു.

നടപടി വന്നവരില്‍ കൂടുതലും അടിമാലി യൂണിയന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബയൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവ വഴി വായ്പയെടുത്തവരാണ്. ഇരുനൂറോളം  സംഘങ്ങളിലെ 2000ലേറെ ആളുകളുടെ പേരിലാണ് തട്ടിപ്പ്. ഇതിനകം 450ഓളം സംഘാംഗങ്ങള്‍ക്കെതിരെ ജപ്തി നോട്ടീസെത്തി. ബാങ്ക്– റവന്യൂ അധികൃതര്‍ ശക്തമായ നടപടിയുമായി പോകുമ്പോള്‍ കോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങാനാണ് യൂണിയന്‍ നേതാക്കളുടെ നിര്‍ദേശം. ഇതിനായി യൂണിയനുമായി ബന്ധമുള്ള അഭിഭാഷകരെ ചുമതലപ്പെടുത്തി. പൊലീസില്‍ പരാതി വരാതിരിക്കാന്‍ അംഗങ്ങളെ സ്വാധീനിക്കുന്നുണ്ട്. 2006–2007 വര്‍ഷം മുതല്‍ അടിമാലി എസ്ബിഐ ശാഖവഴിയാണ് മൂന്ന് കോടിയോളം രൂപ സംഘങ്ങള്‍ക്ക് നല്‍കിയത്. എസ്ബിഐ ബ്രാഞ്ചില്‍നിന്ന് മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരം സംഘാംഗങ്ങള്‍ക്ക് വിതരണംചെയ്ത വായ്പ നേതാക്കള്‍ തിരിമറി നടത്തുകയായിരുന്നു.

വനിതാസംഘങ്ങള്‍ക്ക് പുറമെ ചെമ്പഴന്തി എസ്എച്ച്ജി, കുമാരനാശാന്‍, ഡോ. പല്‍പ്പു, ഗുരുജ്യോതി, ആര്‍ ശങ്കര്‍, ടി കെ മാധവന്‍ എന്നിങ്ങനെ നവോത്ഥാന നായകരുടെയും എസ്എന്‍ഡിപി ആദ്യകാല നേതാക്കളുടെയും ഒക്കെ പേരിലാണ് സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്ത് തട്ടിപ്പ് നടത്തിയത്. സംഘങ്ങള്‍ക്ക് അനുവദിച്ച തുക അംഗങ്ങള്‍ക്ക് നല്‍കാതെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തിട്ടുണ്ട്. ചില സംഘങ്ങളും സംഘാംഗങ്ങളും യൂണിയനുകളില്‍ അടച്ചതുക ബാങ്കില്‍ എത്തിയില്ല. വായ്പതുക കുടിശിക ഉള്‍പ്പടെ യൂണിയന്‍ ഓഫീസില്‍ അടച്ചതായി വായ്പക്കാര്‍ പറയുന്നുണ്ടെങ്കിലും തുക ബാങ്കില്‍ എത്തിയിട്ടില്ല. തുടര്‍ന്ന് ബാങ്ക് പലതവണ വായ്പക്കാര്‍ക്ക് നോട്ടീസ് അയച്ച ശേഷമാണ് റവന്യു റിക്കവറിക്കായി റവന്യു വകുപ്പിന് കൈമാറിയത്.

ഉടുമ്പന്‍ചോല രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തന്‍പ്പാറ, കാന്തിപ്പാറ, വെള്ളത്തൂവല്‍, അടിമാലി വില്ലേജുകളുടെ പരിധിയില്‍ വരുന്ന 350ലേറെ പേര്‍ക്കാണ് റവന്യു റിക്കവറി വിഭാഗം 12014/4645/6 നമ്പര്‍ ഉത്തരവ് പ്രകാരം വീണ്ടും ജ്പതി നടപടിക്ക് നീക്കങ്ങളാരംഭിച്ചത്. മുന്‍ ഭരണസമിതിയാണ് കാരണക്കാരെന്നും അവരില്‍നിന്ന് പണം ഈടാക്കാന്‍ കേസ് നടക്കുകയാണെന്നുമാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ പറയുന്നത്. അംഗങ്ങള്‍ നല്‍കിയ പണം എപ്പോള്‍ ബാങ്കില്‍ അടച്ച് ജപ്തി നടപടികളില്‍നിന്നും ഒഴിവാക്കുമെന്നത് സംബന്ധിച്ച് നിലവിലെ ഭാരവാഹികള്‍ക്ക് മറുപടിയില്ല.

1,14,29,386 രൂപ തട്ടിപ്പ് നടത്തിയതിന് അടിമാലി മുന്‍യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു. പിന്നീട്  പ്രതികള്‍ കോടതിയില്‍നിന്നും ജാമ്യംനേടി. വിശ്വാസവഞ്ചന, ചതി, പണാപഹരണം, ഗൂഢാലോചന, കണക്കുകളില്‍ കൃത്രിമം, സംഘങ്ങളും അംഗങ്ങളും നല്‍കിയ തുക അപഹരിക്കല്‍  എന്നിവയ്ക്കെതിരെ സെക്ഷന്‍ 120ബി, 406, 420, 465, 471, ഐപിസി 34 വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്.നടപടി പൂര്‍ത്തിയാക്കി വധിയാകാന്‍ വര്‍ഷങ്ങളെടുക്കും.  ഇവരില്‍നിന്ന് തുക ഈടാക്കി ജപ്തിനടപടികളില്‍നിന്ന് മോചിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു.

ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ഉജ്വല മാര്‍ച്ച്

Ramesh Chennithala


ആലപ്പുഴ: പൊലീസ് നിയമനത്തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വിജിലന്‍സിനെ ദുരുപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ബഹുജനങ്ങള്‍ മാര്‍ച്ച്ചെയ്തു. ഹരിപ്പാട് കച്ചേരിമുക്കില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ക്യാമ്പ് ഓഫീസിനുമുന്നില്‍ മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ടൌണ്‍ഹാള്‍ ജങ്ഷനില്‍ ധര്‍ണ നടത്തി.

ഹരിപ്പാട് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പൊലീസ് നിയമന തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെയും ഓഫീസിന്റെയും അടക്കം പങ്ക് പുറത്തുവന്നിരുന്നു. ഈ കേസിലെ പ്രതി ഇതുസംബന്ധിച്ച് ഹരിപ്പാട് കോടതിയില്‍ 164 വകുപ്പ് പ്രകാരം മജിസ്ട്രേട്ടിന് മൊഴി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ പങ്കും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ഈ ഓഫീസിലെത്തിയതും അടക്കം ഈ മൊഴിയിലുണ്ട്. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവരെ അറസ്റ്റ്ചെയ്തിരുന്നു.
ഇതില്‍നിന്ന് ശ്രദ്ധതിരിക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സിനെ ദുരുപയോഗിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരന്റെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ ജില്ലയിലെ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് നീക്കം. ഈ സ്ഥാപനങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റൈ കാലത്ത് നിയമപ്രകാരം ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി നിയമിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ഇതിനായി വിജിലന്‍സിനെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നു. അന്വേഷണമെന്ന പേരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വനിതാ ജീവനക്കാരെ അടക്കം അധിക്ഷേപിക്കുന്ന വിധത്തില്‍ ചോദ്യംചെയ്യുന്നു.

ഇത്തരം പുകമറ സൃഷ്ടിച്ച് ആഭ്യന്തരമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍നിന്ന് രക്ഷപ്പെടാനും എല്‍ഡിഎഫിനെ മോശപ്പെടുത്താനും വിജിലന്‍സിനെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ അലയടിച്ചത്.

ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. ജി സുധാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം എം സത്യപാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ദേവകുമാര്‍, എം സുരേന്ദ്രന്‍,  അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ ഓമനക്കുട്ടന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷാ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം സ്വാഗതവും കേപ്പ് കോണ്‍ട്രാക്ട് എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറി എസ് കെ സാബു നന്ദിയും പറഞ്ഞു.